കൊച്ചിയില്‍ തേയിലലേലം അനിശ്ചിതത്വത്തില്‍
കൊച്ചി: തേയില ഏജന്റുമാരും ബയര്‍മാരും ബഹിഷ്‌കരണം പ്രഖ്യാപിച്ചതോടെ നിലച്ച തേയിലലേലം ഇന്നലെയും പൂര്‍ണമായി പുനഃസ്ഥാപിക്കാനായില്ല. ഒരു മാസത്തിനു ശേഷം ഇന്നലെ നടന്ന തേയില ലേലത്തിലും ഭൂരിപക്ഷം ബയര്‍മാരും വിട്ടുനിന്നു.
ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര വാണിജ്യമന്ത്രി നിര്‍മല സീതാരാമന്‍ നല്‍കിയ ഉറപ്പിലാണ് ബയര്‍മാരില്‍ ചിലര്‍ ലേലവുമായി സഹകരിക്കാന്‍ തയാറായത്. എന്നാല്‍, അനിശ്ചിതത്വം മാറാതെ തേയിലലേലം പൂര്‍ണമായി പുനഃസ്ഥാപിക്കില്ലെന്ന അവസ്ഥയിലാണ്. തേയിലബോര്‍ഡ് കൊണ്ടുവന്ന ലേലവ്യവസ്ഥയ്‌ക്കെതിരേ ബയര്‍മാര്‍ പ്രഖ്യാപിച്ച ബഹിഷ്‌കരണം ചെറുകിട തേയില വ്യവസായത്തെയും കര്‍ഷകരെയും സാരമായി ബാധിച്ചിട്ടും സര്‍ക്കാര്‍തലത്തില്‍ കാര്യമായ ഇടപെടല്‍ നടന്നിട്ടില്ല. പ്രശ്‌നത്തിനു വേഗത്തില്‍ തീര്‍പ്പുണ്ടാക്കണമെന്ന ഹൈക്കോടതി വിധിയുണ്ടായിരിക്കേയാണിത്.
ലേലം നിലച്ചതോടെ കൊച്ചിവഴിയുള്ള തേയില വ്യാപാരത്തില്‍ വന്‍ ഇടിവാണുണ്ടായിരിക്കുന്നത്. ഇടുക്കിയിലെയും കോട്ടയത്തെയും ചെറുകിട കര്‍ഷകരില്‍നിന്നു ശേഖരിക്കുന്ന കൊളുന്ത് ഇലകള്‍ ഉണക്കിപ്പൊടിച്ചാണ് ലേലത്തിനായി കൊച്ചിയിലെത്തിക്കുന്നത്. ഇവിടെനിന്നാണ് വന്‍കിട കമ്പനികള്‍ തേയില ലേലത്തിനെടുക്കുന്നത്. വന്‍കിട കമ്പനികള്‍ പങ്കെടുക്കുന്ന ലേലത്തിന്റെ നേട്ടം കര്‍ഷകര്‍ക്കു ലഭിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ടീ ബോര്‍ഡ് ലേലവ്യവസ്ഥകള്‍ പരിഷ്‌കരിച്ചത്.
ടീ ബാഗുകളുടെ ലേലവ്യവസ്ഥകളെക്കുറിച്ചു കൊച്ചിയിലെ ബയര്‍മാരും ടീ ബോര്‍ഡും തമ്മില്‍ തുടരുന്ന തര്‍ക്കം പരിഹരിക്കാതെവന്നതോടെയാണ് ലേലം നിലച്ചത്. 35 കിലോഗ്രാം തേയില അടങ്ങുന്ന ടീ ബാഗുകള്‍ 20 എണ്ണമടങ്ങുന്ന ഒരു ബാച്ച് മൂന്നു പേര്‍ക്കുവരെ ലേലംകൊള്ളാമായിരുന്നു. പരിഷ്‌കാരംവന്നപ്പോള്‍ ഇപ്പോള്‍ ഒരാള്‍ക്കു മാത്രമേ ഇതു പറ്റുകയുള്ളൂ. ലേലംകൊണ്ട തേയില സൗകര്യപൂര്‍വം പുറത്തേക്കു കൊണ്ടുപോകാന്‍ നേരത്തേ സാവകാശം നല്‍കിയിരുന്നെങ്കിലും ഇപ്പോള്‍ അത് ഉടന്‍ നീക്കം ചെയ്യണമെന്നാണ് വ്യവസ്ഥ.
ബഹിഷ്‌കരണം ഒരു മാസമാകുമ്പോഴേക്കും തേയില വ്യാപാരത്തില്‍ 50 ശതമാനത്തിലധികം ഇടിവും ഉല്‍പാദനത്തില്‍ 22 ശതമാനം ഇടിവും സംഭവിച്ചതായാണ് വിലയിരുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."