തേജസ്വി യാദവ് ചരിത്രം സൃഷ്ടിക്കുമോ? ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം
രാജ്യം ഉറ്റുനോക്കുന്ന ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. നാളെ രാവിലെ എട്ട് മണിയോടെ ആദ്യ ഫല സൂചനകള്‍ പുറത്തുവരും. 55 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. 56.19 ശതമാനം പോളിംഗാണ് മൂന്ന് ഘട്ടങ്ങളിലായി രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഉയര്‍ന്ന പോളിംഗ് ശതമാനമാണ് ഇക്കുറി രേഖപ്പെടുത്തിയത്.
നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ സംഖ്യം ഭരണത്തുടര്‍ച്ച തേടുമ്പോള്‍ തേജസ്വി യാദവിന്റെ നേതൃത്വത്തില്‍ മഹാസഖ്യം അട്ടിമറിയാണ് ലക്ഷ്യമിടുന്നത്. രണ്ട് മുന്നണികളും പ്രതീക്ഷയിലാണ്. ഒട്ടുമിക്ക എക്‌സിറ്റ് പോളുകളും മഹാ സഖ്യത്തിന് അനുകൂലമാണ്. എക്‌സിറ്റ് പോള്‍ ഫലങ്ങളെ തള്ളി ഭരണത്തുടര്‍ച്ചാ പ്രതീക്ഷയിലാണ് എന്‍ഡിഎ സഖ്യം.
ഇന്ന് തേജസ്വി യാദവിന്റെ 31ാം പിറന്നാളാണ്. പിറന്നാള്‍ പിറ്റേന്ന് നടക്കുന്ന വോട്ടെണ്ണലില്‍ മഹാസഖ്യം വിജയിക്കുകയാണെങ്കില്‍, തേജസ്വി യാദവ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയാകും. രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ പ്രതിപക്ഷനേതാവും ഉപമുഖ്യമന്ത്രിയും 1989 നവംബര്‍ ഒമ്പതിന് ജനിച്ച തേജസ്വി യാദവായിരുന്നു. നിലവിലെ കണക്ക് പ്രകാരം അസം ഗണപരിഷത്ത് നേതാവ് പ്രഫുല്ല കുമാര്‍ മൊഹന്തോയാണ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി. 1985ല്‍ 33ാം വയസിലാണ് പ്രഫുല്ല കുമാര്‍ മുഖ്യമന്ത്രിയായത്. ഈ റെക്കോര്‍ഡ് തിരുത്താന്‍ തേജസ്വിക്കാകുമെന്ന വിശ്വാസത്തിലാണ് മഹാസഖ്യം. കൃഷ്ണാവതാരമായ ഭാവി മുഖ്യ മന്ത്രിക്ക് ജന്മദിനാശംസകള്‍ എന്ന ബാനറുകള്‍ സൂചിപ്പിക്കുന്നത് ജനങ്ങള്‍ അദ്ദേഹത്തിലര്‍പ്പിച്ച പ്രതീക്ഷയാണ്.
ഫലമെന്തായാലും അണികളോട് സംയമനം പാലിക്കാനാണ് തേജസ്വി പറഞ്ഞിരിക്കുന്നത്.
ക്രിക്കറ്റില്‍ നിന്ന് വിട പറഞ്ഞാണ് തേജസ്വി യാദവ് രാഷ്ട്രീയത്തില്‍ ഇന്നിംഗ്‌സ് തുറന്നത്. രഞ്ജി ട്രോഫിയില്‍ ഒരു മത്സരത്തിലും മറ്റൊരു ഫസ്റ്റ് ക്ലാസ് ലിസ്റ്റ് എ മത്സരത്തിലും തേജസ്വി യാദവ് കളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ നാലു സീസണുകളില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനൊപ്പം തേജസ്വി യാദവ് ഉണ്ടായിരുന്നു. മിഡില്‍ ഓര്‍ഡര്‍ ബാറ്റ്‌സ്മാനായിരുന്നു തേജസ്വി.
2015ലാണ് രാഷ്ട്രീയത്തിലേക്ക് ശരിക്കുമൊരു മുന്നണി പോരാളിയായി തേജസ്വി ഇന്നിംഗ്‌സ് തുറന്നത്. 2015ല്‍ നിതീഷ്‌ലാലു മഹാ സഖ്യത്തിനുവേണ്ടി പിതാവ് ലാലു പ്രസാദ് യാദവിന്റെയും മാതാവ് റാബ്രി ദേവിയുടെയും സ്ഥിരം സീറ്റായ വൈശാലി ജില്ലയിലെ രാഘോപൂരില്‍നിന്ന് നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.
വിവാദങ്ങള്‍ എന്നും തേജസ്വി യാദവിന്റെ കൂടപ്പിറപ്പായിരുന്നു. ലാലുവിന്റെ പിന്‍ഗാമി ആരാണെന്നതില്‍ ലാലു പോലും മൗനം പാലിച്ചപ്പോള്‍ മൂത്ത സഹോദരന്‍ തേജ് പ്രതാപിനെ മറികടന്ന് തേജസ്വി ആര്‍ജെഡിയുടെ നേതാവായി, ഇപ്പോള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയും. 2017ല്‍ കാലിത്തീറ്റ കേസില്‍ ജയിലില്‍ പോകുന്നതിന് മുമ്പാണ് ലാലു പ്രസാദ് യാദവ്, തേജസ്വി യാദവിനെ നേതാവായി പ്രഖ്യാപിച്ചത്. ഇടയ്ക്ക് ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍വെച്ച് ജന്മദിനം ആഘോഷിച്ചതും വിവാദമായിരുന്നു.
ഈ തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം അനുഭവ സമ്പത്തുള്ള ഒരു നേതാവിനെയാണ് തേജസ്വിയില്‍ കാണാനായത്. ലാലുവില്‍ നിന്ന് ഏറെ വിത്യസ്തമായി സാധാരണക്കാരുമായും താഴേത്തട്ടിലുള്ള പ്രവര്‍ത്തകരുമായും അടുത്തിടപഴകുന്ന രീതിയാണ് തേജസ്വി യാദവിന്റേത്. പ്രചാരണത്തിനിടെ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് തേജസ്വി ഉയര്‍ത്തിയത്. പതിവില്‍ നിന്ന് വിപരീതമായി ബീഹാറിലെ പാര്‍ട്ടിയുടെ നില മനസ്സിലാക്കി ആര്‍ജെഡിയുടെ പിന്നില്‍ സകല പിന്തുണയും അര്‍പ്പിച്ച് വിജയം പ്രതീക്ഷിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം.
എക്‌സിറ്റ് പോള്‍ ഫലം പോലെ മഹാസഖ്യം ഭരണത്തിലേറി തേജസ്വി യാദവ് ചരിത്രം സൃഷ്ടിക്കുമോ എന്ന് ഉറ്റു നോക്കുകയാണ് രാജ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."