കാട്ടാന വെടിയേറ്റ് ചരിഞ്ഞ സംഭവം; അന്വേഷണം ഊര്‍ജിതം
തോക്ക് നിറയ്ക്കാനുപയോഗിച്ച വെടിമരുന്ന് സൂക്ഷിച്ച കൂടുകള്‍ കണ്ടെടുത്തു
പ്രതികളെ ഉടന്‍ പിടികൂടാനാകുമെന്ന പ്രതീക്ഷയില്‍ ഉദ്യോഗസ്ഥര്‍
പ്രദേശവാസികളടക്കം പലരും നിരീക്ഷണത്തില്‍
പുല്‍പ്പള്ളി: സ്വകാര്യ കൃഷിയിടത്തില്‍ കാട്ടാന വെടിയേറ്റ് ചരിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം ഊര്‍ജിതമാക്കി. ഉന്നത വനപാലകര്‍, പൊലിസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് ബുധനാഴ്ചയും തെളിവെടുപ്പ് നടത്തി. പരിശോധന നടത്തിയ ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ക്ക് വെടിവയ്പ് സംബന്ധിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. വെടിവയ്ക്കാനുപയോഗിച്ചത് നാടന്‍തോക്കാണെന്ന് സൂചിപ്പിക്കുന്ന വിവരങ്ങളാണ് ബുധനാഴ്ച ലഭിച്ചത്.
തോക്കില്‍ നിറയ്ക്കാനുപയോഗിച്ച വെടിമരുന്ന് സൂക്ഷിച്ച കൂടുകളും മറ്റും കൃഷിയിടത്തിന് സമീപത്തെ വനാതിര്‍ത്തിയില്‍നിന്നും കണ്ടെടുത്തു. പ്രദേശവാസികളായ ചിലരുടെ അറിവോടെയാണ് ആനയെ കൊന്നതെന്ന സംശയത്തിലാണ് ഉദ്യോഗസ്ഥരുള്ളത്. സംഭവം നടന്ന സ്ഥലത്തിന് സമീപത്തേക്ക് പുല്‍പ്പള്ളിയില്‍നിന്നും സംഭവദിവസം രാത്രി 8.30ന് ചിലര്‍ ബസ്സിലെത്തിയിരുന്നു.
ഇവര്‍ക്കെതിരെയും സംശയമുയര്‍ന്നിട്ടുണ്ട്. സ്ഥലം ഉടമയ്ക്ക് സംഭവവുമായി ബന്ധമില്ലെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥരുള്ളത്. പ്രദേശത്ത് ശല്യക്കാരനായ കാട്ടാനയെ വെടിവയ്ക്കാന്‍ ആനവേട്ടയില്‍ വിദഗ്ദരായവരെ ക്വട്ടേഷന്‍ കൊടുത്ത് കൊണ്ടു വരികയായിരുന്നെന്നാണ് സംശയമുയര്‍ന്നിരിക്കുന്നത്. ഉന്നത രാഷ്ട്രീയബന്ധമുളള ചിലര്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്. പ്രദേശത്തെ മൊബൈല്‍ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
കൃഷിയിടത്തില്‍ വലിച്ചിരുന്ന ഷോക്ക് ലൈനിന് പുറകില്‍ നിന്നായിരുന്നു വെടിവച്ചതെന്നാണ് ആനക്കേറ്റ വെടിപ്പാടുകള്‍ സൂചിപ്പിക്കുന്നത്. ആദ്യം കരുവും, പിന്നീട് രണ്ട് ചില്ലുകളും നിറച്ചാണ് തോക്ക് നിറച്ചതെന്നാണ് ആനയുടെ മുറിപ്പാടുകള്‍ സൂചിപ്പിക്കുന്നത്. ഉയരത്തില്‍ നിന്ന ആനയെ താഴെനിന്നാണ് വെടിവച്ചത്.
വെടിയേറ്റ് ആനയുടെ തലച്ചോറ് തകര്‍ന്നു. രാത്രി 12ഓടെ വെടിയൊച്ച കേട്ടുവെന്ന് ചില പ്രദേശവാസികള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞെങ്കിലും രാത്രി ഒമ്പതരയോടെയാണ് സംഭവമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്നത്.
രണ്ടു മാസങ്ങള്‍ക്ക് മുമ്പ് ബത്തേരി നാലാംമൈലില്‍ പിടിയാന വെടിയേറ്റ സംഭവത്തില്‍ ഇതുവരെ തുമ്പുണ്ടാകാത്തതുകൊണ്ട് മറ്റൊരാനയെക്കൂടി കൊന്നാലും പിടിക്കപ്പെടാന്‍ സാധ്യതയില്ലെന്ന് ചിലര്‍ കരുതിയതും ഈ ആനയുടെ കൊലപാതകത്തിന് കാരണമായതായി ആരോപണമുയര്‍ന്നിട്ടുണ്ട്. ഇത്തവണ സംഭവത്തിലെ പ്രതികളെ പിടികൂടുവാന്‍ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. ഇത്തവണ വനംവകുപ്പുദ്യോഗസ്ഥരെ സഹായിക്കുവാന്‍ പൊലിസും സജീവമായി രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."