സൗമ്യക്ക് നിറമിഴികളോടെ വിട
ദുഃഖം സഹിക്കാനാകാതെ സഹപ്രവര്‍ത്തക കുഴഞ്ഞുവീണു
കായംകുളം: സഹപ്രവര്‍ത്തകന്റ കരങ്ങളാല്‍ കൊല്ലപ്പെട്ട വനിതാ സി.പി.ഒ സൗമ്യ പുഷ്പാകരന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ഇന്നലെ രാവിലെ ഒന്‍പതിന് സൗമ്യയുടെ മൃതശരീരം ഓച്ചിറയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍നിന്ന് വള്ളിക്കുന്നം പൊലിസ് സ്റ്റേഷനു മുന്നില്‍ ഒരുക്കിയിരുന്ന പന്തലില്‍ എത്തിച്ചു. സഹപ്രവര്‍ത്തകരും നാട്ടുകാരുമടക്കം ആയിരങ്ങള്‍ ഇവിടെ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. പിന്നീട് സൗമ്യ പരിശീലകയായ ഇലിപ്പക്കുളം കെ.കെ.എം.വി.എച്ച്.എസിലെ എസ്.പി.സി കേഡറ്റുകള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. കേഡറ്റുകളുടെ ദുഃഖം കണ്ണീരായി പുറത്തേക്ക് വന്നത് കൂടെയുള്ള പൊലിസുകാരുടെ കണ്ണുകളും ഈറനണിയിച്ചു.
പിന്നീട് വിലാപയാത്രയായി മൃതദേഹം നാലു കിലോമീറ്റര്‍ അകലെയുള്ള സൗമ്യയുടെ വീടായ തെക്കേമുറി ഊപ്പന്‍ വിള വീട്ടിലേക്ക് കൊണ്ടുപോയി. എസ്.പി.സി കേഡറ്റുകളും സഹപ്രവര്‍ത്തകരും നാട്ടുകാരും വിലാപയാത്രയെ അനുഗമിച്ചു. റോഡിനിരുവശവും വിലാപയാത്ര കാണാന്‍ നാട്ടുകാര്‍ തടിച്ചുകൂടി. 10.30 ഓടെ വീട്ടിലെത്തിച്ച മൃതദേഹം വീടിനുള്ളില്‍ പത്തു മിനുട്ടോളം വച്ച ശേഷം വീടിനു മുന്നിലെ പന്തലിലേക്ക് മാറ്റി. നിറകണ്ണുകളോടെ ആയിരങ്ങള്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ദുഃഖം സഹിക്കാനാകാതെ കുഴഞ്ഞുവീണ സൗമ്യ പുഷ്പാകരന്റെ സഹപ്രവര്‍ത്തക സൗമ്യയെ പൊലിസ് തന്നെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചു.
അന്ത്യകര്‍മങ്ങള്‍ക്കു ശേഷം 11.15 ഓടെ മകന്‍ ഋഷികേശ് ചിതയ്ക്ക് തീ കൊളുത്തി. ലിബിയയിലായിരുന്ന സൗമ്യയുടെ ഭര്‍ത്താവ് സജീവ് ബുധനാഴ്ച രാത്രിയാണ് നാട്ടിലെത്തിയത്. ആര്‍. രാജേഷ് എം.എല്‍.എ, മുന്‍ എം.പി സി.എസ്.സുജാത, വനിതാ കമ്മിഷന്‍ അംഗം എം.എസ് താര, ജില്ലാ പൊലിസ് മേധാവി കെ.എം ടോമി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അരിതാ ബാബു, കെ. സുമ, ഡിവൈ.എസ്.പിമാരായ അനീഷ് വി.കോര, വി.വിനു, കെ.പി.സി.സി സെക്രട്ടറി കെ.പി ശ്രീകുമാര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര്‍ മഹേഷ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ. സോമന്‍, പലമുറ്റത്ത് വിജയകുമാര്‍, പൊലിസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എ. അഞ്ജു, സെക്രട്ടറി വി. വിവേക്, പൊലിസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ബിജു വി.നായര്‍, സെക്രട്ടറി കെ. ജയകൃഷ്ണന്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."