അക്കാദമിക് മികവിനു മാതൃകയായി സമസ്ത പൊതുപരീക്ഷാ മൂല്യനിര്‍ണയ ക്യാംപ്
മലപ്പുറം: അക്കാദമിക് രംഗത്ത് രാജ്യാന്തര മാതൃക സൃഷ്ടിച്ചു സമസ്ത മദ്‌റസാ പൊതുപരീക്ഷാ മൂല്യനിര്‍ണയ ക്യാംപ്. കഴിഞ്ഞ മാസം സമസ്ത കേരളാ ഇസ്്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നടത്തിയ പൊതുപരീക്ഷയുടെ മൂല്യനിര്‍ണയ ക്യാംപാണ് ചേളാരി സമസ്താലയത്തില്‍ നടക്കുന്നത്. അഞ്ച്, ഏഴ്, 10, പ്ലസ്ടു ക്ലാസുകളിലാണ് പൊതുപരീക്ഷ നടന്നത്. കേരളം, തമിഴ്‌നാട്, കര്‍ണാടക, ലക്ഷദ്വീപ്, ആന്‍ഡമാന്‍ ദ്വീപ് എന്നിവിടങ്ങളിലും സഊദി അറേബ്യ, യു.എ.ഇ, ഖത്തര്‍, ഒമാന്‍, കുവൈത്ത്, മലേഷ്യ എന്നീ രാജ്യങ്ങളിലുമായാണ് ഇത്തവണ പൊതുപരീക്ഷ നടന്നത്.
ഇവിടെയുള്ള സമസ്ത അംഗീകൃത മദ്‌റസകളിലെ 2,23,151 വിദ്യാര്‍ഥികളാണ് ഇത്തവണ പൊതുപരീക്ഷയെഴുതിയത്. ഇവരുടെ 10 ലക്ഷം ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയമാണ് ചേളാരി സമസ്താലയത്തില്‍ അഞ്ചു ദിവസം നീളുന്ന ക്യാംപില്‍ നടക്കുന്നത്. ഒന്‍പത് ഡിവിഷനുകളിലായി സമസ്ത അംഗീകൃത മദ്‌റസകളില്‍ നിന്നുള്ള 906 അധ്യാപകരാണ് മൂല്യനിര്‍ണയത്തില്‍ പങ്കാളികളാകുന്നത്. നേരത്തെ ലഭിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലാണ് അധ്യാപകരെ തിരഞ്ഞെടുത്തത്. രാവിലെ ഏഴിന് ആരംഭിക്കുന്ന ക്യാംപ് രാത്രി 10നു സമാപിക്കും. രാവിലെ മുതല്‍ വൈകിട്ട് 5.30വരെ ആദ്യ ഷിഫ്റ്റും തുടര്‍ന്ന് രണ്ടാം ഷിഫ്റ്റുമായാണ് ക്യാംപിന്റെ പ്രവര്‍ത്തനം. രണ്ടു സൂപ്രണ്ടുമാരുടെയും ഒരു ചെക്കിങ് ഇന്‍സ്‌പെക്ടറുടെയും നേതൃത്വത്തിലാണ് ഡിവിഷനുകളുടെ പ്രവര്‍ത്തനം ക്രമീകരിച്ചത്. പരീക്ഷാ ബോര്‍ഡിന്റെ നേതൃത്വത്തില്‍ പരീക്ഷാ കണ്‍ട്രോളര്‍, ഓഫിസ് ജീവനക്കാര്‍ എന്നിവരും ക്യാംപ് നടത്തിപ്പിനു നേതൃത്വം നല്‍കുന്നു.
മൂല്യനിര്‍ണയത്തോടൊപ്പം ടാബുലേഷന്‍ പ്രവൃത്തികളും കംപ്യൂട്ടര്‍ വിങില്‍ നടന്നുവരുന്നുണ്ട്. ക്യാംപ് അംഗങ്ങള്‍ക്ക് സൗജന്യ താമസവും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. ആയിരം പേര്‍ക്ക് ഭക്ഷണ വിതരണത്തിനു സൗകര്യപ്രദമായ ഡൈനിങ് ഹാള്‍ സജ്ജീകരിച്ചിട്ടുണ്ട്. ചേളാരി സമസ്താലയത്തിനു പുറമെ പാണമ്പ്ര, ക്രസന്റ് ബോര്‍ഡിങ് മദ്‌റസ എന്നിവിടങ്ങളിലായാണ് താമസ സൗകര്യം. കഴിഞ്ഞ ഏപ്രിലില്‍ സ്്കൂള്‍ വര്‍ഷ കലണ്ടര്‍ പ്രകാരമുള്ള മദ്‌റസകളുടെ പൊതുപരീക്ഷയും നടന്നിരുന്നു. ഇതിന്റെ മൂല്യനിര്‍ണയവും ഫലപ്രഖ്യാപനവും ഈയിടെ പൂര്‍ത്തിയായി. ഈ മാസം നടന്ന ജനറല്‍ മദ്‌റസാ പൊതുപരീക്ഷയുടെ മൂല്യനിര്‍ണയമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. കുറ്റമറ്റ സംവിധാനങ്ങളിലൂടെ സമസ്തയുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധനേടിയിരുന്നു. അക്കാദമിക് രംഗത്തെ പ്രമുഖരും വിദ്യാഭ്യാസ വിചക്ഷണരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമുള്‍പ്പെടെയുള്ളവര്‍ ക്യാംപ് സന്ദര്‍ശിക്കാനെത്തുന്നുണ്ട്. ക്യാംപ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചു.
തിങ്കളാഴ്ച ആരംഭിച്ച ക്യാംപില്‍ ഇതിനകം 60 ശതമാനം ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായി. നാളെ വൈകിട്ടോടെ മൂല്യ നിര്‍ണയം പൂര്‍ത്തിയാകും. ജൂണ്‍ 15ഓടെ ഫല പ്രഖ്യാപനം നടത്തി അതാത് ഡിവിഷനുകളില്‍ മാര്‍ക്ക് ലിസ്റ്റ് വിതരണം നടത്തുന്ന രീതിയിലാണ് ക്യാംപിന്റെ സജ്ജീകരണമെന്നു വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ സുപ്രഭാതത്തോടു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."