മുല്ലപ്പള്ളിക്കു പരിഗണന നല്‍കി രാഹുല്‍; എ ഗ്രൂപ്പ് പ്രാതിനിധ്യം ഉറപ്പിച്ച് ബെന്നി ബെഹനാന്‍
തിരുവനന്തപുരം: പരാതികള്‍ക്കിടയില്ലാത്തവിധം പാര്‍ട്ടി തെരഞ്ഞെടുപ്പ് നിഷ്പക്ഷതയോടെ പൂര്‍ത്തിയാക്കി, കോണ്‍ഗ്രസില്‍ അടുത്ത തലമുറയ്ക്കു നേതൃസ്ഥാനം കൈമാറുന്നതിനു കാര്‍മികത്വം വഹിച്ച കോണ്‍ഗ്രസിന്റെ മുഖ്യ വരണാധികാരിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനുള്ള അംഗീകാരമാണു കെ.പി.സി.സി പ്രസിഡന്റായുള്ള നിയമനം. രാഹുല്‍ ഗാന്ധിയെ അധ്യക്ഷനായി പ്രഖ്യാപിച്ചുള്ള രേഖ കൈമാറിയതു മുഖ്യ വരണാധികാരിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനാണ്. ആ പ്രസിഡന്റു തന്നെ അദ്ദേഹത്തെ സംസ്ഥാന പ്രസിഡന്റായി നിയമിച്ചിരിക്കുന്നെന്ന പ്രത്യേകതയുമുണ്ട്.
പഴയ ഐ ഗ്രൂപ്പുകാരനായ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്നു പ്രഖ്യാപിത ഗ്രൂപ്പുകാരുടെയൊന്നും വരുതിയിലല്ല. എങ്കിലും എ.കെ ആന്റണിക്കൊപ്പമാണു കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ കെ.പി.സി.സി പ്രസിഡന്റിന്റെ നിയമനം ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കപ്പുറമാണെന്നു വിലയിരുത്താം. കാഴ്ചവച്ച മികച്ച പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല, രാഹുല്‍ ഗാന്ധിയുമായുള്ള അടുപ്പവും പുതിയ സ്ഥാനത്തിനു മുല്ലപ്പള്ളിക്കു ഗുണം ചെയ്തു.
അതേസമയം, യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് എ ഗ്രൂപ്പിന്റെ പ്രതിനിധിയെ തന്നെ കൊണ്ടുവരാന്‍ കേന്ദ്ര നേതൃത്വം തയാറായി. പ്രായാധിക്യംകൊണ്ടു പ്രവര്‍ത്തനരംഗത്തു സജീവമല്ലാത്ത പി.പി തങ്കച്ചനു പകരം ശക്തനായൊരു യു.ഡി.എഫ് കണ്‍വീനര്‍ വേണമെന്ന ആവശ്യം ഗ്രൂപ്പു സമവാക്യവും ജാതി സമവാക്യവും പൂര്‍ണമായി പാലിച്ചാണ് നടപ്പാക്കിയത്. എ ഗ്രൂപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായ ബെന്നി ബെഹനാനെ കൊണ്ടുവരുന്നതിലൂടെ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തുള്ള എം. വിജയരാഘവനു ശക്തനായൊരു എതിരാളിയെന്ന തത്വംകൂടിയാണു കോണ്‍ഗ്രസ് ദേശീയ നേതൃത്വം നടപ്പിലാക്കുന്നത്.
എം.എം ഹസനെ പ്രസിഡന്റു സ്ഥാനത്തുനിന്ന് ഒഴിവാക്കുമ്പോള്‍ ആ സ്ഥാനത്തേക്കു വരാന്‍ സാധ്യതയുള്ളതായി പറഞ്ഞിരുന്ന മിക്ക പേരുകളും ഭാരവാഹി സ്ഥാനങ്ങളില്‍ എത്തിയിട്ടുണ്ട്. ഗ്രൂപ്പുകളുമായി തരാതരം ചാഞ്ഞുനില്‍ക്കുന്ന കെ. മുരളീധരനു സുപ്രധാന സ്ഥാനമാണു കെ.പി.സി.സിയില്‍ ലഭിച്ചിരിക്കുന്നത്.
ഐ ഗ്രൂപ്പുകാരായ എം.ഐ ഷാനവാസ്, കെ. സുധാകരന്‍ എന്നിവരെ വര്‍ക്കിങ് പ്രസിഡന്റുമാരായി നിയമിച്ചതിലൂടെ ഗ്രൂപ്പ് സമവാക്യത്തിനു പരിഗണന നല്‍കുന്നുവെന്ന സൂചനയുമുണ്ട്. എ ഗ്രൂപ്പുകാരനാണെങ്കിലും കേന്ദ്ര നേതൃത്വവുമായി ഏറെ അടുപ്പവും ആന്റണിയുടെ അടുപ്പക്കാരനുമെന്ന നിലയിലുമാണ് കൊടിക്കുന്നില്‍ സുരേഷ് വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തെത്തിയിരിക്കുന്നത്.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടുള്ള ഭാരവാഹി തെരഞ്ഞെടുപ്പാണു കേരളത്തില്‍ ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ഈ നിയമിക്കപ്പെട്ടവരെല്ലാം തന്നെ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ എ.കെ ആന്റണിക്കു പ്രിയപ്പെട്ടവരാണെന്ന പ്രത്യേകതയുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."