ജില്ലാതല പട്ടയമേള ബഹിഷ്‌കരിക്കും: യു.ഡി.എഫ്
തൊടുപുഴ: 21 ന് കട്ടപ്പനയില്‍ നടക്കുന്ന പട്ടയമേള ബഹിഷ്‌കരിക്കാന്‍ ഇടുക്കി ജില്ലാ യു.ഡി.എഫ് നേതൃയോഗം തീരുമാനിച്ചു. പട്ടയത്തിന് അപേക്ഷിച്ചിട്ടുള്ളവര്‍ക്കെല്ലാം പട്ടയം നല്‍കും എന്ന് വാഗ്ദാനം ചെയ്ത് അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഒരാള്‍ക്കു പോലും പട്ടയം നല്‍കിയിട്ടില്ല.
ഇത് കടുത്ത ജനവഞ്ചനയും വാഗ്ദാന ലംഘനവുമാണ്. യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് 43,699 പേര്‍ക്ക് പട്ടയം നല്‍കുകയുണ്ടായി. കഴിഞ്ഞ സര്‍ക്കാര്‍ നടപടികള്‍ പൂര്‍ത്തിയാക്കിവച്ച അപേക്ഷകര്‍ക്കു മാത്രമാണ് 21 ലെ പട്ടയമേളയില്‍ പട്ടയം നല്‍കുന്നതെന്ന് യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.
പത്തു ചെയിന്‍ മേഖലയിലും ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശങ്ങളിലും പട്ടയം നല്‍കുന്നതിന് യു.ഡി.എഫ് സര്‍ക്കാര്‍ തുടങ്ങിവച്ച നടപടികള്‍ എല്‍. ഡി.എഫ് സര്‍ക്കാര്‍ വന്നതോടെ പാതി വഴിയില്‍ ഉപേക്ഷിക്കപ്പെട്ടു. ജില്ലയിലെ ഭൂമിപതിവ് ഓഫീസുകളുടെ പ്രവര്‍ത്തനം മരവിപ്പിച്ച് അര്‍ഹതപ്പെട്ടവര്‍ക്ക് പട്ടയം നിഷേധിച്ച എല്‍ ഡി എഫ് സര്‍ക്കാര്‍ ജനങ്ങളോട് കൊടിയ വഞ്ചനയാണ് കാണിച്ചത്.
പിണറായി സര്‍ക്കാരിന്റെ ജനവഞ്ചനയില്‍ പ്രതിഷേധിച്ചാണ് പട്ടയമേള ബഹിഷ്‌കരിക്കുവാന്‍ യു ഡി എഫ് നിര്‍ബന്ധിതമായതെന്ന് ജില്ലാ ചെയര്‍മാന്‍ എസ്. അശോകന്‍ പറഞ്ഞു.
അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം എത്രയും വേഗം പട്ടയം നല്‍കണമെന്നും ഭൂമി പതിവ് ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതി വരുത്തണമെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. എസ് അശോകനും കണ്‍വീനര്‍ റ്റി.എം സലീമും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."