സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ താക്കീത്
തിരുവനന്തപുരം: സ്ത്രീകളിലെയും കുട്ടികളിലെയും പോഷകാഹാരക്കുറവ് പരിഹരിക്കാനായി കൊണ്ടുവന്ന പോഷകാഹാര പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നത് വൈകിയതിനെതിരേ കേന്ദ്രം.
30നകം ഫണ്ട് ചെലവാക്കിയില്ലെങ്കില്‍ പദ്ധതി സംസ്ഥാനത്തുനിന്ന് പിന്‍വലിക്കുമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര വനിത, ശിശുക്ഷേമ വകുപ്പ് സംസ്ഥാന സര്‍ക്കാരിന് കത്തുനല്‍കി. കേന്ദ്ര വനിത, ശിശുക്ഷേമ മന്ത്രാലയം സെക്രട്ടറി രബീന്ദ്ര പാന്‍വാറാണ് കത്തയച്ചത്. കേന്ദ്രത്തിന്റെ കത്ത് ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സംസ്ഥാന വനിത, ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് 30നകം ഫണ്ട് ചെലവഴിക്കണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് നിര്‍ദേശം നല്‍കി. 68.68 കോടി രൂപയാണ് പദ്ധതിക്കായി കേന്ദ്രം അനുവദിച്ചത്. 2017-18ല്‍ 27 കോടിയും അനുവദിച്ചിരുന്നു. എന്നാല്‍, രണ്ടുകോടി മാത്രമാണ് സംസ്ഥാനം ചെലവഴിച്ചത്.കണ്ണൂര്‍, വയനാട്, മലപ്പുറം, കാസര്‍കോട് ജില്ലകളിലാണ് ആദ്യഘട്ടമെന്ന നിലയില്‍ പദ്ധതി നടപ്പാക്കാന്‍ സംസ്ഥാനം തീരുമാനിച്ചിരുന്നത്. എന്നാല്‍, കണ്ണൂര്‍ ജില്ലയില്‍ മാത്രമാണ് പദ്ധതി നടപ്പാക്കിയത്. കഴിഞ്ഞ ഫെബ്രുവരി 28നാണ് കണ്ണൂരില്‍ പദ്ധതിക്ക് തുടക്കംകുറിച്ചത്. മറ്റു ജില്ലകളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുമുന്‍പ് പദ്ധതി നടപ്പാക്കണമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.
വിളര്‍ച്ച ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്. കേരളത്തില്‍ മുലയൂട്ടല്‍, അമിതവണ്ണം തടയുക എന്നീ രണ്ട് ലക്ഷ്യങ്ങള്‍ കൂടി ഇതിന്റെ ഭാഗമായി നടപ്പാക്കാനും നിര്‍ദേശം നല്‍കിയിരുന്നു. എല്ലാ സംസ്ഥാനങ്ങളും കഴിഞ്ഞ ഒക്‌ടോബറില്‍ തന്നെ പദ്ധതി നടപ്പാക്കി. എന്നാല്‍, കേരളത്തില്‍ നാലുമാസങ്ങള്‍ക്ക് ശേഷമാണ് നടപ്പാക്കിയത്. അതും കണ്ണൂരില്‍ മാത്രം. കേന്ദ്രം അനുവദിച്ച തുക വകമാറ്റി ചെലവിടുകയും ചെയ്തു. ഇതാണ് കേന്ദ്രത്തെ ചൊടിപ്പിച്ചത്. ലോക ബാങ്കിന്റെ 50 ശതമാനം സഹായത്തോടെ നടപ്പാക്കിയ പദ്ധതിയില്‍ കേന്ദ്രം ചെലവിന്റെ 80 ശതമാനവും സംസ്ഥാനം 20 ശതമാനവും വഹിക്കണമെന്നായിരുന്നു ധാരണ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."