അധികൃതര്‍ മൗനം തുടരുന്നു; മുഹമ്മ മുപ്പിരിപ്പാലം അപകടഭീഷണിയില്‍
മുഹമ്മ: വാഹന യാത്രികര്‍ക്ക് അപകടഭീഷണിയായ മുപ്പിരിപ്പാലം പുനര്‍നിര്‍മ്മിക്കാന്‍ നടപടി വൈകുന്നു. പതിറ്റാണ്ടുകളുടെ പഴക്കമുള്ള പാലം കാലപ്പഴക്കത്താല്‍ കൈവരികള്‍ തകര്‍ന്ന് ദ്രവിച്ച നിലയിലാണ്.
ദിവസവും നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പാലം അപകടാവസ്ഥയിലായത് ശ്രദ്ധയില്‍പ്പെട്ടിട്ടും അധികൃതര്‍ മൗനം തുടരുകയാണ്. മുഹമ്മ കഞ്ഞിക്കുഴി റോഡില്‍ കണ്ണാടിക്കവലയ്ക്ക് സമീപമാണ് മുപ്പിരിപ്പാലം സ്ഥിതി ചെയ്യുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള പാലം മുഹമ്മ, കഞ്ഞിക്കുഴി പഞ്ചായത്തുകളുടെ അതിര്‍ത്തിയുമാണ്. കാലപ്പഴക്കത്താല്‍ ദ്രവിച്ച പാലത്തിന്റെ ഇരുവശങ്ങളിലെയും കൈവരികള്‍ പൂര്‍ണ്ണമായും തകര്‍ന്നു കഴിഞ്ഞു. പാലത്തിന്റെ അടിഭാഗവും ദ്രവിച്ച നിലയിലാണ്.
കെ.എസ്.ആര്‍.ടി.സി ബസുകളും ലോറികളുമടക്കമുള്ള ഭാരവണ്ടികള്‍ ഇതുവഴി കടന്നുപോകുന്നുണ്ട്. പാലത്തിന് വീതി കുറവായതിനാല്‍ വാഹനങ്ങള്‍ കടന്നു പോകുന്നതിനും ബുദ്ധിമുട്ടുണ്ട്. വലിയ വാഹനങ്ങള്‍ വന്നാല്‍ ഇവിടെ ഗതാഗത തടസ്സവും നേരിടുന്നു. കൈവരിയില്ലാതിരുന്നതിനാല്‍ നിരവധിപേര്‍ ഇവിടെ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. പാലത്തിന്റെ കൈവരികള്‍ തകര്‍ന്ന് അപകടം തുടര്‍ക്കഥയായപ്പോള്‍ തടിക്കഷ്ണങ്ങള്‍ ഉപയോഗിച്ച് പ്രദേശവാസികള്‍ താല്‍ക്കാലിക കൈവരികള്‍ സ്ഥാപിച്ചിരിക്കുകയാണ്. പാലത്തിന്റെ അപകടാവസ്ഥ നാട്ടുകാര്‍ ഇരുപഞ്ചായത്ത് അധികൃതരെയും പലതവണ ധരിപ്പിച്ചിട്ടും യാതൊരു നടപടിയുമില്ല. പാലം വീതികൂട്ടി പുനര്‍നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ആരംഭിച്ചിരുന്നുവെങ്കിലും പിന്നീട് മുടങ്ങി. സാങ്കേതിക തടസങ്ങള്‍ നീക്കാന്‍ അധികൃതര്‍ ആരും ഇടപെടുന്നുമില്ല. പാലത്തിന്റെ അപകടാവസ്ഥയെക്കുറിച്ച് 'സുപ്രഭാതം' മുമ്പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇരുപഞ്ചായത്തുകളുടെയും അതിര്‍ത്തിയായതിനാല്‍ പാലം പുനര്‍നിര്‍മ്മിക്കാന്‍ അധികൃതര്‍ മുന്‍കൈ എടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."