രണ്ടാമങ്കത്തിനൊരുങ്ങി ബ്രസീല്‍
റിയോ ഡീ ജനീറോ: കോപ അമേരിക്കയില്‍ കരുത്തരായ ബ്രസീല്‍ നാളെ രണ്ടാം മത്സരത്തിനിറങ്ങുന്നു. ഗ്രൂപ്പ് എയില്‍ നടക്കുന്ന മത്സരത്തില്‍ വെനസ്വെലയാണ് ബ്രസീലിന്റെ എതിരാളികള്‍. ആദ്യ മത്സരത്തില്‍ ബൊളീവിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് ബ്രസീല്‍ കളത്തിലിറങ്ങുന്നത്. സൂപ്പര്‍ താരം നെയ്മറിന് പരുക്കേറ്റെങ്കിലും കഴിഞ്ഞ മത്സരത്തില്‍ താരത്തിന്റെ അഭാവം ബ്രസീല്‍ നിരയില്‍ തെല്ലും ആശങ്ക ഉയര്‍ത്തിയില്ല. കൂട്ടീഞ്ഞോയുടെ ഇരട്ട ഗോളുകളും എവര്‍ട്ടന്റെ ബുള്ളറ്റ് ഷോട്ട് ഗോളുമാണ് കഴിഞ്ഞ മത്സരത്തില്‍ ബ്രസീലിന് വിജയമൊരുക്കിയത്. പക്ഷേ എതിരാളികള്‍ വെനസ്വെലയാണ്. പെറുവിനെ ആദ്യ മത്സരത്തില്‍ സമനിലയില്‍ തളച്ചാണ് വെനസ്വെല ബ്രസീലിനെ നേരിടാനെത്തുന്നത്. 2011 ല്‍ നാലാം സ്ഥാനത്തെത്തിയതാണ് കോപ്പയില്‍ വെനസ്വെലയുടെ ഇതുവരെയുള്ള മികച്ച നേട്ടം. എട്ടുതവണ കോപ അമേരിക്ക കിരീടം ഉയര്‍ത്തിയ ബ്രസീല്‍ 2007ല്‍ ആണ് അവസാനമായി കിരീടത്തില്‍ മുത്തമിട്ടത്. ഇക്കുറി കിരീട സാധ്യതയുള്ള ടീമാണ് ബ്രസീല്‍.
മറ്റൊരു മത്സരത്തില്‍ ബൊളീവിയ പെറുവിനെ നേരിടും. പുലര്‍ച്ചെ മൂന്നിനാണ് മത്സരം. ആദ്യ മത്സരത്തില്‍ ബ്രസീലിനോട് പരാജയപ്പെട്ട ബൊളീവിയക്കും വെനസ്വെലയോട് സമനില പിടിച്ച പെറുവിനും മത്സരം നിര്‍ണായകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."