സി.എഫ് തോമസും ജോസഫിനൊപ്പം
തിരുനന്തപുരം: ജോസ് കെ. മാണിയെ കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനായി ഒരുവിഭാഗം തെരഞ്ഞെടുത്തതിനുപിന്നാലെ നിലപാട് കടുപ്പിച്ച് പി.ജെ ജോസഫ്.
പാര്‍ട്ടിയുടെ മുന്‍ ചെയര്‍മാനും മുതിര്‍ന്ന നേതാവുമായ സി.എഫ് തോമസിന്റെ പിന്തുണ കൂടി പി.ജെ ജോസഫ് പക്ഷത്തിന് ലഭിച്ചതോടെ അവര്‍ കൂടുതല്‍ കരുത്തരായിട്ടുണ്ട്. കഴിഞ്ഞദിവസം നിഷ്പക്ഷത പാലിച്ചിരുന്ന സി.എഫ് തോമസ് ഇന്നലെയാണ് നിലപാട് വ്യക്തമാക്കിയത്. ഇന്നലെ പി.ജെ ജോസഫ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തശേഷം അദ്ദേഹം തന്റെ തീരുമാനം ജോസഫിനൊപ്പം പരസ്യമായി പ്രഖ്യാപിക്കുകയായിരുന്നു.
താനെന്നും കേരള കോണ്‍ഗ്രസ് എമ്മിന് ഒപ്പമാണ്. ആ കേരള കോണ്‍ഗ്രസിന്റെ വര്‍ക്കിങ് ചെയര്‍മാനാണ് പി.ജെ ജോസഫെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ എം.എല്‍.എ ഹോസ്റ്റലിലെ പി.ജെ ജോസഫിന്റെ മുറിയിലായിരുന്നു യോഗം. സി.എഫ് തോമസ് കൂടി ജോസഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ നിയമസഭയില്‍ ജോസഫ് പക്ഷത്തിന് മൂന്ന് എം.എല്‍.എമാരുടെ പിന്തുണയായി. ഇതോടെ നിയമസഭയിലെ ഭൂരിപക്ഷം ജോസഫ് പക്ഷത്തിനായി. മറുപക്ഷത്ത് നിലവില്‍ റോഷി അഗസ്റ്റിനും ഡോ. എന്‍. ജയരാജും മാത്രമാണുള്ളത്.
യോഗത്തില്‍ സി.എഫ് തോമസിനെ കൂടാതെ തോമസ് ഉണ്ണിയാടന്‍, ജോയി എബ്രഹാം, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കൊട്ടാരക്കര പൊന്നച്ചന്‍, മുതിര്‍ന്ന നേതാവായ അറയ്ക്കല്‍ ബാലകൃഷ്ണപിള്ള തുടങ്ങിയവരും പങ്കെടുത്തു. കഴിഞ്ഞദിവസം നടന്നത് വെറും ഫാന്‍സ് അസോസിയേഷന്റെ പ്രകടനം മാത്രമാണെന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്തി മുന്നോട്ടുപോകണമെന്നും യോഗത്തില്‍ ധാരണയായി. യാതൊരു നടപടിക്രമങ്ങളും പാലിക്കാതെയായിരുന്നു കഴിഞ്ഞദിവസത്തെ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിന് പത്തുദിവസം മുന്‍പ് നോട്ടിസ് നല്‍കണം. ഇത് പാലിച്ചില്ലെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. കഴിഞ്ഞദിവസം ഒരുവിഭാഗം കോട്ടയത്ത് യോഗം ചേര്‍ന്ന് ജോസ് കെ. മാണിയെ പാര്‍ട്ടി ചെയര്‍മാനായി തിരഞ്ഞെടുത്ത നടപടി നിയമപരമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനെ അടിയന്തരമായി അറിയിക്കാനും യോഗത്തില്‍ ധാരണയായി.
പാര്‍ട്ടി വിട്ടുപോയ ആര്‍ക്കും തെറ്റുതിരുത്തി തിരികെവരാമെന്ന് പി.ജെ ജോസഫ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."