പൊതുസ്ഥലത്ത് സ്ഥാപിച്ച ഗാന്ധിപീസ് പാര്‍ക്ക് ഒഴിയണമെന്ന് നോട്ടിസ്
കാഞ്ഞങ്ങാട്: കെ.എസ്.ടി.പി പാതയില്‍ പുതിയകോട്ട ഹെഡ് പോസ്റ്റ് ഓഫിസിനു സമീപം വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന ഗാന്ധി പീസ് പാര്‍ക്ക് ഒഴിഞ്ഞു പോകണമെന്ന് പാര്‍ക്കിന്റെ നടത്തിപ്പുകാരനായ കെ.കെ വിജയന് പൊതുമരാമത്തു അധികൃതര്‍ അന്ത്യശാസനം നല്‍കി. പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഒഴിഞ്ഞു കൊടുത്തിരുന്നില്ല. നഗരത്തില്‍ കെ.എസ്.ടി.പി റോഡ് വികസനത്തിന്റെ ഭാഗമായി തണല്‍ മരങ്ങളും കൈയേറ്റങ്ങളും പലയിടത്തും പൊളിച്ചു നീക്കിയിട്ടും നഗരത്തിന്റെ കണ്ണായ ഈ ഭൂമി ഒഴിഞ്ഞുകൊടുത്തിരുന്നില്ല.
പത്തുവര്‍ഷത്തോളമായി പുതിയകോട്ട ശ്രീകൃഷ്ണമന്ദിര്‍ റോഡ് തുടങ്ങുന്ന സ്ഥലത്ത് ഈ അഞ്ചു സെന്റ് ഭൂമി ഇയാള്‍ കൈവശപ്പെടുത്തിക്കഴിയുന്നു. ഇവിടെ ഒരു ഗാന്ധിപ്രതിമ സ്ഥാപിക്കാന്‍ അനുവാദം നേടിയെടുത്ത ശേഷം ഇതിനുചുറ്റും ഒരു പൂന്തോട്ടവും വിത്തമ്മ ക്ഷേത്രവും മോരും സംഭാരവും വിതരണവും പിന്നെ തണ്ണീര്‍പ്പന്തലുമൊരുക്കി. സ്ഥലം ഒഴിഞ്ഞു പോകാന്‍ പലവട്ടം പൊതുമരാമത്തു വകുപ്പ് നിര്‍ദേശിച്ചിട്ടും അതിനെതിരേ കോടതി വിധി സമ്പാദിച്ചു പിടിച്ചുനില്‍ക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പൊതുമരാമത്തു വകുപ്പ് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. ഇതിനിടയില്‍ കെ.എസ്.ടി.പിയും ഈ പാര്‍ക്കിനെതിരേ നിലപാട് കര്‍ശനമാക്കി.
ഏറ്റവും ഒടുവിലായി കഴിഞ്ഞ ഏപ്രില്‍ അഞ്ചിനു കണ്ണൂര്‍ കെ.എസ്.ടി.പി ഡിവിഷന്‍, വിജയനു നോട്ടിസ് നല്‍കി. പത്തു ദിവസത്തിനകം സ്ഥലം വിട്ടുകൊടുക്കാനായിരുന്നു നോട്ടിസ് . പക്ഷെ ഒഴിഞ്ഞു കൊടുത്തില്ല. ഇതേ തുടര്‍ന്ന് വിജയനെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെ. എസ്. ടി. പി. അധികൃതര്‍ പൊതുമരാമത്തു വകുപ്പ് മന്ത്രി സുധാകരനു റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.
പൊതുമരാമത്തു വകുപ്പ് സഹകരണത്തോടെ കോടതിയില്‍ പോകാനാണ് കെ.എസ്.ടി.പിയുടെ തീരുമാനം. ഇതില്‍ നഗരസഭയും കക്ഷി ചേരുമെന്ന് ഉറപ്പായിട്ടുമുണ്ട്. അതിന്റെ മുന്നോടിയായാണ് സ്ഥലം ഒഴിഞ്ഞു പോകാന്‍ വിജയനു വീണ്ടും നോട്ടിസ് നല്‍കിയിട്ടുള്ളത് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."