ജമാഅത്തെ ഇസ്‌ലാമിക്കെതിരേ കനത്ത വിമര്‍ശനവുമായി മന്ത്രി കെ.ടി ജലീല്‍
കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമിക്കെതിരേ കനത്ത വിമര്‍ശനവുമായി മന്ത്രി കെ.ടി ജലീല്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ജലീല്‍ സംഘടനയെയും അതിന്റെ പോഷക സംഘടനകളെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. തന്റെ മണ്ഡലമായ തിരൂരിലെ പുറത്തൂരില്‍ മണല്‍വാരലുമായി ബന്ധപ്പെട്ട് വെല്‍ഫെയര്‍പാര്‍ട്ടി നടത്തിയ സമരത്തെ പരിഹസിച്ചാണ് മന്ത്രിയുടെ ആക്ഷേപങ്ങള്‍ ആരംഭിക്കുന്നതെങ്കിലും ജമാഅത്തെ ഇസ്‌ലാമിയുടെ ആശീര്‍വാദത്തോടെ നടത്തിയ സമരങ്ങളുടെയെല്ലാം പാപ്പരത്വത്തെയും അവരുടെ നിലപാടുകളെയും ജലീല്‍ ആക്ഷേപിക്കുന്നുണ്ട്. പൂറത്തൂരില്‍ നിയമാനുസൃതമായാണ് മണല്‍ വാരലുണ്ടായതെന്നു പറയുന്ന മന്ത്രി നാളിതുവരെയുള്ള ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങളെ കാപട്യമായി വിശേഷിപ്പിക്കുകയാണ്.
ആര്‍.എസ്.എസിന്റെ രാഷ്ട്രീയ രൂപമാണ് ബി.ജെ.പി എന്നത് പോലെ. സി.എച്ച് മുഹമ്മദ് കോയാ സാഹിബിന്റെ വാക്കുകള്‍ കടമെടുത്ത്, ചെറിയ വകഭേദം നടത്തി പറഞ്ഞാല്‍ കടലില്‍ പുല്‍പായയിട്ട് നിസ്‌കരിച്ചാലും മുസ്‌ലിം സമുദായം വെല്‍ഫെയര്‍ പാര്‍ട്ടിയെ വിശ്വസിക്കില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. മുസ്‌ലിം ഭൂരിപക്ഷ മേഖലകളിലാണ് അവര്‍ തോറ്റു തുന്നംപാടുന്നത്. കേരളത്തിലെ മത- സമുദായ- രാഷ്ട്രീയ സംഘടനകളുടെ വളര്‍ച്ച പരിശോധിച്ചാല്‍ ഏറ്റവും ശുഷ്‌കമായി 'വളര്‍ന്ന' പാര്‍ട്ടിയാണ് വെല്‍ഫെയര്‍ പാര്‍ട്ടി എന്ന് കാണാനാകും. ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും പടവലങ്ങ പോലെ കീഴ്‌പോട്ടാണ് അവരുടെ പോക്ക്. മുസ്‌ലിംബഹുജനങ്ങള്‍ എന്നേ തള്ളിയെറിഞ്ഞവരാണ് ഇവരെന്നര്‍ഥം. മത സംഘടന എന്ന നിലയില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ കാര്യവും ഇതില്‍ നിന്ന് ഭിന്നമല്ല. വിതച്ചപ്പോഴും ഒരു കൊട്ട, കൊയ്തപ്പോഴും ഒരു കൊട്ട എന്ന പരുവത്തിലല്ലേ അവരെന്നും ജലീല്‍ പറയുന്നു. മാധ്യമം ദിനപത്രം വാങ്ങുന്നവരും മീഡിയാവണ്‍ ചാനല്‍ കാണുന്നവരുമൊക്കെ 'ഞമ്മന്റെ' ആളുകളാണെന്ന് കരുതിയിടത്ത് നിന്നാണ് നവ ലിബറല്‍ യാഥാസ്തിക ഇസ്‌ലാമിസ്റ്റുകള്‍ക്ക് പിഴച്ചു തുടങ്ങിയത്. വെല്‍ഫെയര്‍ പാര്‍ട്ടിയും ജമാഅത്തെ ഇസ്‌ലാമിയും കരുതുന്നത് മത-രാഷ്ട്രീയ രംഗങ്ങളില്‍ ഇക്കൂട്ടര്‍ മാത്രമേ ശരിയുടെ വഴിയിലുള്ളൂ എന്നാണ്. മറ്റുള്ളവരെല്ലാം വഴികേടിലാണെന്നും ഈ 'സ്വാര്‍ത്ഥ' വാഹക സംഘം കരുതുന്നു. ഇങ്ങനെ പോവുന്നു മന്ത്രിയുടെ വിമര്‍ശനം.
അതിനിടെ മന്ത്രിക്ക് മറുപടിയുമായി വെല്‍ഫെയര്‍പാര്‍ട്ടിയുടെയും മറ്റ് ജമാഅത്ത് സംഘടനകളുടെയും നേതാക്കളും രംഗത്തുണ്ട്. സിമിയില്‍പ്രവര്‍ത്തിക്കുകയും, ഫാറൂഖ് കോളജില്‍ സിമിയുടെ ബാനറില്‍ യു.യു.സിയായി മത്സരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മാത്രമേ മത്സരിക്കൂവെന്ന് വാശിപിടിക്കുകയും സംഘടന അത് അനുവദിക്കാതിരുന്നപ്പോള്‍ രാജിവച്ച് എം.എസ്.എഫിന്റെ ബാനറില്‍ മത്സരിക്കുകയും ചെയ്ത ഒരു ഭൂതകാലം ജലീലിനുണ്ടെന്നും ഇവര്‍ ഓര്‍മിപ്പിക്കുന്നുണ്ട്. പല സമരങ്ങളിലും നേരത്തെ ജലീലിനുണ്ടായിരുന്ന നിലപാടുകളെക്കുറിച്ചും ഇവര്‍ തങ്ങളുടെ പോസ്റ്റുകളില്‍ പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."