പ്രതി പിടിയിലായത് പൊലിസിന്റെ പഴുതടച്ച അന്വേഷണത്തില്‍
വെള്ളമുണ്ട: കണ്ടത്തുവയല്‍ പുരിഞ്ഞിയിലെ യുവദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ രണ്ടുമാസം കൊണ്ട് പിടികൂടാനായത് പൊലിസിന്റെ അശ്രാന്ത പരിശ്രമത്തിന്റെയും കഠിനാധ്വാനത്തിന്റെയും പഴുതടച്ച അന്വേഷണത്തിന്റെയും ഫലം.
തുടക്കം മുതല്‍ വളരെ ശ്രദ്ധാപൂര്‍വമാണ് 28 അംഗ സംഘം കേസന്വേഷണം നടത്തിയത്. നാനാഭാഗത്ത് നിന്നും പല ആരോപണങ്ങളും അഭിപ്രായങ്ങളും കേസിനെ കുറിച്ച് ഉയര്‍ന്ന് വന്നതിനാല്‍ ഉമറിന്റെ കുടുംബ പശ്ചാത്തലം, കൂട്ട് കൃഷി, വ്യാപാരം എന്നിവയെല്ലാം വിശദമായി പഠിച്ചു. കേരളത്തിന് അകത്തും പുറത്തും ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ നടത്തി. കൊലപാതകം നടന്ന ദിവസവും പിറ്റേന്നും പ്രദേശത്ത് വന്നുപോയി എന്ന് സംശയിക്കുന്ന വാഹനങ്ങളെ കുറിച്ച് സംസ്ഥാനത്തെ വിവിധ ആര്‍.ടി.ഒ ഓഫിസുകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. 23ഓളം സി.സി.ടി.വി കാമറകള്‍ പരിശോധിച്ചും അന്വേഷണം നടത്തി. സംഭവസ്ഥലത്തും ജില്ലയിലും സംസ്ഥാനത്ത് പലയിടത്തും താമസിക്കുന്ന സംശയം തോന്നിയ വ്യക്തികളുടെ കാല്‍വിരലടയാളങ്ങളും, കൈ വിരലടയാളങ്ങളും പരിശോധിച്ചു. 230 ഓളം ഇതര സംസ്ഥാന തൊഴിലാളികളുടെയും കുടാതെ സ്ഥലത്തുള്ള തദ്ദേശീയരായിട്ടുള്ളവരായ 60 വയസില്‍ താഴെയുള്ള 700ഓളം പേരുടെയും വിരലടയാളങ്ങള്‍ പരിശോധിച്ചു.
അന്വേഷണത്തില്‍ രണ്ട് ലക്ഷത്തിലധികം ഫോണ്‍ കോളുകളും നിരവധി എസ്.എം.എസുകളും സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചു.
അന്വേഷണ മധ്യേ മുന്‍ കുറ്റവാളികളെ നിരീക്ഷണ വിധേയമാക്കി വരവെയാണ് അന്വേഷണ സംഘം വിശ്വാനാഥനിലേക്ക് എത്തുന്നത്. ഇയാളുടെ സാമ്പത്തിക സ്രോതസുകളെ കുറിച്ചും ബാധ്യതകളെ കുറിച്ചും മറ്റ് ഇടപാടുകളെ കുറിച്ചും വിശദമായ അന്വേഷണം നടത്തിയതില്‍ ഇയാള്‍ സാമ്പത്തിക ബാധ്യതകള്‍ തീര്‍ത്തതായി മനസിലാക്കിയതോടെയാണ് കേസിന് തുമ്പുണ്ടായത്. ഈ ഇടപാടില്‍ സംശയം തോന്നി ഇയാളെ കണ്ടുപിടിച്ച് ചോദ്യം ചെയ്യുകയും വിരലടയാളം പരിശോധിക്കുകയും ചെയ്തു. അതിനിടെ ഇയാള്‍ പൊലിസിന്റെ പല ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടി നല്‍കാതെ സ്ഥലത്ത് നിന്നും മാറി നില്‍ക്കാന്‍ ശ്രമിച്ചത് കുടുതല്‍ സംശയങ്ങള്‍ക്ക് വഴിവെച്ചു.
ഇതോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുകയും ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തത്. മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ കുറ്റ്യാടിയിലെ ഒരു കടയില്‍ വില്‍പ്പന നടത്തിയതും പൊലിസ് കണ്ടെത്തി. പൊലിസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള പ്രക്ഷോഭപരിപാടികള്‍ ഉണ്ടാവുകയും വെള്ളമുണ്ടയില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനിരിക്കെ പ്രതിയെ വലയിലാക്കാന്‍ കഴിഞ്ഞത് അന്വേഷണ സംഘത്തിന് പൊന്‍തൂവലായി മാറി.
'പ്രതിക്ക് പരമാവധി ശിക്ഷ ലഭ്യമാക്കണം'
കണ്ടത്തുവയല്‍(വെള്ളമുണ്ട): ഒരാളോട് പോലും ശത്രുത പുലര്‍ത്താതെ എല്ലാവരോടും പുഞ്ചിരിച്ച് നടന്നിരുന്ന തങ്ങളുടെ കുടപ്പിറപ്പിനെയും പ്രിയതമയെയും നിഷ്ഠൂരമായി കൊലപ്പെടുത്തിയ പ്രതിക്ക് നിയമം അനുശാസിക്കുന്നതിന്റെ പരമാവധി ശിക്ഷ വാങ്ങി നല്‍കാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകണമെന്ന് കൊല്ലപ്പെട്ട ഉമറിന്റെ ജ്യേഷ്ട സഹോദരന്‍ മുനീര്‍ പറഞ്ഞു.
തങ്ങളുടെ ഉമ്മയെ മാതാവിന്റെ മഹത്വമറിഞ്ഞ് പരിചരിച്ച് പോന്നവനായിരുന്നു അനുജന്‍. അതുകൊണ്ട് തന്നെ അവന്റെയും പ്രിയതമയുടെയും വിയോഗത്തിന്റെ ഞെട്ടലില്‍ നിന്ന് തങ്ങളുടെ ഉമ്മ ഇതുവരെ മുക്തയായിട്ടില്ല. കുടുംബത്തിലെ എല്ലാ അംഗങ്ങളെയും ഒരുപോലെ സ്‌നേഹവും കരുതലും നല്‍കിയാണ് ഉമര്‍ പരിചരിച്ചത്. അക്കാരണത്താല്‍ കുടുംബാംഗങ്ങളെല്ലാം ദുഃഖത്തിലാണ്. തങ്ങളുടെ അത്താണിയായിരുന്ന പ്രിയ അനുജനെയും ഭാര്യയെയും ഇല്ലായ്മ ചെയ്ത കൊടും ക്രിമിനലിന് അതുകൊണ്ട് വധശിക്ഷ തന്നെ വാങ്ങി നല്‍കണമെന്നാണ് ഇവര്‍ പറയുന്നത്. ഒരു ജ്യേഷ്ടസഹോദരനെ പോലെയാണ് ഡിവൈ.എസ്.പി കെ.എം ദേവസ്യ പെരുമാറിയത്. അവരുടെ പരിശ്രമമാണ് ഈ കൊലയാളിയെ കുടുക്കിയതെന്നും മുനീര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."