ബേപ്പൂര്‍ യാത്ര ദുരിതത്തില്‍
ഫറോക്ക്: ബേപ്പൂര്‍ റൂട്ടിലെ സ്വകാര്യ ബസ് ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് മൂന്നാംദിവസത്തിലേക്ക്. ജനം ദുരിതത്തില്‍. തടഞ്ഞുവച്ച ആനൂകല്യങ്ങള്‍ അനുവദിച്ചുകിട്ടണമെന്നു ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂനിയന്‍ നേതൃത്വത്തിലാണു പണിമുടക്ക് നടത്തുന്നത്. സമരം നടത്തുന്ന തൊഴിലാളികള്‍ ബേപ്പൂര്‍ ബസ് സ്റ്റാന്‍ഡില്‍ കഞ്ഞിവച്ചു പ്രതിഷേധിച്ചു. റീജ്യനല്‍ ജോയിന്റ് ലേബര്‍ കമ്മിഷണര്‍ ഇന്നു രാവിലെ 11ന് ഇരു വിഭാഗത്തെയും വീണ്ടും ചര്‍ച്ചയ്ക്കു വിളിച്ചിട്ടുണ്ട്.
ബേപ്പൂരില്‍നിന്നു നഗരത്തിലേക്കും ഫറോക്ക് ഭാഗത്തേക്കുമുള്ള 51 ബസുകളാണു സര്‍വിര്‍സ് നിര്‍ത്തിവച്ചിരിക്കുന്നത്. ഇതോടെ ബേപ്പൂര്‍ മേഖലയിലേക്കുള്ള ജനങ്ങളുടെ യാത്ര ദുരിതത്തിലായി. ബേപ്പൂര്‍ പോര്‍ട്ട്, ഫിഷിങ് ഹാര്‍ബര്‍, കയര്‍ ഫാക്ടറി തുടങ്ങിയ പ്രധാന സ്ഥലങ്ങളിലേക്കു വാഹന സൗകര്യമില്ലാത്തത് വാണജ്യ മേഖലയെയും ബാധിച്ചുതുടങ്ങി.
ചാലിയത്തുനിന്നു ജങ്കാര്‍ വഴി ബേപ്പൂരിലെത്തുന്നവരും ബസില്ലാത്തതിനാല്‍ സ്വകാര്യവാഹനങ്ങളെ ആശ്രയിക്കുകയാണ്. ചാലിയത്തും ബേപ്പൂരുമായി പഠിക്കുന്ന നിരവധി വിദ്യാര്‍ഥികളെയും ബസ് സമരം പ്രയാസത്തിലാക്കിയിട്ടുണ്ട്.
2016 ജനുവരി മുതല്‍ അഞ്ചുഘട്ടങ്ങളായി ലഭിക്കേണ്ട ഡി.എയാണ് ബസുടമകള്‍ തടഞ്ഞുവച്ചിരിക്കുന്നതെന്നാണ് തൊഴിലാളികള്‍ പറയുന്നത്. കഴിഞ്ഞമാസം 13നു ബസ് തൊഴിലാളികള്‍ സൂചനാ പണിമുടക്ക് നടത്തിയെങ്കിലും ആനുകൂല്യങ്ങള്‍ അനുവദിച്ചുനല്‍കാന്‍ ഉടമകള്‍ തയാറായില്ല. കഴിഞ്ഞദിവസം ജില്ലാ ലേബര്‍ ഓഫിസര്‍ ഇരുവിഭാഗവുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമാകാതെ പിരിഞ്ഞു. കുടിശ്ശികയടക്കം ദിവസം 89 രൂപ ഡി.എ ലഭിക്കാനുള്ളതില്‍ 62 രൂപയെങ്കിലും കിട്ടണമെന്നായിരുന്നു തൊഴിലാളികളുടെ ആവശ്യം. എന്നാല്‍ 30 രൂപയില്‍ ഉടമകള്‍ ഉറച്ചുനില്‍കുകയാണു ചെയ്തത്.
കഞ്ഞിവപ്പു സമരം ഐ.എന്‍.ടി.യു.സി ദേശീയ സെക്രട്ടറി എം.പി പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. എന്‍.കെ ഷൈജു അധ്യക്ഷനായി. ടി. റഷീദ്, ടി. അമിനേഷ് സംസാരിച്ചു. ബേപ്പൂര്‍ മേഖലയിലെ കൗണ്‍സിലര്‍മാര്‍ ഇരുവിഭാഗത്തെയും വിളിച്ചു ധാരണയിലെത്തിക്കാനുളള ശ്രമം രാത്രി വൈകിയും നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."