റാഫേല്‍: കേന്ദ്രത്തെ വിടാതെ കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനുറച്ചു കോണ്‍ഗ്രസ്. ഇടപാട് ഓഡിറ്റു ചെയ്യണമെന്നാവശ്യപ്പെട്ടു കോണ്‍ഗ്രസ് നേതാക്കള്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിനെ (സി.എ.ജി) കണ്ടു.
36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വന്‍ വിലയ്ക്കു വാങ്ങാന്‍ തീരുമാനിച്ചതിലൂടെ പൊതുഖജനാവിനു 41,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണു കോണ്‍ഗ്രസിന്റെ ആരോപണം. ഇടപാടില്‍ ഭരണഘടനാപരമായ ഉത്തരവാദിത്തത്തിന്റെ അടിസ്ഥാനത്തിലുള്ള ഓഡിറ്റിങ് നടത്തുമെന്നു സി.എ.ജി ഉറപ്പുനല്‍കിയതായി കോണ്‍ഗ്രസ് മാധ്യമവിഭാഗം തലവന്‍ രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു.
റാഫേല്‍ ഇടപാടില്‍ ഭരണഘടനാ സ്ഥാപനമായ സി.എ.ജിയുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടാണു കോണ്‍ഗ്രസ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയത്. ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേല്‍, ജയറാം രമേഷ്, രണ്‍ദീപ് സിങ് സുര്‍ജേവാല, ആനന്ദ് ശര്‍മ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്ച.
റാഫേല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ വന്‍ ക്രമക്കേടുണ്ട്. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഒരു വിമാനത്തിന് 570 കോടിയായിരുന്നു കരാര്‍. എന്‍.ഡി.എ അത് 1,670 കോടിയായി ഉയര്‍ത്തി. ഇതിലൂടെ ഖജനാവിന് 41,000 കോടിയുടെ നഷ്ടമുണ്ടായെന്നു കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി.
ഇതുസംബന്ധിച്ച രേഖകള്‍ കൈമാറി. ഇടപാട് പരിശോധിച്ചു വിശദമായ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ സമര്‍പ്പിക്കുമെന്നു സി.എ.ജി ഉറപ്പുനല്‍കിയതായി കൂടിക്കാഴ്ചക്കു ശേഷം നേതാക്കള്‍ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."