പ്രവാസിയുടെ ആത്മഹത്യ: ഹൈക്കോടതി സ്വമേധയാ കേസെടുത്തു, നഗരസഭാ അധ്യക്ഷക്കെതിരേ പാര്‍ട്ടി പ്രാദേശിക നേതൃത്വം
കണ്ണൂര്‍: ആന്തൂര്‍ നഗരസഭയുടെ അനാസ്ഥമൂലം പ്രവാസി വ്യവസായി ആത്മഹത്യചെയ്ത സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കേസ് ഇന്ന് തന്നെ പരിഗണിക്കും. ജസ്റ്റിസ് അനില്‍ കെ.നരേന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.
ആന്തൂര്‍ നഗരസഭാ അധ്യക്ഷയും പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗവുമായ പി.കെ ശ്യാമളയെ രക്ഷിച്ച് നഗരസഭാ ഉദ്യോഗസ്ഥരെ കരുവാക്കി കൈകഴുകാനുള്ള പാര്‍ട്ടി നടപടിക്കെതിരേയും പ്രതിഷേധം വ്യാപകമായിട്ടുണ്ട്. ഇന്നലെ ഇക്കാര്യം മാധ്യമങ്ങളെ മന്ത്രി അറിയിക്കും മുമ്പ് തന്നെ പാര്‍ട്ടി നേതാക്കള്‍ പ്രഖ്യാപിച്ചതും വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നത്.
അതേ സമയം പ്രവാസിയുടെ ആത്മഹത്യയില്‍ ആന്തൂര്‍ നഗരസഭാ അധികൃതര്‍ക്കെതിരേ കേസെടുത്തതായി ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയും അറിയിച്ചിട്ടുണ്ട്.
അതേ സമയം നഗരസഭാ അധ്യക്ഷയെ രക്ഷിച്ച് തടിയൂരാനുള്ള നടപടി സി.പി.എം പ്രാദേശിക ഘടകത്തില്‍ തന്നെ വലിയ വിവാദമായിരിക്കുകയാണ്.
പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സിപിഎം തളിപ്പറമ്പ് ഏരിയാ കമ്മിറ്റി യോഗത്തില്‍ പി കെ ശ്യാമളയ്ക്ക് എതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. യോഗത്തില്‍ പികെ ശ്യാമള വികാരാധീനയായി. നാളെ വിഷയത്തില്‍ പൊതു വിശദീകരണം നല്‍കാന്‍ തലശ്ശേരിയില്‍ സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം വിളിക്കും.
സി ഒ ടി നസീര്‍ വിഷയത്തില്‍ ആരോപണമുയര്‍ന്ന് ദിവസങ്ങള്‍ പിന്നിടും മുന്‍പേയാണ് ആന്തൂരിലും സിപിഎമ്മിനുള്ളിലെ വിഭാഗീയത ചര്‍ച്ചയാവുന്നത്. പി ജയരാജന്‍ ഇടപെട്ട പ്രവാസിയിയുടെ വിഷയത്തില്‍ പി.കെ ശ്യാമള എതിര്‍ നിലപാടെടുത്തതാണ് കോണ്‍ഗ്രസും ബിജെപിയും ചര്‍ച്ചയാക്കുന്നത്.
എം.വി ഗോവിന്ദന്‍ മാസ്റ്ററെയും മറികടന്ന് പി ജയരാജനിടപെട്ട് സാജന് അനുകൂലമായി ആദ്യഘട്ടത്തില്‍ വന്ന തീരുമാനത്തില്‍ മറുപക്ഷത്തിന്റെ അതൃപ്തി പദ്ധതിയെ തന്നെ ബാധിച്ചുവെന്നാണ് ആക്ഷേപം. ഇതേ നഗരസഭയിലാണ് ഉഡുപ്പക്കുന്നില്‍ ഇ.പി ജയരാജന്റെ മകന് പങ്കാളിത്തമുള്ള ആയുര്‍വേദ റിസോര്‍ട്ട് കുന്നിടിച്ച് നിര്‍മാണം പുരോഗമിക്കുന്നത്.
പാര്‍ട്ടി ഏരിയാകമ്മിറ്റി അംഗങ്ങള്‍ തന്നെ പി.കെ ശ്യാമളക്കെതിരേ രംഗത്തെത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരേ വേറെയും പരാതികളുണ്ടെന്നതിനാല്‍ നടപടിയെടുക്കാനുള്ള നീക്കത്തിലാണ് സി.പി.എം. പ്രവാസി വ്യവസായിയും പാര്‍ട്ടി അനുഭാവിയുമായ സാജന്റെ ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങളില്‍ ശ്യാമളക്ക് വീഴ്ച സംഭവിച്ചതായാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തര ജില്ലാ നേതൃയോഗം വിളിച്ചിട്ടുണ്ട്.
പാര്‍ട്ടി അണികളില്‍ നിന്നും പൊതു സമൂഹത്തില്‍ നിന്നും വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. നഗരസഭാ അധ്യക്ഷയും പാര്‍ട്ടി ജില്ലാ കമ്മറ്റി അംഗവും കേന്ദ്രകമ്മറ്റി അംഗം എം.വി ഗോവിന്ദന്റെ ഭാര്യയുമായ പി.കെ ശ്യാമളക്ക് നേരെയാണ് പ്രധാനമായും ആരോപണത്തിന്റെ മുന നീളുന്നത്. ഇന്നലെ സാജന്റെ വീട്ടിലെത്തിയ ജില്ലാ സെക്രട്ടറി എം.വിജയരാജനടക്കമുളള നേതാക്കളോട് രണ്ട് കാര്യങ്ങളാണ് കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടത്. ഒന്ന് അടിയന്തരമായി ഓഡിറ്റോറിയത്തിന് പ്രവര്‍ത്തനാനുമതി നല്‍കുക,രണ്ട് പി.കെ ശ്യാമളക്കെതിരേ നടപടിയെടുക്കുക. രണ്ട് കാര്യങ്ങളിലും അനുകൂല നിലപാടെടുക്കുമെന്ന ഉറപ്പ് നേതാക്കള്‍ ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. ഓഡിറ്റോറിയത്തിന് പ്രവര്‍ത്തനാനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി അനുഭാവി കൂടിയായ സാജന്‍ നേരത്തെ സി.പി.എം ജില്ലാ നേതൃത്വത്തെ സമീപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."