വിദ്വേഷത്തിന്റെ വിഷം ചീറ്റല്‍
കഴിഞ്ഞതവണ വീണ്ടുവിചാരം എഴുതിയത് പറഞ്ഞറിയിക്കാനാവാത്ത നിര്‍വൃതിയോടെയായിരുന്നു. സ്വന്തം വീട്ടിലെ പൂജാമുറി മുസ്‌ലിം സഹോദരങ്ങള്‍ക്കു നിസ്‌കരിക്കാനായി തുറന്നുകൊടുത്ത, തനിക്കൊരു സുഹൃത്തു സമ്മാനിച്ച ഖുര്‍ആന്‍ ആവേശത്തോടെ വായിക്കുകയും പൊന്നുപോലെ സൂക്ഷിച്ചുവയ്ക്കുകയും ചെയ്ത മനുഷ്യസ്‌നേഹികളെക്കുറിച്ചായിരുന്നു പൂജാമുറിയിലെ നിസ്‌കാരം എന്ന ആ കുറിപ്പ്.
മറ്റാരും അറിയാതെ കിടന്ന ആ നന്മ പുറംലോകത്ത് എത്തിച്ചതിന് നൂറുകണക്കിനാളുകള്‍ അഭിനന്ദനം അറിയിച്ചു. ആ നല്ല വാക്കുകള്‍ നല്‍കിയ സന്തോഷത്തിലിരിക്കുമ്പോഴാണ് മനസിനെ ആകെ പിടിച്ചുലച്ച ഒരു സന്ദേശം മുന്നിലെത്തുന്നത്. വീണ്ടുവിചാരത്തിലെഴുതിയ കാര്യങ്ങളുടെ ദൃശ്യാവിഷ്‌കാരം യൂട്യൂബ് വഴി പുറത്തുവിട്ടിരുന്നു. അതിന്റെ ലിങ്ക് പലര്‍ക്കും അയച്ചുകൊടുക്കുകയും ചെയ്തു. അതു കിട്ടിയ ഒരാളാണ് ആ വാട്‌സ്ആപ്പ് സന്ദേശം അയച്ചിരിക്കുന്നത്.
ആ സന്ദേശം തുടങ്ങുന്നത് ഇങ്ങനെയാണ്: 'ഞാന്‍ താങ്കളുടെ ഈ ഭാഷണം ഓപണ്‍ ചെയ്യുന്നില്ല. താങ്കള്‍ എന്താണ് പറയുക എന്നെനിക്ക് ഊഹിക്കാനാവും'.
ഞാന്‍ തയാറാക്കിയ ദൃശ്യാവിഷ്‌കാരം അദ്ദേഹം കണ്ടില്ലെന്നതായിരുന്നില്ല എന്നെ വിഷമിപ്പിച്ച കാര്യം. അതു വ്യക്തിപരമായ ഇഷ്ടാനിഷ്ടത്തില്‍ പെടുന്നതാണ്. ഓരോരുത്തര്‍ക്കും താല്‍പര്യമനുസരിച്ച് ഇത്തരം കാര്യങ്ങള്‍ കാണുകയോ അവഗണിക്കുകയോ ചെയ്യാം. അക്കാര്യം പരസ്യമായി പറയുകയുമാവാം.
അദ്ദേഹം പ്രകടിപ്പിച്ചത് ആ വ്യക്തിസ്വാതന്ത്ര്യമായിരുന്നില്ല. അതിനു പകരം, തന്റെ നീണ്ട കുറിപ്പിലുടനീളം ഇസ്‌ലാമിനെതിരേ കാളകൂടവിഷം ചീറ്റുകയായിരുന്നു. അതിലെഴുതിയ പല വാക്കുകളും ഇവിടെ പകര്‍ത്താന്‍ എന്റെ സംസ്‌കാരം അനുവദിക്കുന്നില്ല. അത്രയും നീചമായ മനോഭാവത്തോടെയാണ് അമാന്യമായ വാക്കുകളുപയോഗിച്ച് ആ മനുഷ്യന്‍ കലിതുള്ളിയത്.
ലോകത്തിലെ ഏറ്റവും വിധ്വംസകവും ഭീകരവുമായ മതമാണ് ഇസ്‌ലാം എന്നു സ്ഥാപിക്കാനുള്ള വ്യഗ്രതയിലായിരുന്നു ആ മനുഷ്യന്‍. '33 കോടി ദൈവങ്ങളില്‍ വിശ്വസിക്കുന്നവരുടെ നാട്ടില്‍ അല്ലാഹുവല്ലാതെ മറ്റൊരു ദൈവമില്ലെന്നു അഞ്ചുനേരം ബാങ്കുവിളിയിലൂടെ പ്രഖ്യാപിക്കുന്ന, ജോസഫ് മാഷെ കൈവെട്ടിയ, ഫ്രാന്‍സില്‍ തലയറുത്ത' .... എന്നു തുടങ്ങി കലിയടങ്ങാതെ അദ്ദേഹം പലതും പറയുന്നുണ്ട്. അത്തരമൊരു മതത്തെ അനുകൂലിക്കുന്ന ആള്‍ എന്ന നിലയിലാണ് അദ്ദേഹത്തിന് എന്നോടു കലിപ്പ്. അതുകൊണ്ടാണ് ഞാന്‍ എഴുതിയ, എന്റെ വിഡിയോയില്‍ പറഞ്ഞ വാക്കുകള്‍ക്ക് അദ്ദേഹം ചെവി കൊടുക്കാന്‍ തയാറാവാത്തത്.
ഇത്രയും കേള്‍ക്കുമ്പോള്‍ ഇദ്ദേഹം ഹിന്ദുത്വ തീവ്രവാദിയാണെന്നു തോന്നാം. അതാണെന്നു തന്നെ സംശയിക്കേണ്ടി വരുമെങ്കിലും അദ്ദേഹം തന്നെ പരിചയപ്പെടുത്തുന്ന വാക്കുകള്‍ ഇങ്ങനെയാണ്: 'ജന്മനാ ഞാനൊരു ഹിന്ദുവാണെങ്കിലും ഞാനൊരു മത/ ഈശ്വര/ ആചാര വിശ്വാസിയല്ല. വെറുപ്പിന്റെ മതരാഷ്ട്രീയമാണ് ഹിന്ദു. വെറുപ്പിന്റെ പ്രചാരകരാണ് ക്രൈസ്തവര്‍' എന്നും അദ്ദേഹം പറയുന്നുണ്ട്. താന്‍ ഒരു കമ്യൂണിസ്റ്റാണ് എന്നും പറയുന്നുണ്ട്. എങ്കിലും ഇസ്‌ലാമിനെതിരേയുള്ള ആക്രോശത്തിനിടയില്‍ ഇസ്‌ലാം പ്രീണനം നടത്തുന്നതിന്റെ പേരില്‍ എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും ബി.ജെ.പിയെപ്പോലും ഇദ്ദേഹം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നുണ്ട്. അതിനര്‍ഥം അദ്ദേഹം അങ്ങേയറ്റത്തെ വര്‍ഗീയവിരോധം മനസില്‍ വച്ചു പുലര്‍ത്തുന്നയാളാണെന്നു തന്നെയല്ലേ.
താനൊരു മുസ്‌ലിം വിരുദ്ധനല്ലെന്നു സ്ഥാപിക്കാനും അദ്ദേഹം ശ്രമിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ തന്നെ വാക്കുകള്‍ ഇവിടെ ഉദ്ധരിക്കാം: 'ഇതിനര്‍ഥം ഞാനൊരു മുസ്‌ലിം വിരുദ്ധനാണെന്നല്ല. എന്റെ അടുത്ത സുഹൃത്തുക്കള്‍, അയല്‍വാസികള്‍, ഞാന്‍ പുറംവേദന, പ്രമേഹം എന്നിവയ്ക്ക് വര്‍ഷങ്ങളായി കണ്‍സള്‍ട്ട് ചെയ്യുന്നവര്‍, എന്റെ സഖാക്കളായ റഹീം, ഷംസീര്‍, മുഹമ്മദ് റിയാസ് എല്ലാവരും എനിക്ക് പ്രിയപ്പെട്ടവരാണ്. സ്വാതന്ത്ര്യ സമര സേനാനികളായ ഖാന്‍ അബ്ദുള്‍ ഗഫാര്‍ ഖാന്‍, മൗലാന അബുല്‍കലാം ആസാദ്, മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്, വക്കം മൗലവി, ഇ. മൊയ്തു മൗലവി പിന്നെ, മലബാര്‍ കലാപത്തില്‍ പൊരുതിമരിച്ചവര്‍, വാഗണ്‍ ട്രാജഡിയില്‍ രക്തസാക്ഷികളായവര്‍, കയ്യൂര്‍ രക്തസാക്ഷി അബു, എനിക്ക് ഓര്‍മയില്ലാത്തതും അറിയാത്തതുമായ ഒട്ടനവധി മുസ്‌ലിം സ്വാതന്ത്ര്യസമര സേനാനികള്‍ എല്ലാവരേയും ഞാന്‍ ബഹുമാനിക്കുന്നു'.
ഈ വാക്കുകള്‍ക്കു തൊട്ടുപിന്നാലെ തികട്ടിവരുന്നു ഇസ്‌ലാമോഫോബിയ എന്ന കാളകൂടവിഷം. 'മദ്‌റസകളില്‍ മതാന്ധത വളര്‍ത്തുന്നു, സര്‍ക്കാര്‍ അംഗീകൃത മുസ്‌ലിം സ്‌കൂളുകളില്‍ ഇന്ത്യാ വിരുദ്ധത പഠിപ്പിക്കുന്നു, 2050 ആവുമ്പോഴേയ്ക്കും കേരളം ഇസ്‌ലാമിന്റെ ഭരണത്തിലാവുമെന്ന പ്രചരിപ്പിക്കുന്നു'.... തുടങ്ങി ഇസ്‌ലാമിനെതിരേ അദ്ദേഹത്തിന്റേതായ കണ്ടുപിടുത്തങ്ങള്‍ ഏറെയുണ്ട്. 'ചെങ്കിസ് ഖാനും ലോധിയും, തിമൂറും, മുഗള്‍വംശജരും ഭരിച്ചപ്പോള്‍ ഉള്ള ഇസ്‌ലാമല്ല ഇപ്പോള്‍' എന്നാണ് അദ്ദേഹത്തിന്റെ ആരോപണം. അതുകൊണ്ടാണത്രേ അദ്ദേഹത്തിന് ഇത്ര വെറുപ്പ്.
ഈ മനുഷ്യന് ഇസ്‌ലാമിനെക്കുറിച്ചെന്നല്ല ഒരു മതത്തെക്കുറിച്ചും ഒരു ചുക്കും അറിയില്ലെന്നു വ്യക്തമാക്കുന്ന വാക്കുകള്‍ അദ്ദേഹത്തിന്റെ തലച്ചോറില്‍ നിന്നു ആ കുറിപ്പിലേയ്ക്കു പുറത്തുചാടി. ഖുര്‍ആന്‍ പണിപ്പെട്ട് വായിക്കാന്‍ ശ്രമിച്ചെങ്കിലും പൂര്‍ത്തിയാക്കാനായിട്ടില്ല എന്നാണ് അദ്ദേഹം പറയുന്നത്. വായിക്കാതെ എങ്ങനെയാണ് വിലയിരുത്താന്‍ കഴിയുക.
വളരെ സ്‌നേഹസമ്പന്നരായ ഏറെ മുസ്‌ലിം സുഹൃത്തുക്കള്‍ ഉണ്ട് എന്ന് അവകാശപ്പെടുന്ന അദ്ദേഹം അവരെങ്ങനെ ഇസ്‌ലാമില്‍ വിശ്വസിക്കുന്നു എന്നു കണ്ടെത്താനെങ്കിലും ഖുര്‍ആന്‍ വായിക്കേണ്ടിയിരുന്നില്ലേ. അങ്ങനെ വായിച്ചു തുടങ്ങുകയും അനേകം തവണ ആവര്‍ത്തിച്ചു വായിക്കുകയും ചെയ്ത ഒരാളാണു ഞാന്‍. അപ്പോഴൊക്കെ ഇസ്‌ലാമിലെ നന്മയേ മനസിലേയ്ക്കു കടന്നുവന്നിട്ടുള്ളൂ.
അതേ മനോഭാവത്തോടെ ഹിന്ദു, ക്രിസ്ത്യന്‍, ബുദ്ധ, ജൈന, സിക്ക് മതങ്ങളെ പഠിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അപ്പോഴൊക്കെ മതാതീതമായ സാഹോദര്യഭാവമാണ് മനസില്‍ നിറഞ്ഞുനിന്നത്.
എല്ലാവരും എല്ലാ മതങ്ങളെയും സമബുദ്ധിയോടെയും സമഭക്തിയോടെയും പഠിക്കാന്‍ ശ്രമിച്ചാല്‍ മതങ്ങളുടെ പേരിലുള്ള ഭ്രാന്തമായ വൈരം ഉണ്ടാകില്ല എന്നു ശ്രീനാരായണഗുരു പറഞ്ഞിട്ടുണ്ട്. മതവിരോധിയും ദൈവനിഷേധിയുമായ സഹോദരന്‍ അയ്യപ്പനെപ്പോലും പ്രിയശിഷ്യനാക്കിയിരുന്നു ശ്രീനാരായണ ഗുരു.
ഓരോരുത്തര്‍ക്കും തനിക്ക് ഇഷ്ടപ്പെട്ട മതങ്ങളില്‍ വിശ്വസിക്കാം. ആ വിശ്വാസം മുറുകെ പിടിച്ചുതന്നെ അന്യന്റെ വിശ്വാസത്തെ അപഹസിക്കാതിരിക്കാന്‍ പഠിക്കണം. അപ്പോഴേ മനുഷ്യരൂപത്തിലുള്ള മൃഗത്തില്‍ നിന്നു യഥാര്‍ഥ മനുഷ്യനായി മാറാന്‍ കഴിയൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."