തൊടുപുഴ - വെള്ളിയാമറ്റം റോഡ് പൂര്‍ണ്ണമായും തകര്‍ന്നു; ജനം ദുരിതത്തില്‍
തൊടുപുഴ: കിഴക്കന്‍ മേഖലയിലെ പ്രധാന റോഡായ തൊടുപുഴ - വെള്ളിയാമറ്റം റോഡ് തകര്‍ന്നു. മങ്ങാട്ടുകവല മുതല്‍ ഇടവെട്ടിവരെയുള്ള ഭാഗത്ത് റോഡില്ലാത്ത അവസ്ഥയാണ്. വലിയ ഗര്‍ത്തങ്ങളാണ് റോഡില്‍ രൂപപ്പെട്ടിരിക്കുന്നത്. കാല്‍നടയാത്ര പോലും ദുഷ്‌ക്കരമാം വിധമാണ് റോഡ് തകര്‍ന്നു തരിപ്പണമായത്.
വലിയ കുഴികള്‍ ചെറുവാഹനങ്ങള്‍ക്കൊപ്പം വലിയ വാഹനങ്ങളുടെയും സഞ്ചാരം തടസപ്പെടുത്തുന്നു. മാസങ്ങളായി ഈ മേഖലയിലെ ജനങ്ങള്‍ ദുരിതമനുഭവിക്കുകയാണ്. തൊടുപുഴ മേഖലയിലെ ഏറ്റവും ജനസാന്ദ്രതയുള്ള റൂട്ടുകളിലൊന്നാണിത്. ജൂണ്‍ മാസത്തില്‍ റോഡ് പണി തുടങ്ങിയെങ്കിലും കനത്ത മഴയേത്തുടര്‍ന്ന് നിര്‍ത്തിവയ്ക്കുകയായിരുന്നു. റോഡ് പണി പുനരാരംഭിക്കാനുള്ള നടപടികള്‍ ഇതുവരെ തുടങ്ങിയിട്ടില്ല.
തൊടുപുഴ - ഉടുമ്പന്നൂര്‍ സംസ്ഥാന പാതയുടെ ഭാഗമായുള്ള മങ്ങാട്ടുകവ മുതലക്കോടം റോഡും തകര്‍ന്നത് യാത്രക്കാരെ വലയ്ക്കുന്നു. മങ്ങാട്ടുകവല മുതല്‍ മാവിന്‍ചുവട് വരെയുള്ള ഭാഗത്താണ് റോഡ് കൂടുതലും തകര്‍ന്ന് കിടക്കുന്നത്.
മങ്ങാട്ടുകവലയിലെ ജങ്ഷന് ശേഷം റോഡ് വട്ടം മുറിച്ചിട്ടിരിക്കുന്നത് യാത്രക്കാരുടെ നടുവൊടിക്കുകയാണ്. ഇതിന് സമീപത്ത് തന്നെയുള്ള ചെറിയ വളവില്‍ വലിയ കുഴിയാണ് രൂപപ്പെട്ടിരിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് പൈപ്പിടുന്നതിന്റെ ഭാഗമായി ഇവിടെ കുഴിച്ചിരുന്നു. പിന്നീട് പലതവണ നന്നാക്കിയെങ്കിലും അന്ന് തൊട്ട് ഈ റോഡ് വീണ്ടും തകരുകയാണ്. ഇതിന് സമീപത്ത് തന്നെ റോഡ് പാതിയോളം പൊളിഞ്ഞ് കിടക്കുകയാണ്. അടുത്ത വളവില്‍ രൂപപ്പെട്ട കുഴി അപകടങ്ങള്‍ പതിവായതോടെ നാട്ടുകാര്‍ മണ്ണിട്ട് അടച്ചു. മാവിന്‍ചുവടിന് സമീപം മാസങ്ങളായി രൂപപ്പെട്ടിരിക്കുന്ന കുഴി അടക്കാന്‍ ഇതുവരെയും അധികൃതര്‍ തയ്യാറായിട്ടുമില്ല. ഇതിന് അടുത്ത് തന്നെ ത്രിവേണി റോഡ് ആരംഭിക്കുന്ന സ്ഥലത്ത് റോഡ് ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ന്ന് വന്‍കുഴിയായിരിക്കുകയാണ്. ഇവിടെ അപകടങ്ങളും പതിവാണ്.
രാത്രിക്കാലങ്ങളിലും മഴ പെയ്ത് വെള്ളം കിടക്കുമ്പോഴും കുഴിയുടെ ആഴം അറിയാതെ എത്തുന്നവരാണ് കുടുങ്ങുന്നത്. 300 മീറ്റര്‍ റോഡ് മാത്രമാണ് ഇത്തരത്തില്‍ തകര്‍ന്നിരിക്കുന്നത്. ഇവിടെ ഗതാഗത കുരുക്കും പതിവാണ്. ചെറുതും വലുതുമായ വാഹനങ്ങള്‍ കുഴിയില്‍ ചാടാതിരിക്കാന്‍ വെട്ടിച്ച് തെറ്റായ ദിശയില്‍ വരുന്നതും ഇവിടെ പതിവാണ്. ഇത് അപകട സാധ്യത കൂട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."