മഴ ബാധിച്ചില്ല; വിരിപ്പു നെല്ല് കൊയ്യാനൊരുങ്ങി പുല്ലൂര്‍ വിത്തുല്പാദന കേന്ദ്രം
അമ്പലത്തറ: മഴ ചതിച്ചിട്ടും വൈകി നട്ട 14 ഹെക്ടറില്‍ നെല്ക്കതിരിനു പാലുറയ്ക്കുന്ന സമയമാണ് പുല്ലൂര്‍ വിത്തുല്പാദന കേന്ദ്രത്തില്‍. അല്പം ചാഴി ശല്യമൊഴിച്ചാല്‍ വെള്ളം കയറിയിട്ടും അവശേഷിക്കുന്ന നെല്ചെടികള് കൊയ്യാന്‍ പാകത്തിലായി.
പാടത്ത് നാലുതവണ വെള്ളം കയറിയതിനാല്‍ ഒന്‍പതു ഹെക്ടര്‍ സ്ഥലത്തെ നെല്‍കൃഷി മാത്രമേ അവശേഷിക്കുന്നുള്ളൂ. കഴിഞ്ഞ വര്‍ഷങ്ങളില്‍ മികച്ച വിളവാണു ലഭിച്ചത്.കുഞ്ഞൂഞ്ഞ് വര്‍ണ, ഉമ തുടങ്ങിയ നെല്ലിനങ്ങളാണ് ഇത്തവണ കൃഷിക്കായി ഉപയോഗിച്ചിട്ടുള്ളത്.
ഫാമിലെ 28 കാസര്‍കോടന്‍ ഡ്വാര്‍ഫ് പശുക്കളില്‍ നിന്നെടുത്ത പഞ്ചഗവ്യമാണ് പ്രധാന അടിവളം. തികച്ചും ജൈവകൃഷിയാണ് നടത്തിയിട്ടുള്ളതെന്ന് കൃഷിഓഫിസര്‍ മണി മോഹന്‍ പറഞ്ഞു. ദ്രുതവാട്ടം മൂലം ദൂരിതത്തിലായ കുരുമുളക് കര്‍ഷകരെ സഹായിക്കാനായി മികച്ച പ്രതിരോധ ശേഷിയുള്ള കരിമുണ്ട ഇനം കുരുമുളകു വള്ളികളും ഇവിടെ തയാറായിട്ടുണ്ട്. 1500 കുരുമുളക് തൈകളാണ് തയാറാക്കിയിട്ടുള്ളത്. ഒന്നിന് അഞ്ചു രൂപയാണ് വില.
വിരിപ്പുവിള കഴിഞ്ഞാല്‍ പച്ചക്കറി കൃഷിയാണ്. ഇതിനായുള്ള തയാറെടുപ്പില്‍ കൂടിയാണ് തൊഴിലാളികള്‍. കാസര്‍കോടന്‍ കുള്ളന്‍ നല്ല ഡിമാന്റാണ്. മൂന്നുതവണയായി 10 പശുകളെ ലേലം ചെയ്തുകഴിഞ്ഞു. കൂണ്‍കൃഷി, കോഴി കൃഷി, തേനീച്ച വളര്‍ത്തല്‍ എന്നിവയിലും പരിശീലനം നല്കുന്നുണ്ടിവിടെ.
കൃഷിഭവന് വഴി വിതരണം ചെയ്യാനായി ആയിരത്തോളം ഗ്രോ ബാഗുകളും ഒരുങ്ങി കഴിഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."