കലക്ടറുമായുള്ള ചര്‍ച്ചയും പരാജയം; വിദ്യാര്‍ഥികളുടെ ആരോഗ്യസ്ഥിതി മോശമായി
മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ് വിദ്യാര്‍ഥികളുടെ നിരാഹാര സമരം അവസാനിപ്പിക്കാനായി ജില്ലാ കലക്ടര്‍ അമിത്മീണ ഇടപെട്ടു നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു. ഇന്നലെ രാവിലെ പതിനൊന്നോടെ സമരപ്പന്തലിലെത്തിയാണ് കലക്ടര്‍ വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തിയത്.
അധ്യാപകരെയും ഡോക്ടര്‍മാരെയും നിയമിക്കുന്നതില്‍ ആരോഗ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉറപ്പുനല്‍കണമെന്ന ആവശ്യം വിദ്യാര്‍ഥികള്‍ ഉന്നയിച്ചു. കലക്ടര്‍ ആരോഗ്യ സെക്രട്ടറിയുമായി ഫോണില്‍ സംസാരിക്കുകയും വിദ്യാര്‍ഥികളുടെ ആവശ്യം അറിയിക്കുകയും ചെയ്തു. ഈ മാസം 20നു ശേഷം ഡോക്ടര്‍മാരുടെ നിയമനം സംബന്ധിച്ചുള്ള കാര്യങ്ങള്‍ തീരുമാനിക്കാമെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും വിദ്യാര്‍ഥികള്‍ നിരാകരിച്ചു. ഇതോടെ സമരം നാലാം ദിവസത്തിലേക്കു പ്രവേശിച്ചിരിക്കുകയാണ്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, അഡ്വ. യു.എ ലത്വീഫ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച.
അവസാനവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥികളായ സുനീറ, കെ.ആര്‍ ഉത്തര, സരിത, വിനായക്, ഷരത് കെ. ശശി, അഹ്‌സന, ആരിഫ ലുലു, ശമീര്‍ എന്നിവരാണ് നിരാഹാര സമരത്തിലുള്ളത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നു സുനീറ എന്ന വിദ്യാര്‍ഥിനിയെ ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്. മറ്റു വിദ്യാര്‍ഥികളുടെയും ആരോഗ്യസ്ഥിതി മോശമായിട്ടുണ്ടെന്നാണ് വിവരം. എല്ലാവരെയും ആശുപത്രിയിലേക്കു നീക്കാന്‍ ശ്രമം നടത്തിയെങ്കിലും വിദ്യാര്‍ഥികള്‍ ശക്തമായി പ്രതിഷേധിക്കുകയായിരുന്നു.
ആരോഗ്യ വകുപ്പു മന്ത്രി ഇടപെട്ട് ആവശ്യങ്ങള്‍ പരിഗണിക്കുംവരെ സമരം ശക്തമാക്കാനാണ് വിദ്യര്‍ഥികളുടെ തീരുമാനം. സമരംമൂലം വിദ്യാര്‍ഥികളുടെ ക്ലാസുകളും നടക്കുന്നില്ല. അതേസമയം, സമരത്തിനു പിന്തുണയുമായി വിവിധ വിദ്യാര്‍ഥി, യുവജന സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."