കുന്ദമംഗലം മണ്ഡലത്തില്‍ ജപ്പാന്‍ കുടിവെള്ള പ്രവൃത്തി ഉടന്‍ പൂര്‍ത്തിയാക്കും
പെരുമണ്ണ: പൂളക്കടവ്-മാത്ര-പാലാഴി-കോവൂര്‍ റോഡ് പ്രവൃത്തി ഒക്ടോബര്‍ ഒന്നിന് ആരംഭിക്കും. പി.ടി.എ റഹീം എം.എല്‍.എ പെരുമണ്ണ പഞ്ചായത്ത് ഓഫിസില്‍ വിളിച്ചുചേര്‍ത്ത പഞ്ചായത്ത് പ്രസിഡന്റുമാരുടെയും പൊതുമരാമത്ത്, ജിക്ക ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. കുന്ദമംഗലം മണ്ഡലത്തിലെ ജപ്പാന്‍ കുടിവെള്ള പദ്ധതി പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനു കാലാവധി നിശ്ചയിച്ചുകൊണ്ടുള്ള പ്രവര്‍ത്തന പദ്ധതി യോഗം ചര്‍ച്ചചെയ്ത് അംഗീകരിച്ചു.
പൈപ്പ്‌ലൈനുകള്‍ സ്ഥാപിക്കാന്‍ ബാക്കിയുള്ള സ്ഥലങ്ങളില്‍ പ്രവൃത്തി നടത്തുമ്പോള്‍ പൊതുമരാമത്ത് വകുപ്പ് ടെന്‍ഡര്‍ ചെയ്ത റോഡുകളിലെ പ്രവൃത്തികള്‍ക്കാണു മുന്‍ഗണന നല്‍കുക. മാത്ര-പാലാഴി റോഡില്‍ 22നും പൂളക്കടവ്-കൊടിനാട്ട്മുക്ക് റോഡില്‍ 27നും കോവൂര്‍ പാലാഴി എം.എല്‍.എ റോഡില്‍ 17നും പൈപ്പിടല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കും. എന്‍.എച്ച് ബൈപാസില്‍ പൈപ്പ്‌ലൈന്‍ ക്രോസിങ്ങിനുള്ള അനുമതി അപേക്ഷ നല്‍കുന്ന ദിവസംതന്നെ ലഭ്യമാക്കുന്നതിനും അതുപ്രകാരം ജിക്ക പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനും തീരുമാനിച്ചു.
സെന്‍ട്രല്‍ റോഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തി ടെന്‍ഡര്‍ ചെയ്ത പൂളക്കടവ്-മാത്ര-പാലാഴി-കോവൂര്‍ റോഡിലെ ജിക്കയുടെ പ്രവൃത്തികള്‍ 30ന പൂര്‍ത്തീകരിക്കുന്നതിനും റോഡിന്റെ പ്രവൃത്തി പൊതുമരാമത്ത് വകുപ്പ് ഒക്ടോബര്‍ ഒന്നിന് ആരംഭിക്കുന്നതിനും ധാരണയായി. മാങ്കാവ്-കണ്ണിപറമ്പ റോഡില്‍ പ്രവൃത്തി നടത്താന്‍ ബാക്കിയുള്ള ഭാഗങ്ങളില്‍ റോഡ് കട്ടിങ് സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും ജിക്ക അധികൃതര്‍ യോഗത്തില്‍ വ്യക്തമാക്കി.
മാങ്കാവ്-കണ്ണിപറമ്പ് റോഡിലെ പെരുമ പഞ്ചായത്തില്‍ ഉള്‍പ്പെട്ട ഭാഗത്ത് ഒക്ടോബര്‍ 31നും പാലാഴി-പുത്തൂര്‍മഠം റോഡില്‍ 15നും പൈപ്പിടല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കും. കുന്ദമംഗലം പഞ്ചായത്തില്‍ കുടിവെള്ളം ലഭ്യമാക്കുന്നതില്‍ നിലവിലുള്ള തടസത്തിനുകാരണം നാഷനല്‍ ഹൈവേയിലെ വാല്‍വ് തുറക്കുന്നതിലുള്ള പ്രശ്‌നമാണെന്നു ജിക്ക അധികൃതര്‍ വ്യക്തമാക്കി. പ്രശ്‌നം പരിഹരിക്കുന്നതിന് നാഷനല്‍ ഹൈവേ അധികൃതര്‍ ആവശ്യമായ അനുമതി നല്‍കുന്നതിനും അടിയന്തരമായി പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിനും തീരുമാനിച്ചു.
പി.ടി.എ റഹീം എം.എല്‍.എ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. അജിത, കെ. തങ്കമണി, ഷൈജ വളപ്പില്‍, പെരുമണ്ണ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.വി ബാലന്‍ നായര്‍, പൊതുമരാമത്ത്, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
സംസ്ഥാന ജൂനിയര്‍ തൈക്വാന്‍ഡോ;
ആതിരക്ക് രണ്ടാം സ്ഥാനം
ഫറോക്ക്: സംസ്ഥാന കേഡറ്റ് ആന്‍ഡ് ജൂനിയര്‍ തൈക്വാന്‍ഡോ ചാംപ്യന്‍ഷിപ്പില്‍ ചെറുവണ്ണൂര്‍ സ്വദേശിനി ആതിരക്ക് രണ്ടാം സ്ഥാനം.
തൈക്വാന്‍ഡോ അസോസിയേഷന്‍ ഓഫ് കേരള സംഘടിപ്പിച്ച 20-ാമത് കേഡറ്റ് ആന്‍ഡ് ജൂനിയര്‍ ചാംപ്യന്‍ഷിപ്പില്‍ 59 കിലോ വിഭാഗത്തില്‍ മത്സരിച്ചാണ് ആതിര രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. എറണാകുളം കളമശ്ശേരി സൗത്ത് ടൗണ്‍ ഹാളിലായിരുന്നു മത്സരം. ഫറോക്ക് ഗവഗണപത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയും ചെറുവണ്ണൂര്‍ മധുരബസാറിലെ മണ്ടായിക്കല്‍ സതീശന്‍ -റീന ബേബി ദമ്പതികളുടെ മകളുമാണ്.
ഫറോക്ക് ചുങ്കത്തെ കോംബാറ്റ് തൈക്വാന്‍ഡോ അക്കാദമിയിലെ മുഹമ്മദ് ഷാഫിയാണ് പരിശീലകന്‍.
കനോലി കനാലില്‍ മലിനജലം
ഒഴുക്കിയാല്‍ പിടിവീഴും
കോഴിക്കോട്: കനോലി കനാലിലേക്ക് അഴുക്കുജലം ഒഴുക്കുന്നതിനെതിരേയുള്ള നടപടികളെ കുറിച്ച് ആലോചിക്കാന്‍ കോര്‍പറേഷന്‍ ആരോഗ്യ സ്ഥിരംസമിതി യോഗം ചേര്‍ന്നു. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും കനാലിലേക്ക് അഴുക്കുജലം തുറന്നുവിടുന്നത് അവസാനിപ്പിക്കാനും കനാലിലേക്ക് തുറക്കുന്ന അഴുക്കുജല പൈപ്പുകള്‍ നീക്കം ചെയ്യുന്നതിനുമായി വീണ്ടും മുന്നറിയിപ്പു നല്‍കാനും യോഗം തീരുമാനിച്ചു.
ഒക്ടോബര്‍ രണ്ടുവരെ ഇവ നീക്കാനുള്ള സമയം നല്‍കും. തുടര്‍ന്നും മലിനീകരണ പ്രവര്‍ത്തനങ്ങള്‍ കണ്ടാല്‍ കര്‍ശനനടപടികള്‍ കൊക്കൊള്ളാനാണു തീരുമാനം. മേയര്‍മാരുടെ അഖിലേന്ത്യാ സമ്മേളനത്തിനായി മുംബൈയിലേക്കു പോയ തോട്ടത്തില്‍ രവീന്ദ്രന്‍ തിരിച്ചെത്തിയ ശേഷം വാര്‍ത്താസമ്മേളനം നടത്തി ഇക്കാര്യം അറിയിക്കും. 26നു മേയര്‍ വാര്‍ത്താസമ്മേളനം നടത്തുമെന്നാണ് അറിയുന്നത്.
അതിനിടെ കനാലിന്റെ രണ്ടാംഘട്ട ശുചീകരണപ്രവര്‍ത്തനങ്ങള്‍ സജീവമാവുകയാണ്. വിവധ സ്ഥലങ്ങളില്‍ ഇതിനായുള്ള ജനകീയ കമ്മിറ്റികള്‍ നിലവില്‍ വന്നിട്ടുണ്ട്. ശുചീകരണവുമായി ബന്ധപ്പെട്ട് കലക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ യോഗം ഇന്നു നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."