ജുവനൈല്‍ നിയമം: അനാഥശാലകളെ ഒഴിവാക്കണം
കുട്ടിക്കുറ്റവാളികളുടെ പ്രായപരിധി സംബന്ധിച്ചുണ്ടായ വിവാദങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും ഫലമായിരുന്നു ജനുവരി 15 മുതല്‍ പുതിയ ബാലനീതി നിയമം നിലവില്‍ വന്നത്. 2015 ഡിസംബറിലാണ് ബാലനിയമം പാര്‍ലമെന്റ് താല്‍ക്കാലികഭേദഗതി ചെയ്തത്. ജനുവരിയില്‍ പുതിയ ബാലനീതി നിയമം പ്രാബല്യത്തില്‍ വരികയും ചെയ്തു.
കുട്ടിക്കുറ്റവാളികളെ നിര്‍ണയിക്കുന്നതിനപ്പുറം പുതിയ നിയമം അനാഥശാലകളെ തകര്‍ക്കും വിധത്തിലാണ് പുറത്തുവന്നത്. ഇതിനെതിരേ രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നിട്ടും സര്‍ക്കാര്‍ തിരുത്തുവാന്‍ തയാറായിട്ടില്ല.
അനാഥശാലകള്‍ക്ക് താഴിടാനുള്ള ബോധപൂര്‍വമായ ഒരുനീക്കം ഈ നിയമത്തില്‍ ഒളിഞ്ഞുകിടപ്പുണ്ട്. പുതുക്കിയ ബാലനീതി നിയമത്തിനെതിരേ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ നടത്തിയ പ്രൗഢോജ്വല പ്രസംഗം ശ്രദ്ധേയമായിരുന്നു. പാര്‍ലമെന്റില്‍ കഴിഞ്ഞദിവസം നടന്ന ചൈല്‍ഡ് ലേബര്‍ പ്രൊഹിബിഷന്‍ ആന്റ് റഗുലേഷന്‍ ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടാണ് ചില നിര്‍ദേശങ്ങള്‍ എം.പി മുന്നോട്ടുവച്ചത്. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ആക്ടിനു കീഴില്‍ രാജ്യത്തെ അനാഥശാലകള്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവരുമ്പോള്‍ അനാഥശാലകളെ ഇല്ലാതാക്കുന്ന പുതിയ നിയമം ദുരുപദിഷ്ടിതമാണ്.
അനാഥശാലകളുടെ നടത്തിപ്പിലെ ക്രമക്കേടുകളായിരുന്നില്ല പുതിയ ബാലനീതി നിയമം കൊണ്ടുവരാന്‍ സര്‍ക്കാരിന് പ്രചോദനമായത്. 2012 ഡിംസംബറില്‍ ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ കൂട്ടബലാത്സംഗത്തിനിരയായ ജ്യോതിസിങ് എന്ന പെണ്‍കുട്ടിയുടെ ദാരുണമരണം രാജ്യാന്തരതലത്തില്‍ തന്നെ ഏറെ കോളിളക്കം സൃഷ്ടിച്ചതായിരുന്നു. ബസ് ജീവനക്കാര്‍ നടത്തിയ ഈ ഹീനകൃത്യത്തില്‍ ഏറെ ക്രൂരമായി പെരുമാറിയത് പതിനഞ്ചുകാരനായ കൗമാരക്കാരനായിരുന്നു. തുടര്‍ന്ന് വമ്പിച്ച ജനരോഷമാണ് ഡല്‍ഹിയില്‍ ഉണ്ടായത്.
കുട്ടിക്കുറ്റവാളിയൊഴികെയുള്ളവരെല്ലാം വധശിക്ഷക്കു വിധിക്കപ്പെട്ടപ്പോള്‍ പെണ്‍കുട്ടിയോട് ഏറ്റവും ക്രൂരമായി പെരുമാറിയ കുട്ടിക്കുറ്റവാളിയെ പ്രായപൂര്‍ത്തിയായില്ല എന്ന പരിഗണനയില്‍ മൂന്നുവര്‍ഷത്തേക്ക് ജുവനൈല്‍ ഹോമിലേക്കയക്കുകയായിരുന്നു. ഇതിനെതിരേയും ഡല്‍ഹിയില്‍ പ്രതിഷേധമിരമ്പി. വിചാരണക്കാലം ശിക്ഷയിളവായി പരിഗണിച്ച് രണ്ടരവര്‍ഷം കഴിഞ്ഞപ്പോള്‍ കുട്ടിക്കുറ്റവാളി പുറത്തിറങ്ങുകയും ചെയ്തു. ഈ മോചനത്തിനെതിരേ ജ്യോതിസിങിന്റെ മാതാപിതാക്കളുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ പിന്നെയും സമരം തുടങ്ങി. കുട്ടിക്കുറ്റവാളിയെ മോചിപ്പിക്കരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലും സുപ്രിംകോടതിയിലും ഹരജികള്‍ സമര്‍പ്പിക്കപ്പെട്ടു. എന്നാല്‍ നിലവിലുള്ള നിയമമനുസരിച്ച് കേസുകളെല്ലാം തള്ളിപ്പോവുകയായിരുന്നു.
2015 ഡിസംബറില്‍ പാര്‍ലമെന്റ് ചേര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് കുട്ടിക്കുറ്റവാളിയെ മോചിപ്പിക്കാനുള്ള കോടതിവിധി വന്നതും. വിധിക്കെതിരേ നാനാഭാഗത്തുനിന്നും വന്ന വിമര്‍ശനങ്ങള്‍ ബാലനീതി നിയമഭേദഗതിക്കായുള്ള മുറവിളിയായി പരിണമിക്കുകയായിരുന്നു. പാര്‍ലമെന്റിന് ഈ ആവശ്യം അവഗണിക്കാനാവാതെ വന്നത് ദിവസങ്ങളോളം ഡല്‍ഹിയില്‍ ഈ ആവശ്യമുന്നയിച്ച് തമ്പടിച്ച ജനക്കൂട്ടമായിന്നു. ജനക്കൂട്ടത്തെ തണുപ്പിക്കാന്‍ ബാലനീതി നിയമത്തില്‍ പാര്‍ലമെന്റ് താല്‍ക്കാലിക ഭേദഗതി പാസാക്കി. ഇതനുസരിച്ച് 16 മുതല്‍ 18 വയസുവരെയുള്ളവര്‍ ഗുരുതരമായ കുറ്റം ചെയ്താല്‍ അവരെ മുതിര്‍ന്ന കുറ്റവാളികളായി പരിഗണിച്ച് കുറ്റത്തിനനുസരിച്ചുള്ള ശിക്ഷയ്ക്ക് ശിപാര്‍ശ ചെയ്യുന്നതായിരുന്നു ഭേദഗതി. കഴിഞ്ഞ ജനുവരിയില്‍ ബാലനീതി നിയമം പാസാക്കിയപ്പാള്‍ അനാഥശാലകളില്‍ ചേര്‍ക്കുന്ന കുട്ടികളുടെ ഭാവിനശിപ്പിക്കും വിധത്തിലായി.
ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങള്‍ നടത്തുന്ന അനാഥശാലകളുടെ മരണമണി മുഴക്കുകയാണ് ഇതിലൂടെ. കൊക്കിനുവച്ചത് കുളക്കോഴിക്ക് കൊണ്ടു എന്നു പറയുന്നത് പോലെ കുട്ടിക്കുറ്റവാളികള്‍ക്കെതിരെയുള്ള പുതിയ ശിക്ഷാമുറ ബാലനീതി നിയമമായപ്പോള്‍ അനാഥശാലകള്‍ക്കെതിരെയുള്ള നിയമമായി മാറി. ഇതിലെ വകുപ്പുകള്‍ അനുസരിച്ച് അനാഥശാലകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ചൈല്‍ഡ് കെയര്‍ സ്ഥാപനങ്ങളും സാമൂഹിക നീതിവകുപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനമേധാവികള്‍ ഒരുവര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും ഒടുക്കണം. രജിസ്‌ട്രേഷന് താമസം വരുത്തുന്ന ഓരോ മാസവും പുതിയ കേസായി പരിഗണിക്കും.
സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകാനാവശ്യമായ പ്രവര്‍ത്തനഫണ്ട് 550 കോടി രൂപ സ്ഥാപനങ്ങള്‍ സ്വയം വഹിച്ച് നടത്തിക്കൊണ്ടുപോകണം. അല്ലാത്തപക്ഷം ഒരുവര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും സ്ഥാപനമോധാവികള്‍ക്കെതിരെ പ്രയോഗിക്കും. നൂറുകുട്ടികളെ പരിപാലിക്കാന്‍ 40 ജീവനക്കാരെ നിയമിക്കണം. പുതിയ ബാലനീതി നിയമത്തിലെ നിബന്ധനകളാണിതൊക്കെ. രക്ഷിതാക്കള്‍ നഷ്ടപ്പെടുന്ന അനാഥരായിത്തീരുന്ന കുട്ടികള്‍ വിദ്യാഭ്യാസം നേടുന്നതും ഉയര്‍ന്ന നിലയില്‍ എത്തുന്നതും തടയുവാനുള്ള ബോധപൂര്‍വ്വമായ ഒരു നീക്കം ഇതിനുപിന്നിലുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ബാലനീതിയെന്നല്ല ബാലഅനീതിയായാണ് ഈ നിയമം വിശേഷിപ്പിക്കപ്പെടേണ്ടത്.
പൊതുജനങ്ങളില്‍ നിന്നു പിരിച്ചെടുത്ത് ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാതെ നല്ലനിലയില്‍ പ്രവര്‍ത്തിച്ചുപോരുന്ന അനാഥശാലകളെ ജുവനൈല്‍ ജസ്റ്റിസ് ആക്ടിന്റെ പരിധിയില്‍ കൊണ്ടുവന്നത് അത്തരം സ്ഥാപനങ്ങളെ നശിപ്പിക്കാനുള്ള ഗൂഢപദ്ധതികളുടെ ഭാഗമായി മാത്രമേ കാണാനാവൂ. ഇതിനെതിരെ മുസ്‌ലിംലീഗ് എം.പി ഇ.ടി മുഹമ്മദ് ബഷീര്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധയില്‍പെടാതെ പോയതില്‍ അദ്ഭുതമില്ല.
രക്ഷിതാക്കള്‍ നഷ്ടപ്പെട്ട നിര്‍ധനരായ കുട്ടികളെ ജാതിമതഭേദമന്യേ സംരക്ഷിച്ച് പരിപാലിച്ച് പോരുന്ന സ്ഥാപനങ്ങളെ കരുതിക്കൂട്ടി തകര്‍ക്കുന്ന പുതിയ ബാലനീതി നിയമത്തില്‍ നിന്നും അനാഥശാലകളെ മോചിപ്പിച്ച് നേരത്തേയുണ്ടായിരുന്ന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ആക്ടിന്റെ കീഴില്‍ തന്നെ അവയെ പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കേണ്ടത് കേന്ദ്രസര്‍ക്കാറിന്റെ ബാധ്യതയാണ്. ഈ പൊള്ളുന്ന പ്രശ്‌നം പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്ന പാര്‍ലമെന്റംഗം ഇ.ടി മുഹമ്മദ് ബഷീര്‍ അഭിനന്ദനമര്‍ഹിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."