വവ്വാലുകളില്‍ നിപാ വൈറസ് സാന്നിധ്യം കണ്ടെത്തി: കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയില്‍ വവ്വാലുകളില്‍നിന്ന് ശേഖരിച്ച 36 സാംപിളുകളില്‍ 12 എണ്ണത്തില്‍ നിപാ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍. കേരളത്തില്‍ എറണാകുളം ജില്ലയില്‍ ഒരു നിപാ വൈറസ് ബാധ മാത്രമേ കണ്ടെത്താനായിട്ടുള്ളൂ എന്നും വൈറസ് ബാധ കണ്ടെത്തിയ രോഗിയെ ചികിത്സക്കുശേഷം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് ലോക്‌സഭയില്‍ നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
2018ല്‍ നിപാ വൈറസ് ബാധയുണ്ടായ സമയത്ത് ശേഖരിച്ച 10 സാംപിളുകളിലും വൈറസ് സാന്നിധ്യം കണ്ടെത്തിയതായും മന്ത്രി അറിയിച്ചു. എറണാകുളം ജില്ലയില്‍ 50 പേരില്‍ നിപാ സംശയിച്ചിരുന്നു. എന്നാല്‍ വിദഗ്ധ പരിശോധനയില്‍ വൈറസ് ബാധ കണ്ടെത്താനായില്ല. വൈറസ് ബാധിച്ചയാളുമായി ഇടപഴകിയ 330 പേരെയും നിരീക്ഷണ വിധേയമാക്കിയിരുന്നുവെന്നും മന്ത്രി അറിയിച്ചു.
ജൂണ്‍ ആദ്യത്തിലാണ് എറണാകുളം ജില്ലയില്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. ഇതിന്റെ ഭാഗമായി നിപായുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് വവ്വാലുകളില്‍നിന്ന് സാംപിള്‍ ശേഖരിച്ചു. ഇത്തരത്തില്‍ 36 സാംപിളുകളാണ് ശേഖരിച്ചിരുന്നത്. ഇവയില്‍ 12 എണ്ണത്തില്‍ നിപാ വൈറസ് സാന്നിധ്യം കണ്ടെത്തി. കേരളത്തില്‍ 2018ല്‍ നിപാ വൈറസ് സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തില്‍ 52 വവ്വാലുകളില്‍നിന്ന് സാംപിള്‍ ശേഖരിച്ചിരുന്നു. ഇവയില്‍ 10 എണ്ണത്തിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നത്. മനുഷ്യരിലേക്ക് നിപാ വൈറസ് അണുബാധ വരുന്നത് മൃഗങ്ങളില്‍ നിന്നാണ്. വൈറസ് ബാധിച്ച വവ്വാലുകള്‍, പന്നികള്‍, മറ്റുമൃഗങ്ങള്‍ എന്നിവയില്‍ നിന്നാണ് വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. ഇന്ത്യയില്‍ നിപാ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് രണ്ട് സംസ്ഥാനങ്ങളില്‍ നിന്നാണ്. ബംഗാളില്‍ 2001ലും 2007ലുമാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ കേരളത്തില്‍ 2018ലും 2019ലുമാണ്.
ബംഗാളിലെ സിലിഗുരിയില്‍ 2001ല്‍ റിപ്പോര്‍ട്ട് ചെയ്തത് 66 നിപാ വൈറസ് കേസുകളായിരുന്നു. ഇവരില്‍ 45 പേര്‍ മരിച്ചു. 2007ല്‍ നാദിയ ജില്ലയില്‍ അഞ്ച് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗം ബാധിച്ച അഞ്ചുപേരും മരിച്ചു.
2018ലാണ് കേരളത്തില്‍ ആദ്യമായി നിപാ കണ്ടെത്തിയത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇവരില്‍ 17 പേര്‍ മരിച്ചു. കേരളത്തില്‍ ഈ വര്‍ഷം വീണ്ടും നിപാ കണ്ടെത്തിയെങ്കിലും അതിനെ കുറ്റമറ്റ രീതിയില്‍ പ്രതിരോധിക്കാനായെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."