വിദേശികളുടെ കൊഴിഞ്ഞു പോക്ക്: സഊദിയില്‍ വീട്ടുവാടകയില്‍ വീണ്ടും ഇടിവ്
റിയാദ്: തൊഴില്‍ മന്ത്രാലയത്തിന്റെ പരിഷ്കാരങ്ങള്‍ മൂലം വിദേശികള്‍ വ്യാപകമായി രാജ്യം വിടുന്നതിനാല്‍ സഊദിയില്‍ വീട്ടുവാടകയില്‍ വീണ്ടും കനത്ത ഇടിവ് രേഖപ്പെടുത്തി. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളിലാണ് വിട്ടുവാടകയുടെ കുറയല്‍ തുടരുന്നതായി വ്യക്തമാക്കുന്നത്. ജീവിത ചെലവ് സൂചികയില്‍ പാര്‍പ്പിട വാടക വിഭാഗം മൂന്നര ശതമാനം കുറഞ്ഞതായാണ് വ്യക്തമാക്കുന്നത്.
റിയല്‍ എസ്റ്റേറ്റ് മേഖലക്ക് കനത്ത തിരിച്ചടി നല്കി തുടര്‍ച്ചയായി ഏഴാം മാസമാണ് പാര്‍പ്പിട വാടകയില്‍ ഇടിവ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പാര്‍പ്പിട വാടക സൂചിക 110.6 പോയിന്റ് ആയിരുന്നുവെങ്കില്‍ ഈ വര്‍ഷം അത് 106.7 പോയിന്റ് ആയാണ് കുറഞ്ഞത്. 2017 ഡിസംബറിനെ അപേക്ഷിച്ച് 2018 ജൂലൈയില്‍ വാടക സൂചിക നാലു ശതമാനം കുറഞ്ഞിട്ടുണ്ട്. പാര്‍പ്പിടം, ജലം, വൈദ്യുതി, ഗ്യാസ്, ഇന്ധനം എന്നിവ അടങ്ങിയ ഗ്രൂപ്പ് ആണ് പണപ്പെരുപ്പത്തില്‍ ഏറ്റവും വലിയ സ്വാധീനം ചെലുത്തുന്നത്. ഈ ഗ്രൂപ്പിന്റെ സൂചിക ജൂലൈയില്‍ 1.3 ശതമാനം കുറഞ്ഞിരുന്നു. തുടര്‍ച്ചയായി മൂന്നാം മാസമാണ് ഈ ഗ്രൂപ്പിന്റെ സൂചിക കുറയുന്നത്. ജൂണില്‍ 1.4 ശതമാനവും മെയില്‍ 0.4 ശതമാനവുമാണ് സൂചിക കുറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."