തോട്ടണ്ടി ഇറക്കുമതിയിലെ അഴിമതി അന്വേഷിക്കണം: പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് തോട്ടണ്ടി ഇറക്കുമതി ചെയ്തതിലെ അഴിമതി വിജിലന്‍സ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. കശുവണ്ടി മേഖലയില്‍ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും നയവൈകല്യവും കാരണം മൂന്നു ലക്ഷം തൊഴിലാളികളുടെ ജീവിതം വഴിമുട്ടി നില്‍ക്കുകയാണെന്നും മൂന്നുപേര്‍ ആത്മഹത്യ ചെയ്‌തെന്നും കാണിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെയാണ് പ്രതിപക്ഷം വാക്കൗട്ട് നടത്തിയത്. വാക്കൗട്ട് പ്രസംഗത്തിലാണ് കശുവണ്ടി ഇറക്കുമതിയില്‍ വ്യാപക അഴിമതിയുണ്ടെന്ന ആരോപണം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചത്.
അഴിമതി ആക്ഷേപം വന്നതോടെ ഭരണപക്ഷ അംഗങ്ങള്‍ ബഹളംവച്ചു. പാര്‍ലമെന്ററികാര്യ മന്ത്രി എ.കെ ബാലന്‍ ഇതിനെതിരേ ക്രമപ്രശ്‌നവും ഉന്നയിച്ചു. അഴിമതിയാരോപണം അടിയന്തരപ്രമേയത്തില്‍ എവിടെയും ഉന്നയിച്ചിട്ടില്ലെന്നും മുന്‍കൂട്ടി എഴുതിക്കൊടുക്കാതെയാണ് ആരോപണമെന്നും അതുകൊണ്ടുതന്നെ മന്ത്രിക്ക് മറുപടി പറയാനായിട്ടില്ലെന്നും അത് രേഖകളില്‍നിന്ന് നീക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സ്പീക്കര്‍ ഇക്കാര്യം അംഗീകരിക്കുകയും ചെയ്തു.
യു.ഡി.എഫ് കാലത്ത് ഇടനിലക്കാരായിരുന്നവര്‍ തന്നെയാണ് ഇപ്പോഴും ഏജന്റുമാര്‍. ഗുണനിലവാരമില്ലാത്ത തോട്ടണ്ടി വാങ്ങി കാപ്പക്‌സിന്റെയും കശുവണ്ടി വികസന കോര്‍പറേഷന്റെയും തലയില്‍ കെട്ടിവച്ച് നഷ്ടം അവരുടെ പേരിലാക്കുകയാണ് ചെയ്തത്. തൊഴിലാളിയുടെ പേരില്‍ നടക്കുന്ന അഴിമതിയാണിത്. വര്‍ഷം മുഴുവന്‍ തൊഴില്‍ നല്‍കുമെന്നു പറഞ്ഞിട്ട് സര്‍ക്കാര്‍ അധികാരത്തില്‍വന്ന് മൂന്നു വര്‍ഷമായിട്ടും എഴുന്നൂറിലധികം സ്വകാര്യ കശുവണ്ടി ഫാക്ടറികള്‍ തുറന്നിട്ടില്ല.
സര്‍ക്കാര്‍ മേഖലയിലും 40 ഫാക്ടറികള്‍ അടഞ്ഞുകിടക്കുകയാണ്. തൊഴിലാളിയുടെ പേരില്‍ മുതലക്കണ്ണീര്‍ ഒഴുക്കുകയല്ലാതെ അവര്‍ക്ക് തൊഴില്‍ കൊടുക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. കണ്ണീരൊഴുക്കിക്കൊണ്ട് കഴുത്തറുക്കുന്ന വിദ്യയാണ് മന്ത്രി പറഞ്ഞതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
കശുവണ്ടി ഇറക്കുമതിയിലെ അഴിമതിയെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കശുവണ്ടി മേഖലയില്‍ കാര്യമായ പ്രതിസന്ധിയില്ലെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഓണ്‍ലൈന്‍ ടെണ്ടറില്‍ വിദേശ കമ്പനികള്‍ക്ക് പങ്കെടുക്കാന്‍ സാധിക്കാത്തതിനാല്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനാണ് സീല്‍ഡ് ടെണ്ടര്‍ കൊണ്ടുവന്നത്.
കശുവണ്ടി ഇറക്കുമതി ചെയ്യുന്നത് ഏത് ഏജന്റാണെന്നത് സര്‍ക്കാരിന്റെ പ്രശ്‌നമല്ലെന്നും ഏതു കമ്പനിക്കും ഏത് ഏജന്റിനെയും വയ്ക്കാമെന്നും സുതാര്യമായ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് കാഷ്യു ബോര്‍ഡ് തോട്ടണ്ടി വാങ്ങിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. തുടര്‍ന്നാണ് പ്രതിപക്ഷം സഭയില്‍നിന്നിറങ്ങിപ്പോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."