റോഹിംഗ്യന്‍ മുസ്ലിംകളുടെ ദുരിതം: യു.എന്നില്‍ ആശങ്കയറിയിച്ച് സഊദി
റിയാദ്: മ്യാന്‍മറിലെ റോഹിംഗ്യന്‍ മുസ്‌ലിംകളുടെ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നതില്‍ സഊദി അറേബ്യ ആശങ്കയറിയിച്ചു. ഐക്യരാഷ്ട്ര സഭയിലെ മനുഷ്യാവകാശ കൗണ്‍സിലിലാണ് സഊദി പ്രതിനിധി രാജ്യത്തിന്റെ ആശങ്ക അറിയിച്ചത്.
റാഖെയ്ന്‍ സംസ്ഥാനത്തും ഉത്തര മ്യാന്‍മറിലെ മറ്റു പ്രദേശങ്ങളിലും റോഹിംഗ്യന്‍ മുസ്‌ലിംകളുടെയും മറ്റു ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ ഗുരുതരമായി ലംഘിക്കപ്പെടുകയാണെന്നും അന്താരാഷ്ട്ര നിയമങ്ങള്‍ മ്യാന്‍മര്‍ സൈന്യം നഗ്‌നമായി ലംഘിക്കുകയാണെന്നും വ്യക്തമാക്കുന്ന അന്താരാഷ്ട്ര ദൗത്യസംഘത്തിന്റെ റിപ്പോര്‍ട്ട് വേദനയുളവാക്കുന്നതാണെന്നും സഊദി പ്രതിനിധി ഡോ. അബ്ദുല്‍ അസീസ് അല്‍ വാസില്‍ പറഞ്ഞു.
കൂട്ടക്കുരുതികളുടെയും കൂട്ട ബലാത്സംഗങ്ങളുടെയും ബാല പീഡനങ്ങളുടെയും തട്ടിക്കൊണ്ടുപോകലുകളുടെയും അടിച്ചമര്‍ത്തലുകളുടെയും നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ലോകത്തിനു മുന്നില്‍വച്ചിട്ടുണ്ട്. റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരേ മ്യാന്‍മര്‍ സൈന്യം നടത്തുന്ന ആക്രമണങ്ങളെ രൂക്ഷമായ ഭാഷയിലാണ് സഊദി അപലപിച്ചത്. മൃഗങ്ങളെപ്പോലും നാണിപ്പിക്കുന്ന ഇത്തരം ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം സത്വര നടപടികള്‍ സ്വീകരിക്കണമെന്നും സഊദി ആവശ്യപ്പെട്ടു.
റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കിടയില്‍ വിദ്യാഭ്യാസ, ആരോഗ്യ പദ്ധതികള്‍ നടപ്പാക്കുന്നതിന് അഞ്ചു കോടി ഡോളര്‍ സഊദി സഹായം നല്‍കിയിട്ടുണ്ട്. ഇതിനകം രണ്ടര ലക്ഷത്തോളം റോഹിന്‍ംഗ്യന്‍ മുസ്‌ലിംകള്‍ക്കു രാജ്യം അഭയം നല്‍കിയിട്ടുണ്ടെന്നും അബ്ദുല്‍ അസീസ് അല്‍ വാസില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."