നഗരത്തിലെ പാര്‍ക്കിങ് ഭരണകക്ഷിക്കെതിരേ സി.പി.ഐ കൗണ്‍സിലര്‍മാര്‍ രംഗത്ത്
മാനന്തവാടി: നഗരത്തിലെ പാര്‍ക്കിങ് വിഷയവുമായി ബന്ധപ്പെട്ട് നഗരസഭാ ഭരണകക്ഷിയായ സി.പി.എമ്മിനെതിരെ ഘടകകക്ഷിയായ സി.പി.ഐയിലെ കൗണ്‍സിലര്‍മാര്‍ രംഗത്ത്. കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ച് കൊണ്ട് നിര്‍മിച്ച് വ്യാപാരം നടത്തി വരുന്ന കെട്ടിട ഉടമകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഭരണ സമിതി തയാറായില്ലെങ്കില്‍ പൊതുജനങ്ങളെ സംഘടിപ്പിച്ച് കൊണ്ട് മുന്‍സിപ്പാലിറ്റിക്കെതിരെ സമര രംഗത്ത് ഇറങ്ങുമെന്നാണ് സി.പി.ഐ കൗണ്‍സിലര്‍മാരായ ശോഭാ രാജന്‍, ലില്ലി കുര്യന്‍ എന്നിവര്‍ മുന്‍സിപ്പല്‍ ചെയര്‍മാന് നല്‍കിയ കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
1994 മുതല്‍ കേരളാ ബില്‍ഡിങ് ചട്ടം നിലനില്‍ക്കെ നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ക്ക് നിയമാനുസൃത പാര്‍ക്കിങ് എരിയകള്‍ വേണം. പാര്‍ക്കിങ് ഏരിയകളായി കാണിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷം പഞ്ചായത്ത് നമ്പര്‍ വാങ്ങുകയും പിന്നീട് ഈ ഭാഗങ്ങള്‍ കച്ചവട സ്ഥാപനങ്ങളായി മാറ്റുകയാണ് ചെയ്യുന്നത്.
ഇതോടെ ഈ കെട്ടിടങ്ങളില്‍ വ്യാപാര ആവശ്യങ്ങള്‍ക്കായി വരുന്ന വാഹനങ്ങള്‍ ഉള്‍പ്പെടെ റോഡില്‍ പാര്‍ക്ക് ചെയ്യേണ്ട അവസ്ഥയാണ്. ഇത്തരത്തിലുള്ള അനധികൃത പാര്‍ക്കിങ് നഗരത്തില്‍ ഗതാഗത കുരുക്കിനും കാരണമാകുന്നുണ്ട്.
എന്നാല്‍ ഇത്തരം നിയമ ലംഘനകള്‍ അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും ഇത് കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞാലംഘനവും ഭരണഘടനാ വിരുദ്ധവുമാണന്ന് ചൂണ്ടിക്കാട്ടിയാണ് അംഗങ്ങള്‍ ചെയര്‍മാന് കത്ത് നല്‍കിയത്.
നടപടിയെടുക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ ശകതമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്നും കത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നീണ്ട ഇടവേളക്ക് ശേഷം മാനന്തവാടിയില്‍ ഘടകകക്ഷികളായ സി.പി.എമ്മും സി.പി.ഐയും വീണ്ടും ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നതിന്റെ സൂചനകളാണ് പാര്‍ക്കിങ് വിഷയവുമായി ബന്ധപ്പെട്ടുള്ള ഭിന്നത നല്‍കുന്ന സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."