സമസ്ത മലപ്പുറം ജില്ലാ മുശാവറ അംഗം ഹാജി എം. സുലൈമാന്‍ ഫൈസി മാളിയേക്കല്‍ അന്തരിച്ചു
കാളികാവ്: സമസ്ത മലപ്പുറം ജില്ലാ മുശാവറ അംഗവും പ്രമുഖ പണ്ഡിതനുമായ ഹാജി എം. സുലൈമാന്‍ ഫൈസി മാളിയേക്കല്‍ (70) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാത്രി ഒന്‍പതരയോടെയാണ് മരിച്ചത്.
കിഴക്കന്‍ ഏറനാട്ടില്‍ മതവൈജ്ഞാനിക മുന്നേറ്റങ്ങള്‍ക്കു നേതൃത്വം നല്‍കിയ പ്രമുഖ വ്യക്തിത്വമായിരുന്നു അദ്ദേഹം. സമസ്ത നിലമ്പൂര്‍ താലൂക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ്, അടക്കാകുണ്ട് ഹിമ കെയര്‍ഹോം ഡയറക്ടര്‍, കാളികാവ് വാഫി കോളജ് ജീറാന്‍ കമ്മിറ്റി, ദാറുന്നജാത്ത് കരുവാരകുണ്ട്, നിലമ്പൂര്‍ മര്‍കസ്, പൂക്കോട്ടുംപാടം യമാനിയ്യ കമ്മിറ്റികളില്‍ അംഗം, മാളിയക്കല്‍ ജുമുഅത്ത് പള്ളി കമ്മിറ്റി, മാളിയക്കല്‍ റഫീഖുല്‍ ഇസ്‌ലാം മദ്‌റസാ കമ്മിറ്റി എന്നിവയുടെ മുന്‍ പ്രസിഡന്റ്, തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
മാളിയേക്കല്‍, വാഴക്കാട്, പൊട്ടച്ചിറ അന്‍വരിയ്യ, മലപ്പുറം പൊടിയാട്, പട്ടിക്കാട് ജാമിഅ നൂരിയ്യ എന്നിവിടങ്ങളിലായിരുന്നു പഠനം. മാലൂര്‍, പാലോട്ട്പള്ളി, നടക്കാവ്, കാളികാവ്, ഗൂഡല്ലൂര്‍, കണ്ണൂക്കര എന്നിവിടങ്ങളില്‍ ഖാസിയായും മുദരിസായും സേവനമനുഷ്ഠിച്ചു. മര്‍ഹൂം പുഴക്കല്‍ മുഹമ്മദ് മുസ്‌ലിയാര്‍, കെ.കെ അബൂബക്കര്‍ ഹസ്‌റത്ത്, സമസ്ത കേന്ദ്ര മുശാവറ അംഗം ഒ. മുഹമ്മദ് എന്ന കുട്ടി മുസ്‌ലിയാര്‍ എന്നിവരാണ് പ്രധാന ഗുരുവര്യന്മാര്‍.
ഒ. മുഹമ്മദ് എന്ന കുട്ടി മുസ്‌ലിയാരുടെ പുത്രിയും അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവിന്റെ സഹോദരിയുമായ ആഇശയാണ് ഭാര്യ. മക്കള്‍: മുഹമ്മദ് ബശീര്‍ ഫൈസി, ശാഹിദ, ആരിഫ, ശാക്കിറ, അല്‍ത്വാഫ് ഹിബത്തുല്ല, ജൗഹറ. മരുക്കള്‍. അബ്ബാസ് ബാഖവി ചാഴിയോട് (ഖാസി കൊടശ്ശേരി), റുഖിയ്യ അരിപ്ര, ഇസ്മാഈല്‍ ഹുദവി കോടങ്ങാട്, അബ്ദുല്‍ ഹമീദ് ഫൈസി എളങ്കൂര്‍, ഫള്‌ലുറഹ്മാന്‍ അന്‍വരി മൂത്തേടം, സല്‍വ നസ്‌റിന്‍. മയ്യിത്ത് നിസ്‌കാരം ഇന്ന് ഉച്ചക്ക് ഒന്നിന് മാളിയേക്കല്‍ ജുമാമസ്ജിദില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."