ഈ വര്‍ഷം ഭര്‍ത്താവിന്റെ ഓര്‍മദിന ചടങ്ങില്ല; തുക ദുരിതാശ്വാസ നിധിയിലേക്ക്
കോഴിക്കോട്: പ്രിയതമന്റെ ഓര്‍മകള്‍ക്കു മുന്നില്‍ പ്രളയബാധിതരെ നെഞ്ചോടു ചേര്‍ത്ത് മുല്ലശ്ശേരിവീട്ടില്‍ ലക്ഷ്മി രാജഗോപാല്‍. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഐ.വി ശശി സംവിധാനം ചെയ്ത 'ദേവാസുരം' സിനിമയിലെ മോഹന്‍ലാലിന്റെ തലവരെ മാറ്റിയ ഒറിജനല്‍ മംഗലശ്ശേരി നീലകണ്ഠന്റെ 15-ാം ചരമവാര്‍ഷിക ദിനമായിരുന്നു ഇന്നലെ.
സമുചിതമായി ആചരിക്കാറുള്ള ഓര്‍മദിനം ഇത്തവണ പ്രളയബാധിതരോട് ഐക്യപ്പെട്ടാണു ഭാര്യ ലക്ഷ്മിയും കുടുംബവും ആചരിച്ചത്. 2003 മുതല്‍ നല്‍കിവരാറുള്ള പുരസ്‌കാരവും വേണ്ടെന്നുവച്ചു. കോഴിക്കോട് ചാലപ്പുറം മുല്ലശേരിവീട്ടില്‍ രാജഗോപാലനെയാണ് ഐ.വി ശശി 'ദേവാസുര'ത്തില്‍ മംഗലശ്ശേരി നീലകണ്ഠനായി അഭ്രപാളിയില്‍ എത്തിച്ചത്.
ഓര്‍മദിവസത്തിലെ ചടങ്ങുകള്‍ മാറ്റിവച്ച് അതിനു ചെലവാകുന്ന തുകയും അവാര്‍ഡ് തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയാണ് ഭാര്യ ഓര്‍മദിനം വേറിട്ടതാക്കിയത്.
വീട്ടില്‍ നടന്ന ലളിതമായ ചടങ്ങില്‍ മുല്ലശേരി രാജുവിന്റെ കൊച്ചുമകളും ചലച്ചിത്രതാരവുമായ നിരഞ്ജന അനൂപ് ദുരിതാശ്വാസ ഫണ്ടിലേക്കുള്ള സഹായം ജില്ലാ കലക്ടര്‍ യു.വി ജോസിനു കൈമാറി. സുപ്രഭാതം എക്‌സിക്യുട്ടീവ് എഡിറ്റര്‍ എ. സജീവന്‍ അധ്യക്ഷനായി. നന്മ ആഘോഷമാക്കിയ വ്യക്തിയായിരുന്നു രാജുവെന്ന് കലക്ടര്‍ പറഞ്ഞു. മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി ചന്ദ്രന്‍, രമേഷ് ബാബു, കെ.ആര്‍ പ്രമോദ്, രാജന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."