വിദേശത്തുനിന്ന് എത്തിയ ആദ്യ ഉംറ സംഘം നാട്ടിലേക്കു മടങ്ങി
ജിദ്ദ: കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച ഉംറ പിനരാരംഭിച്ച ശേഷം വിദേശത്തുനിന്ന് ഉംറ നിര്‍വഹിക്കാനെത്തിയ ആദ്യം സംഘം തീര്‍ഥാടനത്തിനു ശേഷം നാട്ടിലേക്കു മടങ്ങി. പാക്കിസ്ഥാന്‍, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍നിന്നുമെത്തിയ ആദ്യ സംഘമാണ് അവരുടെ രാജ്യങ്ങളിലേക്ക് മടങ്ങിയത്. മദീന സിയാറത്തും പൂര്‍ത്തിയാക്കിയാണ് തീര്‍ഥാടകര്‍ മടങ്ങിയത്. പത്തു ദിവസമാണ് വിദശ രാജ്യക്കാര്‍ക്ക് ഉംറക്കായി ഇപ്പോള്‍ അനുവദിക്കുന്നത്. നവംബര്‍ ഒന്നാം തിയതി മുതലാണ് വിദേശ രാജ്യക്കാര്‍ക്ക് വീണ്ടും ഉംറ അനുവദിച്ചു തുടങ്ങിയത്. സഊദിയിലെത്തിയ ശേഷം മക്കയിലെ ഹോട്ടലുകളില്‍ മൂന്നു ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷമാണ് തീര്‍ഥാടകര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ അനുമതി നല്‍കുന്നത്. സാമൂഹിക അകലം പാലിച്ച് എല്ലാ സുരക്ഷാ ക്രമീകരണങ്ങളും സ്വീകരിച്ചാണ് തീര്‍ഥാടകരെ ഹറമില്‍ പ്രവേശിപ്പിക്കുന്നത്. മൂന്നു ബാച്ച് തീര്‍ഥാടകരാണ് ഇതുവരെ വിദേശങ്ങളില്‍ നിന്ന് ഉംറക്കായി എത്തിയതെന്ന് ഉംറ ഹജ് മന്ത്രാലയം അറിയിച്ചു. ഇതില്‍ രണ്ടു ബാച്ചുകള്‍ ഇന്തോനേഷ്യയില്‍ നിന്നും ഒരു ബാച്ച് പാക്കിസ്ഥാനില്‍ നിന്നുമാണ് എത്തിയത്.
അതേ സമയം ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പോര്‍ട്ടലായ അബ്ശിര്‍ പ്ലാറ്റ്‌ഫോമില്‍ അക്കൗണ്ടുകളില്ലാത്തവര്‍ക്കും ഇഅ്തമര്‍നാ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
അബ്ശിറി'ല്‍ അക്കൗണ്ടില്ലാത്ത സഊദി പൗരന്മാരും വിദേശികളും അബ്ശിറില്‍ രജിസ്റ്റര്‍ ചെയ്ത ഒരാള്‍ വഴി മൊബൈല്‍ ഫോണ്‍ നമ്പര്‍ തിരിച്ചറിയല്‍ പ്രക്രിയ പൂര്‍ത്തിയാക്കുകയാണ് വേണ്ടത്.
അബ്ശിറില്‍ പ്രവേശിച്ച് തവക്കല്‍നാ ആപ്പിനുള്ള മൊബൈല്‍ ഫോണ്‍ നമ്പര്‍ തിരിച്ചറിയല്‍ എന്ന പേരിലുള്ള സേവനം വഴിയാണ് ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. ഇതിനു ശേഷം തവക്കല്‍നാ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും. 'തവക്കല്‍നാ' ആപ്പില്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ 'ഇഅ്തമര്‍നാ' ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത് ഉംറ ബുക്കിംഗ് നടത്താന്‍ സാധിക്കുമെന്നും തവക്കല്‍നാ ആപ്പ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."