മാട്ടിറച്ചി നിയന്ത്രണം: യു.പിയിലെ തുകല്‍ വ്യവസായം അടച്ചുപൂട്ടലില്‍
ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ മാട്ടിറച്ചി വ്യാപാരികള്‍ക്കെതിരായ നീക്കം കാരണം രാജ്യത്തെ തുകല്‍ വ്യാവസായം അടച്ചുപൂട്ടലിന്റെ വക്കില്‍. പ്രതിവര്‍ഷം 12,000 കോടി ഡോളറിന്റെ വ്യാപാരം നടക്കുന്ന ഇന്ത്യന്‍ തുകല്‍ വ്യവസായം, ലോകത്തിലെ ഏറ്റവും വലിയ അഞ്ച് തുകല്‍ കമ്പോളങ്ങളില്‍ ഒന്നാണ്. ഇതിന്റെ ഭൂരിഭാഗവും യു.പിയില്‍ നിന്നുമാണ്. യു.പിയില്‍ ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രതിസന്ധി ഭാവിയില്‍ പ്രധാനമന്ത്രിയുടെ മേക്ക് ഇന്‍ ഇന്ത്യ പരിപാടിയെയും ബാധിച്ചേക്കും. അനധികൃതമെന്നാരോപിച്ച് അറവുശാലകള്‍ പൂട്ടിയതാണ് ഏറ്റവും വലിയ തിരിച്ചടി. അറവുശാലകളില്‍ നിന്നായിരുന്നു തുകല്‍ വ്യവാസയത്തിനാവശ്യമായ 80 ശതമാനം തുകലും ലഭിച്ചിരുന്നത്. ബാക്കി ഇരുപത് ശതമാനം കര്‍ഷകരും മറ്റും വളര്‍ത്തുന്നതിനിടെ ചത്തുപോകുന്ന കന്നുകാലികളില്‍ നിന്നുമായിരുന്നു. തുകല്‍ ഊറയ്ക്കിടുന്ന 400 കേന്ദ്രങ്ങളില്‍ 270 എണ്ണം മാത്രമാണ് ഇതുവരെ പ്രവര്‍ത്തിച്ചിരുന്നത്. അതില്‍ 42 എണ്ണം അടുത്തിടെ പൂട്ടി. മലിനീകരണ നിയന്ത്രണ ബോര്‍ഡ് 87 എണ്ണവും അടച്ചുപൂട്ടി. മാട്ടിറച്ചി കടകളില്‍ പലതിനും താഴ് വീണു.
രണ്ടാഴ്ച മുമ്പ് കാണ്‍പൂരിലെ തുകല്‍ മൊത്തക്കച്ചവട സ്ഥാപനത്തിന്റെ ഗോഡൗണ്‍ പൊലിസ് റെയ്ഡ് നടത്തി. പശുവിന്റെ തൊലി ഗോഡൗണില്‍ സൂക്ഷിച്ചിരിക്കുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡെന്നാണ് പൊലിസ് അറിയിച്ചത്.
സംസ്ഥാനത്തെ 95 ശതമാനം തുകല്‍ വ്യാപാരകേന്ദ്രങ്ങളും അടച്ചുപൂട്ടിയതായി തുകല്‍ വ്യാപാരിയായ ഫര്‍ഹത്ത് ഹുസൈന്‍ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള തുകല്‍ വ്യാപാരികള്‍ ഉത്തര്‍പ്രദേശിലേക്കു വരാനും ഭയപ്പെടുകയാണ്. ഗോരക്ഷകരില്‍ നിന്നുള്ള ഭീഷണിയും ശക്തമാണ്. മാസങ്ങളായി തുകല്‍ വ്യാവസായം ഇടിഞ്ഞതായും ഇപ്പോള്‍ 20 ശതമാനമേ കച്ചവടം നടക്കുന്നുള്ളൂവെന്നുമാണ് തുകല്‍ വ്യാപാരി സംഘടനയുടെ വൈസ്പ്രസിഡന്റ് മിറാജ് സോളങ്കി പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."