ജക്കാര്‍ത്താ ഗെയിംസിനെച്ചൊല്ലി അഭിമാനിച്ചാല്‍ മാത്രം മതിയോ
ഏഷ്യന്‍ ഗെയിംസിന്റെ അറുപത്തിയേഴു വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടത്തിന്റെ ആവേശത്തിലാണിന്ന് ഇന്ത്യ. 19 സ്വര്‍ണവും 24 വെള്ളിയും 30 വെങ്കലവുമടക്കം അറുപത്തിയൊന്‍പതു മെഡലുകള്‍. ഈ പ്രകടനങ്ങളെ മുന്‍നിര്‍ത്തി രണ്ടു വര്‍ഷത്തിനുള്ളില്‍ വരാനിരിക്കുന്ന ടോക്യോ ഒളിംപിക്‌സില്‍ നേട്ടം കൈവരിക്കാമെന്ന പ്രതീക്ഷയും രാജ്യത്തിനുണ്ട്.
1500 മീറ്റര്‍ ഓട്ടത്തില്‍ ജക്കാര്‍ത്തയില്‍ സ്വര്‍ണം നേടിയ ജിന്‍സണ്‍ ജോണ്‍സണ്‍ കഴിഞ്ഞ റിയോ ഒളിംപിക്‌സില്‍ ജേതാവായ അമേരിക്കന്‍ താരം മാത്യു സെന്‍ട്രോവിറ്റ്‌സിനേക്കാള്‍ മികച്ച സമയമാണു കുറിച്ചിരിക്കുന്നത്. ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര ഒളിംപിക്‌സ് വെങ്കല ദൂരത്തേക്കാള്‍ മികച്ച ദൂരം എറിഞ്ഞാണു ജയിച്ചത്. ഷോട്ട്പുട്ടില്‍ തേജിന്ദര്‍പാലും ഒളിംപിക്‌സ് പ്രതീക്ഷ നല്‍കുന്നു.
അതായത്, ചരിത്രത്തിലെ ഏറ്റവും മികച്ച ഏഷ്യന്‍ ഗെയിംസ് നേട്ടങ്ങളുടെ ഉടമകളായി എന്നതിലുമപ്പുറം ഒളിംപിക് നിലവാരത്തിലേയ്ക്കു നമ്മുടെ കളിക്കാര്‍ ഉയര്‍ന്നുവെന്ന അഭിമാനമാണു കായികവൃത്തങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. നാം 'ആഗോള സ്‌പോര്‍ട്ടിങ് സ്റ്റേജി'ല്‍ പ്രവേശിച്ചുകഴിഞ്ഞു എന്ന മട്ടിലുള്ള ഈ ആവേശത്തെ ഒരു ഒളിംപിക് മെഡലിസ്റ്റാണ് നമ്മുടെ കായികമന്ത്രിയെന്ന വസ്തുതയോടു ചേര്‍ത്തുവച്ചു കാര്യങ്ങള്‍ക്കു മറ്റൊരു മാനം നല്‍കുന്നുമുണ്ട് ചിലര്‍.
കാര്യം ശരിയാണ്, ഏതന്‍സ് ഒളിംപിക്‌സില്‍ വെള്ളിമെഡല്‍ ജേതാവായ രാജ്യവര്‍ധന്‍സിങ് റാത്തോഡ് ഇന്നു കേന്ദ്രമന്ത്രിയാണ്. പല സ്വപ്നപദ്ധതികളും അദ്ദേഹത്തിനുണ്ടുതാനും. എന്നാല്‍, ഒരു 'സ്‌പോര്‍ട്ടിങ് നാഷനാ'യി ഇന്ത്യ മാറിയെന്നു ജക്കാര്‍ത്തയിലെ പ്രകടനത്തെ മുന്‍നിര്‍ത്തി എത്രത്തോളം പറയാന്‍ സാധിക്കുമെന്നാണ് ഇപ്പോഴത്തെ അഭിമാനപുളകങ്ങള്‍ക്കിടയിലും ചോദിക്കേണ്ടത്.
ജക്കാര്‍ത്തയിലെ പ്രകടനം വിശകലനം ചെയ്യുമ്പോള്‍ അടിസ്ഥാനപരമായി ഒരുകാര്യം മനസ്സിലാക്കേണ്ടതുണ്ട്. ടീമിനങ്ങളില്‍ എന്നതിലേറെ വ്യക്തിഗത ഇനങ്ങളിലാണ് ഇന്ത്യ നേട്ടങ്ങള്‍ കൂടുതലും കൈവരിച്ചത്. അത്‌ലറ്റിക്‌സിലായിരിക്കുമല്ലോ സ്വാഭാവികമായും വ്യക്തിഗതനേട്ടങ്ങളുണ്ടാവുക. ഇന്ത്യ മൊത്തത്തില്‍ 15 സ്വര്‍ണമെഡലുകളാണു നേടിയത്. അവയില്‍ ഏഴും അത്‌ലറ്റിക്‌സിലാണ്. ഇന്ത്യയുടെ മൊത്തം മെഡലുകളില്‍ 19 എണ്ണവും ട്രാക്ക് ആന്റ് ഫീല്‍ഡ് ഇനങ്ങളിലാണ്. പിന്നെയുള്ളത് ഷൂട്ടിങിലും റസ്‌ലിങിലും മറ്റും. ടേബിള്‍ ടെന്നീസിലും ബാഡ്മിന്റണിലും (പി.വി സിന്ധുവിന്റെ വെള്ളി, സൈന നെഹ്‌വാളിന്റെ വെങ്കലം) മെഡലുകള്‍ നേടിയതും വ്യക്തിഗത ഇനങ്ങളിലാണ്.
അതേസമയം, ഹോക്കി, കബഡി തുടങ്ങിയ ടീമിനങ്ങളില്‍ നാം പുറന്തള്ളപ്പെട്ടു. വോളിബോള്‍, ഹാന്‍ഡ്‌ബോള്‍ തുടങ്ങിയ ഇനങ്ങളില്‍ നിരാശാജനകമായിരുന്നു പ്രകടനം. ആവേശത്തിമര്‍പ്പു മാറ്റിവച്ചു നമ്മുടെ നേട്ടങ്ങളെയും കോട്ടങ്ങളെയും വിലയിരുത്തിയാല്‍ മാത്രമേ എവിടെയാണു പിഴവെന്നും എങ്ങനെയാണതു പരിഹരിക്കാനാവുകയെന്നും തിരിച്ചറിയുകയുള്ളൂ.
ഏഷ്യന്‍ ഗെയിംസിലോ ഒളിംപിക്‌സിലോ നേടിയ മെഡലുകളുടെ അടിസ്ഥാനത്തിലല്ല, രാജ്യത്തു സാമാന്യമായി കായികരംഗത്തുണ്ടായ ഉണര്‍വിന്റെ പശ്ചാത്തലത്തിലാണു നമ്മുടേതു കായികരാജ്യമാണോ അല്ലയോയെന്നു നിര്‍ണയിക്കേണ്ടതെന്നു പറയുന്നവരുണ്ട്. ഈ അര്‍ഥത്തില്‍ ഇന്ത്യ ഏറെ മുന്നോട്ടു പോയിട്ടുണ്ടെന്നതു നേരുമാണ്.
തങ്ങളുടെ കുട്ടികള്‍ കളിക്കുന്നതിനെയും സ്‌പോര്‍ട്‌സ് രംഗത്തു കരിയര്‍ പടുത്തുയര്‍ത്തുന്നതിനെയും രക്ഷിതാക്കള്‍ കൂടുതലായി പ്രോത്സാഹിപ്പിക്കുന്നുണ്ട്. പണ്ടൊന്നും നാം കളിച്ചു നോക്കിയിട്ടില്ലാത്ത വുഷു, തൈക്വാന്‍ഡോ, സെപക്തക്രോ, തുഴച്ചില്‍ തുടങ്ങിയ ഇനങ്ങളില്‍ നാമിപ്പോള്‍ കാര്യമായി മത്സരിക്കുന്നു. ക്രിക്കറ്റിലും ഫുട്‌ബോളിലും മറ്റും പ്രീമിയര്‍-സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ ഇന്ത്യയില്‍ നടക്കുന്നു. അവ വന്‍തുക മുടക്കി സ്‌പോണ്‍സര്‍ ചെയ്യാന്‍ ആളുകളുണ്ട്. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും സ്‌പോര്‍ട്‌സിനു വലിയ പ്രോത്സാഹനവും പരിഗണനയും കിട്ടുന്നുണ്ട്.
പഴയപോലെയല്ല ഇന്നത്തെ സ്ഥിതി. പണ്ടു അടിസ്ഥാനസൗകര്യമില്ലാതെ കളിച്ചുവളര്‍ന്ന് ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ പരിശീലനം നടത്തിയെത്തുന്ന വിദേശരാജ്യ ടീമുകളെ ബൂട്ടു പോലുമില്ലാതെ നേരിട്ടവരായിരുന്നു നമ്മുടെ താരങ്ങള്‍. അവര്‍ക്കു പണവും കിട്ടിയിരുന്നില്ല. ഇന്നു കളിക്കാര്‍ക്കു നല്ല തോതില്‍ പണം കിട്ടുന്നു. സ്‌പോര്‍ട്‌സ് രംഗം ഈ മാറ്റത്തില്‍ നിന്നു മുതലെടുക്കുന്നുമുണ്ട്.
അടിസ്ഥാന സൗകര്യങ്ങള്‍ വികസിച്ചതോടെയാണു കായികരംഗത്തു വികസിതാവസ്ഥയിലെത്തിയ നാടുകളോടു മുട്ടിനോക്കാനുള്ള കരുത്തു നാം ആര്‍ജിച്ചത്. ഈ കരുത്താണ് ഇന്ത്യന്‍ ഫുട്‌ബോളിലെ ഇളമുറക്കാര്‍ ഈയിടെ അന്താരാഷ്ട്രരംഗത്തു നേടിയ വിജയങ്ങള്‍ക്കു പിന്നിലുള്ളത്. അര്‍ജന്റീനയെയും ഇറാഖിനെയും ഫുട്‌ബോളില്‍ തോല്‍പ്പിക്കുകയെന്നതു ചില്ലറക്കാര്യമല്ലല്ലോ.
പക്ഷേ, ഈ തിളങ്ങുന്ന ചരിത്രം പലപ്പോഴും മങ്ങിപ്പോവുന്നില്ലേ. ജക്കാര്‍ത്തയിലെ കാര്യമെടുക്കുക. കബഡിയെന്ന കളി ലോകം പഠിച്ചത് ഇന്ത്യക്കാരില്‍ നിന്നാണ്. എന്നാല്‍, ജക്കാര്‍ത്തയില്‍ നിന്നു പുരുഷ ടീമിനും വനിതാ ടീമിനും കബഡിയില്‍ മെഡലില്ലാതെ മടങ്ങേണ്ടിവന്നു. ഹോക്കിയുടെ കാര്യം അതിലേറെ കഷ്ടമാണ്. നിലവില്‍ ജേതാക്കളായ ഇന്ത്യക്ക് വെങ്കലം മാത്രമേ ലഭിച്ചുള്ളൂ. അതിന്റെ അര്‍ഥം വ്യക്തിതാരങ്ങളുടെ പ്രതിഭയിലാണു നാം വിശ്വാസമര്‍പ്പിച്ചിട്ടുള്ളതെന്നാണ്.
കൃത്യമായ ആസൂത്രണത്തോടെ പരിശീലനം നടത്തി സ്ഥാപിച്ചെടുക്കേണ്ടതാണു ടീമിനങ്ങളിലെ മേധാവിത്വം. വ്യക്തിയിലല്ല അത്തരം ഇനങ്ങളില്‍ മിടുക്കു കേന്ദ്രീകരിക്കപ്പെടുന്നത്. എന്നുമാത്രമല്ല ടീം ഇനങ്ങളില്‍ സ്ഥാപിക്കുന്ന മിടുക്കിനു തുടര്‍ച്ചയുണ്ടാവുകയും ചെയ്യും. മറിച്ച്, വ്യക്തിയിനങ്ങളില്‍ ഉണ്ടാവുന്ന നേട്ടങ്ങള്‍ കൃത്യമായും ആ താരത്തിന്റെ ഫോമിനെ ആശ്രയിച്ചു നില്‍ക്കുന്നു. ഇന്ത്യ ഇത്തരം ചില പ്രത്യേക താരങ്ങളെയാണു കാര്യമായി ആശ്രയിക്കുന്നത്.
2010ലെ ഗ്വാംഗ്‌ഷോ ഏഷ്യന്‍ ഗംയിംസിലെ 65 മെഡല്‍ എന്ന നില മെച്ചപ്പെടുത്തിയെങ്കിലും ചൈനയുടെയും ജപ്പാന്റെയും വളരെയധികം പിന്നിലാണ് ഇന്ത്യ. ഇതേവരെ ഒളിംപിക്‌സില്‍ അത്‌ലറ്റിക്‌സില്‍ ഒറ്റ മെഡല്‍ പോലും നേടാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ലെന്നത് അതിനോടു കൂട്ടിച്ചേര്‍ക്കണം. കൂടുതല്‍ വേദനാജനകം വ്യക്തിതലത്തില്‍ ഒരേയൊരു സ്വര്‍ണമെഡല്‍ മാത്രമേ ഇന്ത്യ ഒളിംപിക്‌സില്‍ നേടിയിട്ടുള്ളൂ എന്നതാണ്.
ടീമിനങ്ങളിലായിരുന്നു പണ്ട് നമ്മുടെ നേട്ടങ്ങള്‍. ഒമ്പതു സ്വര്‍ണ മെഡല്‍ ഒളിംപിക്‌സില്‍ നേടിയത് എട്ടും പല തവണയായി ഹോക്കിയിലാണ്. 2008-ലെ ബെയ്ജിങ് ഒളിംപിക്‌സില്‍ അഭിനവ് ബിന്ദ്രക്ക് ഷൂട്ടിങില്‍ സ്വര്‍ണ മെഡല്‍ കിട്ടി. അതു മാത്രമാണ് വേറെ. ഇതെല്ലാംവച്ചു നോക്കുമ്പോള്‍ കായികരംഗത്ത് ഇന്ത്യയുടെ പ്രകടനം അസ്ഥിരപ്പെടുകയാണ് എന്ന് തിരിച്ചറിയാന്‍ പ്രയാസമേതുമില്ല. ഇന്ത്യയുടെ പ്രകടനത്തിന്റെ സ്വഭാവം മാറി മറിഞ്ഞുകൊണ്ടിരിക്കുന്നു.
2016-ലെ റിയോ ഒളിംപിക്‌സില്‍ ഒരു വെള്ളിയും ഒരു വെങ്കലവും മാത്രമാണ് ഇന്ത്യ എന്ന മഹാരാജ്യം നേടിയത്. അസര്‍ബൈജാന്‍, സ്‌ലോവേനിയ, ഐവറികോസ്റ്റ്, ഫിജി തുടങ്ങിയ കൊച്ചു രാജ്യങ്ങള്‍ സ്വര്‍ണമെഡലുകള്‍ കൈനീട്ടി വാങ്ങുമ്പോഴാണ് ഖേലോ ഇന്ത്യ എന്നു ആര്‍ത്തുവിളിക്കുന്ന ഇന്ത്യ നാണം കൊണ്ട് തല കുമ്പിട്ടിരിക്കുന്നത് എന്നോര്‍ക്കണം. ഓരോ അന്താരാഷ്ട്ര മത്സരം കഴിയുമ്പോഴും ഇന്ത്യന്‍ കായികരംഗം നമ്മെ നാണം കെടുത്തിക്കൊണ്ടേയിരിക്കുന്നു, അതിന്റെ അസ്ഥിരതമൂലം; താഴെത്തട്ടില്‍ നിന്നു കരകയറാന്‍ നമുക്കൊട്ട് സാധിക്കുന്നുമില്ല.
ഇതിനെ മറ്റു ചില രാജ്യങ്ങളുടെ കായിക നേട്ടങ്ങളുമായി താരതമ്യപ്പെടുത്തുന്നത് നല്ലതാണ്. 1951-ലാണ് ആദ്യത്തെ ഏഷ്യന്‍ ഗെയിംസ് മത്സരങ്ങള്‍ ഡല്‍ഹിയില്‍ നടക്കുന്നത്. ഇന്ത്യക്ക് 15 സ്വര്‍ണ മെഡലുകള്‍ കിട്ടി. പിന്നീട് ഇന്ത്യക്ക് 15 സ്വര്‍ണ മെഡലുകള്‍ ലഭിക്കുന്നത് ഇപ്പോഴത്തെ ജക്കാര്‍ത്ത ഗെയിംസില്‍ മാത്രമാണ്. എന്നു മാത്രമല്ല മൊത്തം മെഡലുകളുടെ എണ്ണത്തില്‍ പലപ്പോഴും ഇന്ത്യ പുറകോട്ടു പോവുകയും ചെയ്തു.
ഈ ചരിത്രത്തെ നാം ബ്രിട്ടന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുടെ കായിക രംഗത്തുള്ള പ്രകടനങ്ങളുമായി താരതമ്യപ്പെടുത്തണം. അതിരിക്കട്ടെ, ഏഷ്യയിലെ തന്നെ ചൈന, ജപ്പാന്‍, കൊറിയ തുടങ്ങിയ രാജ്യങ്ങളുമായി തുലനം ചെയ്താലോ! ജക്കാര്‍ത്തയില്‍ ഇന്ത്യ മെഡല്‍ നിലയില്‍ എട്ടാം സ്ഥാനത്താണ്. ഇന്ത്യക്കു മുമ്പിലുള്ള ഏഴു രാജ്യങ്ങളില്‍ ചൈനയൊഴികെയുള്ള ഏഴെണ്ണവും ചെറു രാഷ്ട്രങ്ങളാണ്. ജക്കാര്‍ത്തയിലെ മികച്ച വിജയത്തെച്ചൊല്ലിയുള്ള അഭിമാനാഘോഷങ്ങള്‍ക്കിടയില്‍ നാം ഇതേക്കുറിച്ചാണ് ആശങ്കപ്പെടേണ്ടത്.
ഈ കണക്ക് നോക്കുക- 1996ല്‍ അറ്റ്‌ലാന്റാ ഒളിംപിക്‌സില്‍ ബ്രിട്ടന് ഒരു സ്വര്‍ണ മെഡല്‍ മാത്രമാണ് നേടാനായത്. 2016-ലെ റിയോ ഒളിംപിക്‌സ് ആയപ്പോഴേക്ക് അത് 27 ആയി മാറി. ഇന്ത്യക്ക് ഇതേവരെ ഒരിക്കല്‍ പോലും അത്‌ലറ്റിക്‌സില്‍ മെഡല്‍ നേടാനായിട്ടില്ല. 2012-ല്‍ ലണ്ടന്‍ ഒളിംപിക്‌സില്‍ മൊത്തം ആറു മെഡലുകള്‍ നേടിയപ്പോള്‍ നാം പ്രതീക്ഷിച്ചത് 2016-ല്‍ റിയോയില്‍ അത് ഇരട്ടിയാക്കാമെന്നാണ്. എന്നാല്‍ കിട്ടിയതോ, പി.വി സിന്ധുവിന്റെ ബാഡ്മിന്റണിലെ വെള്ളി. റസ്‌ലിങില്‍ അപ്രതീക്ഷിതമായി സാക്ഷി മാലിക് നേടിയ വെങ്കലവും.
അതേസമയം ലണ്ടനില്‍ (ഹോം ഗ്രൗണ്ടില്‍) 65 മെഡല്‍ നേടിയ ബ്രിട്ടന് രാജ്യത്തിനു പുറത്ത് റിയോയില്‍ 67 മെഡലുകള്‍ നേടാന്‍ സാധിച്ചു. അന്താരാഷ്ട്ര മത്സരങ്ങളില്‍ ബ്രിട്ടനുമായും മറ്റും താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യ പുലര്‍ത്തുന്ന താഴ്ന്ന നിലവാരമാണ് ഇതില്‍ നിന്നു വ്യക്തമാവുന്നത്. ഈ നിലവാരത്തകര്‍ച്ച ഭാവി നേട്ടങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഖേലോ ഇന്ത്യ എന്ന പദ്ധതി നല്ലതു തന്നെ. പക്ഷേ, അതില്‍ ഒതുങ്ങിയതു കൊണ്ടു മാത്രം കാര്യമില്ല. ജക്കാര്‍ത്താ ഏഷ്യാസില്‍ ആറ് സ്വര്‍ണ മെഡല്‍ നേടിയ വനിതാ നീന്തല്‍ താരമായ റിക്കാക്കോ ഇകീയെപ്പോലെയൊരു കളിക്കാരനെയോ കളിക്കാരിയെയോ വാര്‍ത്തെടുക്കാന്‍ ഏഷ്യയിലെ 'സൂപ്പര്‍ പവറു'കളിലൊന്നായ ഇന്ത്യക്ക് കഴിയാത്തതെന്തുകൊണ്ട് എന്ന ചോദ്യത്തിന് നാം എന്ത് ഉത്തരമാണ് പറയുക.
കായികമേഖലയുടെ വളര്‍ച്ചക്കു വേണ്ടി നീക്കിവയ്ക്കുന്ന തുകയുടെ അപര്യാപ്തതയാണ് ഇന്ത്യക്ക് ശരിയായ വളര്‍ച്ച കൈവരിക്കുന്നതിനു തടസം നില്‍ക്കുന്നത് എന്ന് പറയാറുണ്ട്. അതില്‍ അല്‍പം ശരിയുണ്ട്. ക്രിക്കറ്റ്, ഫുട്‌ബോള്‍ തുടങ്ങിയ ജനപ്രിയ കളികളൊഴിച്ചു നിര്‍ത്തിയാല്‍, മറ്റു കായിക വിനോദങ്ങള്‍ക്കു വേണ്ടി കൂടുതല്‍ തുക രാജ്യം ചെലവഴിക്കുമെന്നു തോന്നുന്നില്ല. പല വികസിതരാജ്യങ്ങളും സൈക്ലിങ്, തുഴച്ചില്‍ തുടങ്ങിയ ഇനങ്ങള്‍ക്കു പോലും വന്‍ തുക ചെലവഴിക്കാറുണ്ട്. ഇന്ത്യയുടെ മൊത്തം സ്‌പോര്‍ട്‌സ് ബജറ്റില്‍ അനുവദിച്ച തുകയേക്കാള്‍ കൂടുതല്‍ വരും പല നാടുകളുടേയും ഇത്തരം ചെറുകിട വിനോദങ്ങള്‍ക്കു വേണ്ടിയുള്ള നീക്കിയിരിപ്പ്.
2018-19ലേക്കുള്ള ദേശീയ ബജറ്റില്‍ സ്‌പോര്‍ട്‌സിനു വേണ്ടി നീക്കിവച്ചത് 2196.35 കോടി രൂപയാണ്. അതില്‍ വലിയൊരു പങ്ക് (ഏതാണ്ട് 520.09 കോടി) ഖേലോ ഇന്ത്യ എന്ന പദ്ധതിക്കു വേണ്ടിയാണ്. ഈ അവസ്ഥയില്‍ സ്വകാര്യപങ്കാളിത്തത്തോടു കൂടി മാത്രമേ കളിയുടെ വളര്‍ച്ച സാധ്യമാവുകയുള്ളൂ എന്നു പറയേണ്ടിവരും. ഐ.പി.എല്ലും ഐ.എസ്.എല്ലും പോലെയുള്ള 'സ്വകാര്യ സംരംഭ'ങ്ങള്‍ കായികവിനോദങ്ങളുടെ അന്തസ്സുയര്‍ത്തിയിട്ടുണ്ടെന്നത് സമ്മതിക്കാം. എന്നാല്‍, അത്തരം മുന്‍കൈകള്‍ ഉണ്ടായിട്ടു പോലും കബഡിയും ഹോക്കിയും രക്ഷപ്പെട്ടിട്ടില്ല. കായിക സംഘാടനത്തിന്റെ പ്രശ്‌നങ്ങളാണ് പലപ്പോഴും വളര്‍ച്ചക്ക് തടസമാവുന്നത് എന്നത് നേരല്ലേ.
ഇന്ത്യയില്‍ കളി നടത്തിപ്പുകാര്‍ മൈതാനത്തിനു പുറത്ത് നടത്തിക്കൊണ്ടിരിക്കുന്ന 'കളി'കള്‍ കുപ്രസിദ്ധമാണ്. കായിക വിനോദത്തില്‍ യഥാര്‍ഥ താല്‍പര്യമുള്ളവരല്ല, സ്വന്തം അജണ്ടകള്‍ നടപ്പിലാക്കാന്‍ വ്യഗ്രത കാണിക്കുന്ന നിക്ഷിപ്ത തല്‍പരരാണ് പല കായിക സംഘടനകളുടേയും തലപ്പത്തുള്ളത്. ഇവര്‍ നടത്തുന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പരാതികളുണ്ട്. തല്‍പരകക്ഷികള്‍ കളി സംഘടിപ്പിക്കുന്ന പശ്ചാത്തലത്തില്‍ 'കളിക്കു പുറത്തുള്ള കളികള്‍'ക്കനുസരിച്ച് ആരൊക്കെയോ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് സ്വാഭാവികമാണ്. ഇന്ത്യയില്‍ മിക്കപ്പോഴും അതാണ് സംഭവിക്കുന്നത്.
വളരെ കുറച്ചു പേര്‍ മാത്രമേ കളിയെ ശ്രദ്ധിക്കുന്നുള്ളൂ. ക്രിക്കറ്റൊഴിച്ചുള്ള മറ്റു കളികളെക്കുറിച്ചറിയാവുന്നവര്‍ രാജ്യത്ത് വളരെ കുറവാണ്. പാഠ്യപദ്ധതിയിലാണെങ്കില്‍ സ്‌പോര്‍ട്‌സിനു കാര്യമായ പരിഗണന ഇല്ലതാനും. സമൂഹത്തിന്റെ മേല്‍ത്തട്ടിലുള്ള രക്ഷിതാക്കള്‍ കുട്ടികള്‍ കളിക്കാനിറങ്ങുന്നതിനെ പ്രോത്സാഹിപ്പിക്കാറുമില്ല. മിക്കപ്പോഴും ഫുട്‌ബോള്‍, ഹോക്കി തുടങ്ങിയ പരമ്പരാഗത കായികവിനോദങ്ങളില്‍ പുതുതായി ഉയര്‍ന്നുവരുന്ന കളിക്കാരെ ശ്രദ്ധിച്ചാല്‍ ഇതു വ്യക്തമാവും. സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്നുള്ളവരാണ് പ്രധാനമായും കായികരംഗത്ത് മേധാവിത്വം സ്ഥാപിച്ചെടുക്കുന്നത് എന്ന് വ്യക്തം; അതിന്റെ അര്‍ഥം 'രാജ്യത്തിന്റെ സാധ്യതകള്‍' പൂര്‍ണമായും നമ്മുടെ കായിക രംഗത്ത് പ്രതിഫലിപ്പിക്കുന്നില്ലെന്നാണ്. വലിയൊരു ശതമാനം പോലും കായിക വിനോദം ജീവിതമാര്‍ഗം(കരിയര്‍) ആക്കാന്‍ താല്‍പര്യപ്പെടുന്നില്ല.
'ജക്കാര്‍ത്തയിലെ തിളക്കമാര്‍ന്ന പ്രകടനത്തെപ്പറ്റി പറയുമ്പോഴെല്ലാം ഒരു കാര്യം നാം ഓര്‍ത്തുകൊണ്ടേ ഇരിക്കണം. ഒളിംപിക്‌സില്‍ വ്യക്തിഗത ഇനത്തില്‍ സ്വര്‍ണ മെഡല്‍ നേടിയ ഒറ്റ ഇന്ത്യക്കാരനേയുള്ളൂ; അഭിനവ് ബിന്ദ്ര. പുതിയ ബിന്ദ്രമാര്‍ ഉണ്ടാവാന്‍ മാത്രം നാം പ്രതീക്ഷാജനകമാണോ'- കേന്ദ്രമന്ത്രി റാത്തോഡ് ജക്കാര്‍ത്തയില്‍ സ്വര്‍ണം നേടിയ ചെറുപ്പക്കാരെ ചൂണ്ടി പറഞ്ഞു. ആ സന്തുഷ്ടി നമുക്ക് മനസിലാക്കാവുന്നതേയുള്ളൂ. മെഡല്‍ നേടിയവരില്‍ 31 പേര്‍ 21 വയസില്‍ താഴെയുള്ളവരാണ്.
അവരില്‍ ഷൂട്ടിങില്‍ സ്വര്‍ണം നേടിയ സൗരഭ് ചൗധുരി, ബോക്‌സിങില്‍ സ്വര്‍ണം ലഭിച്ച ഇരുപത്തിയൊന്നുകാരന്‍ അമിത്, ജാവലിന്‍ത്രോയിലെ വിജയി ഇരുപതുകാരന്‍ നീരജ് ചോപ്ര, ഹെപ്റ്റാത്ത്‌ലണ്‍ വിജയി സ്വപ്ന ബര്‍മന്‍ എന്നിവരെല്ലാം പെടും. ഈ യുവനിര പ്രതീക്ഷയേകുന്നു എന്നതും നേരാണ്. എന്നാല്‍, അടുത്ത ഒളിംപിക്‌സ് വരേയും ഏഷ്യാസ് വരേയും ഇവരുടെ ഫോം മെച്ചപ്പെടുത്താനോ നിലനിര്‍ത്താനോ വരേയുള്ള ആന്തരിക സംവിധാനങ്ങളും മനസും നമുക്കുണ്ടോ എന്നതാണ് ചോദ്യം. അതോ, അഭിനവ് ബിന്ദ്രയില്‍ തുടങ്ങി അഭിനവ് ബിന്ദ്രയില്‍ അവസാനിച്ചു പോകുമോ നമ്മുടെ മോഹങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."