അനധികൃത നിര്‍മാണത്തിനെതിരേ നഗരസഭ ഇടപെടുന്നില്ലെന്ന് ആക്ഷേപം
കുന്നംകുളം: നഗരത്തില്‍ കയ്യേറ്റങ്ങളും അനധികൃത നിര്‍മാണവും വ്യാപകമാകുമ്പോഴും നഗരസഭക്ക് വിഷയത്തില്‍ കാര്യമായ ഇടപെടല്‍ നടത്താനാകുന്നില്ലെന്ന് ആക്ഷേപം. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് ആരംഭിച്ച കയ്യേറ്റങ്ങള്‍ നഗരസഭാ ഭരണം മാറിയിട്ടും തുടരുകയാണെന്നും അന്ന് കയ്യേറ്റങ്ങള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാവശ്യമുന്നയിച്ച പ്രതിപക്ഷം ഭരണത്തിലെത്തിയപ്പോള്‍ ഇതിനെതിരെ നടപടിയെടുക്കാനാകാതെ നട്ടംതിരിയുകയുമാണെന്നാണ് ആക്ഷേപം.
സാധാരണക്കാരുടെ വീടിന്റെ മേല്‍ക്കൂര നിശ്ചിത പരിധിയില്‍ നിന്നും ഒരിഞ്ച് വ്യത്യാസ പെടുത്തിയാല്‍ നിയമങ്ങള്‍ കാട്ടി പൊളിച്ചു മാറ്റാന്‍ നിര്‍ബന്ധിക്കുന്ന ഇതേ ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇത്തരം വന്‍കയ്യേറ്റങ്ങള്‍ക്കെതിരെ നടപടിയെടുക്കാതെ മൗനം പാലിക്കുന്നതെന്നാണ് കൗണ്‍സിലര്‍മാരുടെ ആക്ഷേപം. യു.ഡി.എഫിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കഴിഞ്ഞ ഭരണ സമിതിയിലെ ചിലരുടെ ഒത്താശയോടെയാണ് നഗരത്തില്‍ ഇത്തരം കയ്യേറ്റങ്ങള്‍ നടന്നെതെന്ന് കോണ്‍ഗ്രസിലെ കൗണ്‍സിലര്‍മാര്‍ തന്നെ ആരോപിക്കുന്നുണ്ട്.
തൃശൂര്‍ റോഡിലെ കിടക്ക വില്‍പന നടത്തുന്ന സ്ഥാപനം റോഡരികിലെ പൊതുസ്ഥലം കയ്യേറി ടൈല്‍ വിരിച്ച് കമ്പികെട്ടിതിരിച്ചാണ് കയ്യേറ്റം നടത്തിയിരിക്കുന്നത്.
തൃശൂര്‍ റോഡ് വികസനത്തിന്റെ ഭാഗമായി റോഡ് വീതി കൂട്ടിയ ശേഷവും അരികിലൂടെ ചെറിയ നട വഴിയുമുണ്ടായിരുന്നു. എന്നാലിപ്പോള്‍ ഈ വഴിയും മണ്ണിട്ടു നികത്തി കോണ്‍ക്രീറ്റ് ചെയ്ത് ടൈല്‍വിരിച്ചിരിക്കുകയാണ്.
കെ.എസ്.ടി.പി റോഡിന്റെ കാനക്ക് മുകളിലെ സ്ലാബുകളില്‍ ഇരുമ്പു കമ്പികള്‍ സ്ഥാപിച്ചിട്ടുണ്ട്. കെട്ടിടത്തിലേക്ക് റോഡില്‍ നിന്നും നേരിട്ട് പ്രവേശിക്കാന്‍ കഴിയുന്ന തരത്തില്‍ 4 സെന്റോളം ഭൂമിയാണ് ഇവിടെ കയ്യേറിയിരിക്കുന്നത്. പല കെട്ടിടങ്ങളിലും ബാത്ത് റൂമുകളും, പാര്‍ക്കിങ് ഏരിയകളും മാറ്റി കെട്ടിട നിര്‍മാണ ചട്ടംലംഘിച്ച് മുറികളായി മാറ്റിയിരിക്കുകയാണ്.
ബസ്റ്റാന്റിന് മുന്നിലെ മങ്ങാടന്‍ കെട്ടിടം, ഗുരുവായൂര്‍ റോഡിലെ യു ബ്രദേഴ്‌സ് കെട്ടിടം എന്നിവിടങ്ങിളിലുള്‍പെടെ പരസ്യമായി നടക്കുന്ന അനധികൃത നിര്‍മാണം പൊളിച്ചു മാറ്റണമെന്നാവശ്യപെട്ട് ചില കൗണ്‍സിലര്‍മാര്‍ നഗര സഭക്ക് പരാതി നല്‍കിയിട്ടുണ്ട്.
എന്നാല്‍ ഈ പരാതി ചൂണ്ടികാട്ടി ബസ്റ്റാന്റിലും മറ്റും റോഡരികില്‍ കച്ചവടം ചെയ്യുന്ന ലോട്ടറി, പഴവര്‍ഗ്ഗ കച്ചവടക്കാര്‍ക്കെതിരെ നടപടിയെടുത്ത് തല്‍ക്കാലം മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍.
വടക്കാഞ്ചേരി റോഡിലും ബസ്റ്റാന്റ് പരിസ രത്തും ലോട്ടറി വില്‍പനക്കായി കുത്തിയിരിക്കുന്ന വൃദ്ധരായ കച്ചവടക്കരോട് ഇവിടെ നിന്നും എഴുന്നേറ്റ് പോകാന്‍ നഗരസഭ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."