മഴയെത്തി, ചെന്നൈ നഗരത്തിന് ആശ്വാസം
ചെന്നൈ: കടുത്ത ജലദൗര്‍ലഭ്യം മൂലം വലഞ്ഞ ചെന്നൈ നഗരത്തിന് ആശ്വാസമായി മഴയെത്തി. 196 ദിവസത്തെ ഇടവേളക്ക് ശേഷമാണ് ചെന്നൈ നഗരത്തില്‍ മഴയെത്തുന്നത്. കടുത്ത ജലക്ഷാമത്തെ തുടര്‍ന്ന് ചെന്നൈ നഗരത്തിന്റെ ദൈനംദിന ജീവിതം ദുസഹമായിരുന്നു. നഗരത്തിലെ പല വ്യവസായ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയും നിയന്ത്രിക്കുകയും ചെയ്യാന്‍ തുടങ്ങിയിരുന്നു.
ജലക്ഷാമം പരിഹരിക്കാന്‍ അടുത്ത സംസ്ഥാനങ്ങളില്‍നിന്ന് വെള്ളം എത്തിക്കാനുള്ള നീക്കം സര്‍ക്കാര്‍ ആരംഭിച്ച ഘട്ടത്തിലാണ് ആശ്വാസമായി മഴയെത്തിയത്. ഇന്ന് മുതല്‍ അടുത്ത ആറ് ദിവസത്തേക്ക് ചെന്നൈയിലും പരിസരത്തും ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ പ്രവചനം. മഴമേഘങ്ങള്‍ വടക്ക് പടിഞ്ഞാറ് ദിശയില്‍നിന്ന് തെക്ക് കിഴക്ക് ഭാഗത്തേക്ക് നീങ്ങുകയാണെന്നും നാളെ മുതല്‍ നഗരത്തില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന 40 ഡിഗ്രി ചൂടിന് കുറവ് അനുഭവപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സമീപ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ വരള്‍ച്ചയാണ് കഴിഞ്ഞ ദിവസങ്ങളായി ചെന്നൈ നഗരത്തില്‍ അനുഭവപ്പെട്ടത്. ഇതിനെത്തുടര്‍ന്ന് അതിരൂക്ഷമായ ശുദ്ധ ജലപ്രശ്‌നവും ഭൂഗര്‍ഭ ജലനിരപ്പില്‍ വന്‍ കുറവുമുണ്ടായി.
കാര്‍ഷിക മേഖലയിലടക്കം വരള്‍ച്ച കാര്യമായ നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. അതിരൂക്ഷമായ കുടിവെള്ള പ്രതിസന്ധിയാണ് ചെന്നൈ നേരിട്ടത്. ജനങ്ങള്‍ വെള്ളത്തിന് വേണ്ടി നെട്ടോട്ടമോടുമ്പോള്‍ കുട്ടികള്‍ സ്‌കൂളുകളിലേക്ക് പോയിരുന്നത് വെള്ളം പിടിക്കാന്‍ പാത്രങ്ങളുമായാണ്. വലിയ പാത്രങ്ങളുമായെത്തുന്ന കുട്ടികള്‍ വെള്ളം ശേഖരിച്ചാണ് വീടുകളിലേക്കു മടങ്ങിയിരുന്നത്. നഗരത്തിലെ സ്‌കൂളുകളില്‍ പലതും പ്രവൃത്തി സമയം വെട്ടിക്കുറച്ചിരുന്നു. ഓഫിസില്‍ വെള്ളമില്ലാത്തതിനാല്‍ വീട്ടിലിരുന്ന് ജോലി ചെയ്യേണ്ട സ്ഥിതിയായിരുന്നു ഐ.ടി മേഖലയിലുണ്ടായിരുന്നത്. ചൂടും ജലക്ഷാമവും രൂക്ഷമായതോടെ ചെന്നൈ നഗരത്തില്‍നിന്ന് പലായനത്തിന്റെ വക്കിലായിരുന്നു ജനങ്ങള്‍. നഗരമധ്യത്തിലാണ് ജലക്ഷാമം എറ്റവും കൂടുതല്‍. രാവിലെ മുതല്‍ വൈകീട്ടുവരെ കന്നാസുകള്‍, കുടങ്ങള്‍ എന്നിവയുമായി നഗരവാസികള്‍ വെള്ളത്തിനായി ബൈക്കുകളിലും സൈക്കിളുകളിലും പോകുന്ന അവസ്ഥക്കും കുഴല്‍ക്കിണറുകള്‍ക്കുമുന്നില്‍ നീണ്ട നിരയും ടാങ്കര്‍ ലോറിയില്‍ വെള്ളമെത്തിയാല്‍ ഉണ്ടാകുന്ന ഉന്തും-തള്ളും സംഘര്‍ഷങ്ങള്‍ക്കും മഴ മാറ്റം വരുത്തുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.
ചെന്നൈയിലെ പ്രധാന ജലസ്രോതസുകളായ തടാകങ്ങള്‍ വറ്റിവരണ്ടതും ഭൂഗര്‍ഭ ജലനിരപ്പ് വന്‍ തോതില്‍ കുറഞ്ഞതും സമീപ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ വരള്‍ച്ചയാണ് ചെന്നൈക്ക് സമ്മാനിച്ചത്. ചെന്നൈയില്‍ ശുദ്ധജലത്തിന് ആശ്രയിക്കുന്ന നാല് തടാകങ്ങളും വറ്റിയിരുന്നു. നഗരത്തിലെ പകുതിയിലധികം കുഴല്‍ക്കിണറുകളിലും വെള്ളം വറ്റിയതും പ്രതിസന്ധി രൂക്ഷമാക്കിയിരുന്നു. സ്വകാര്യ ടാങ്കര്‍ ലോറികള്‍ നാലിരട്ടിയിലേറെ തുകയാണ് വെള്ളത്തിനായി ഈടാക്കുന്നത്. സ്വകാര്യ ടാങ്കറുകള്‍ അമിത വില ഈടാക്കുന്നത് നിയന്ത്രിക്കാനും മേഖലകള്‍ തിരിച്ച് ജലവിതരണം ഉറപ്പ് വരുത്തുന്നതിനും പ്രത്യേക സമിതിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."