വര്‍ക്കലയില്‍ ലക്ഷ്യം കാണാതെ സൗന്ദര്യവത്കരണം
കല്ലമ്പലം: വര്‍ക്കല നഗരത്തിന്റെ സമഗ്ര സൗന്ദര്യവത്കരണത്തിനായി ആവിഷ്‌കരിച്ച പദ്ധതി ഇനിയും ലക്ഷ്യം കണ്ടില്ല. ഓടകള്‍ക്ക് മുകളില്‍ ഇന്റര്‍ലോക്ക്, നടപ്പാതകള്‍ വേര്‍തിരിച്ച് ഫെന്‍സിംഗ്, പാര്‍ക്കിംഗ് ഗ്രൗണ്ട് തുടങ്ങി പലതും പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു.
ഓടകളില്‍ അടിഞ്ഞുകൂടിയ ചെളിയും, എക്കലും, മാലിന്യങ്ങളും നീക്കി മുകളില്‍ ഇന്റര്‍ലോക്ക് ചെയ്ത നടപ്പാത പുനര്‍നിര്‍മിക്കുന്നതിനായി നഗരസഭയുടെ വാര്‍ഷിക ബജറ്റില്‍ 20 ലക്ഷം വകയിരുത്തിയെങ്കിലും പ്രവര്‍ത്തനങ്ങളൊന്നും നടന്നില്ല.
നടപ്പാതകള്‍ വേര്‍തിരിക്കും വിധം ഫെന്‍സിംഗ് നിര്‍മിച്ച് കാല്‍നടയാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുമെന്നതും പാഴ്‌വാക്കായി. നഗരതിര്‍ത്തിയിലെത്തുന്ന വാഹനങ്ങളുടെ സൗകര്യാര്‍ഥം മൈതാനം ഹോമിയോ ആശുപത്രിക്ക് സമീപമുള്ള തുറസില്‍ പാര്‍ക്കിംഗ് ഗ്രൗണ്ട് സജ്ജമാക്കുമെന്ന് പറഞ്ഞതും ഫലം കണ്ടില്ല. നഗരമധ്യത്തിലെ ഓടകളുടെ മേല്‍മൂടികള്‍ പലയിടങ്ങളിലും തകര്‍ന്ന നിലയിലാണ്.
ഇതുമൂലം നിരവധി കാല്‍നടയാത്രക്കാരണ് നിത്യേന അപകടത്തില്‍പ്പെടുന്നത്.
പരാതിയെ തുടര്‍ന്ന് അടുത്തിടെ ഓടകളുടെ ചില ഭാഗങ്ങളില്‍ നിന്നും മണ്ണ് കോരി നീക്കിയെങ്കിലും സമീപത്ത് തന്നെ കൂനകൂട്ടിയിടുകയായിരുന്നു.
തുടര്‍ന്ന് പെയ്ത മഴയില്‍ മണ്‍കൂനകള്‍ പഴയപടി ഓടയിലേക്ക് തന്നെ ഒലിച്ചിറങ്ങി. ഇവിടങ്ങളിലെ മേല്‍മൂടികള്‍ പലതും ഇനിയും പൂര്‍വ സ്ഥിതിയിലാക്കിയിട്ടുമില്ല. റെയില്‍വേ ലൈനിനോട് ചേര്‍ന്ന് കിടക്കുന്ന ടൗണിന്റെ തെക്കുഭാഗം ഏറെ സൗകര്യപ്രദമാണെങ്കിലും ശാസ്ത്രീയമായി വിനിയോഗിക്കാനാകുന്നില്ല.
കാലാകാലങ്ങളായി പൊലിസ് കണ്ടുകെട്ടിയ വാഹനങ്ങള്‍ അടുത്തിടെ പ്രദേശത്ത് നിന്നും ലേലം ചെയ്ത് നീക്കിയെങ്കിലും മാലിന്യക്കെടുതി വിട്ടൊഴിഞ്ഞിട്ടില്ല. റെയില്‍വേ അടിപ്പാത വന്നതോടെ അടച്ചിട്ട റെയില്‍വേ ലെവന്‍ ക്രോസിന്റെ ഇരുഭാഗവും പൊന്തകളാല്‍ ഇരുള്‍ മൂടിയ നിലയിലാണ്.
റെയില്‍വേ ലൈന്‍ മുറിച്ച് കടന്നുവേണം കാല്‍നടക്കാര്‍ക്ക് ശിവഗിരി റോഡിലെത്തിച്ചേരേണ്ടത്. ഇതിനൊക്കെ ബദല്‍ സംവിധാനമെന്ന നിലയിലാണ് പദ്ധതി ആവിഷ്‌കരിച്ചിരുന്നതെങ്കിലും പദ്ധതികള്‍ പ്രാവര്‍ത്തികമാകാത്തതിന്റെ നിരാശയിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."