രാജ്യത്ത് ഏറ്റവും വൃത്തിയുള്ളത് വിശാഖപട്ടണം റെയില്‍വെ സ്റ്റേഷന്
ന്യൂഡല്‍ഹി: രാജ്യത്തെ തിരക്കേറിയ 75 റെയില്‍വെ സ്റ്റേഷനുകളില്‍ ഏറ്റവും വൃത്തിയുള്ള സ്റ്റേഷന് ആന്ധ്രാ പ്രദേശിലെ വിശാഖ പട്ടണം റെയില്‍വെ സ്റ്റേഷന്. ഇന്നലെ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പുറത്തിറക്കിയ ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സര്‍വെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടും മൂന്നും സ്ഥാനത്ത് സെക്കന്തരാബാദും ജമ്മു റെയില്‍വെ സ്റ്റേഷനുമാണ്. മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍, ഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ റെയില്‍വെ സ്റ്റേഷന് എന്നിവയാണ് നാലും അഞ്ചും സ്ഥാനത്തെത്തിയത്. എല്ലാ സ്റ്റേഷനുകളും ശുചീകരിക്കുകയെന്നതാണ് ലക്ഷ്യമെന്ന് മന്ത്രി അറിയിച്ചു.
റെയില്‍വെ മന്ത്രാലയത്തിന്റെ സ്വച്ഛ് റെയില്‍ കാംപയിനിന്റെ ഭാഗമായി നടത്തിയ മൂന്നാമത്തെ സര്‍വെയാണ് ഇത്. വൃത്തിഹീനമായ രാജ്യത്തെ റെയില്‍വേ സ്റ്റേഷനാണ് ബിഹാറിലെ ദര്‍ബംഗ സ്റ്റേഷന്. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിനിധാനം ചെയ്യുന്ന വാരണാസി റെയില്‍വെ സ്റ്റേഷന് 14ാം സ്ഥാനത്താണ്. ന്യൂഡല്‍ഹി സ്റ്റേഷന് 39ാം സ്ഥാനത്തുള്ളപ്പോള്‍ നിസാമുദീന്‍, ഓള്‍ഡ് ഡല്‍ഹി സ്റ്റേഷനുകള്‍ 23, 24 സ്ഥാനങ്ങളിലാണ്.
വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ റെയില്‍വെ സ്റ്റേഷനുകള്‍ എ1, എ, ബി, സി, ഡി. ഇ, എഫ് എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. 50 കോടിക്കു മുകളില്‍ വാര്‍ഷിക വരുമാനമുള്ള സ്റ്റേഷനുകളാണ് എ1 പട്ടികയില്‍ വരുന്നത്. 50 കോടിക്കും ആറുകോടിക്കും ഇടയിലുള്ളവ എ കാറ്റഗറിയില്‍ വരും. നഗരപ്രാന്തത്തിലുള്ള എല്ലാ സ്റ്റേഷനുകളെയും സി കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഏറ്റവും കുറവ് വരുമാനമുള്ളവയാണ് എഫ് കാറ്റഗറിയില്‍ വരുന്നത്. രാജ്യത്തെ 75 സ്റ്റേഷനുകള്‍ എ1 കാറ്റഗറിയില്‍ വരുമ്പോള്‍, എ കാറ്റഗറിയില്‍ 332 സ്റ്റേഷനുകളുണ്ട്. വൃത്തിയില്ലെങ്കിലും വരുമാനത്തിന്റെ കാര്യത്തില്‍ എ കാറ്റഗറിയില്‍ വരുന്ന സ്റ്റേഷനാണ് ബിഹാറിലെ ജോഗ്ബാനി സ്റ്റേഷന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."