കുമ്പള ബസ് സ്റ്റാന്‍ഡ് കെട്ടിടം: ഒഴിയാനുള്ള സമയം നീട്ടി
കുമ്പള: അപകടാവസ്ഥയിലായ കുമ്പള ബസ് സ്റ്റാന്‍ഡിലെ ഷോപ്പിങ് കോംപ്ലക്സ് പൊളിച്ചു നീക്കുന്ന നടപടി വൈകുന്നതിനെതിരേ കോടതിയെ സമീപിക്കാന്‍ ജനകീയ സമര സമിതി യോഗം തീരുമാനിച്ചു. അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചു മാറ്റി പകരം പുതിയ കെട്ടിടം പണിയാന്‍ നേരെത്തേ തീരുമാനിച്ചിരുന്നു. ഇതുവരെയായി തീരുമാനം നടപ്പാക്കിയിട്ടില്ല. ഇതിനെതിരേ പഞ്ചായത്തംഗം രമേശ് ഭട്ടിന്റെ നേതൃത്വത്തില്‍ ജനകീയ സമിതി രൂപീകരിച്ച് ഹൈക്കോടതിയെ സമീപിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഷോപ്പിങ് കോംപ്ലക്സ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരികളോടു പതിനഞ്ചു ദിവസത്തിനകം കെട്ടിടമൊഴിയാന്‍ പഞ്ചായത്ത് നോട്ടിസ് നല്‍കിയിരുന്നു.
ഒഴിയേണ്ട തിയതി കഴിഞ്ഞ ദിവസം അവസാനിച്ചു. എന്നാല്‍ അതിനു ശേഷം ചേര്‍ന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ ഒഴിയാന്‍ ഒരു മാസം കൂടി സാവകാശം നല്കാന് തീരുമാനിച്ചതോടെയാണ് ജനകീയ കമ്മിറ്റി വീണ്ടും കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.
യോഗത്തില്‍ രമേശ് ഭട്ട്, സി.എ സുബൈര്‍, അബ്ബാസലി കൊടിയമ്മ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."