ടാങ്ക് മുറ്റത്തുണ്ട്; പക്ഷേ കുടിവെള്ളം കിട്ടാക്കനി
വിളമ്പുകണ്ടം: കുറുമ്പാലക്കോട്ട മലയുടെ മുകളില്‍ ആദിവാസി കോളനിയിലെ അമ്പതിലധികം കുടുംബങ്ങള്‍ക്ക് ശുദ്ധജല വിതരണ പദ്ധതിയുടെ ടാങ്ക് തങ്ങളുടെ മുറ്റത്തുണ്ടെങ്കിലും കുടിവെളളത്തിനായി മലയിറങ്ങണം. മാസങ്ങളായി ജലവിതരണം മുടങ്ങിയിട്ട്.
ആശ്രയിച്ചിരുന്ന മലമുകളിലെ കിണറുകളും പ്രളയാനന്തരം വറ്റിക്കൊണ്ടിരിക്കുകയാണ്. കൈപ്പാട്ടു കുന്നിലെ ജല അതോറിറ്റിയുടെ ടാങ്കില്‍ നിന്നാണ് ഇവിടുത്തേക്ക് വെള്ളമെത്തിക്കുന്നത്. കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ കൈപ്പാട്ടുകുന്ന് പമ്പ് ഹൗസ് നിലംപൊത്തിയതോടെ സ്തംഭിച്ചതാണ് ഇവിടുത്തേയും ജലവിതരണം.
കിലോമീറ്ററുകള്‍ താണ്ടി വേണം പല കുടുംബങ്ങള്‍ക്കും ഇപ്പോള്‍ കുടിവെള്ളം ശേഖരിക്കാന്‍. പനമരം പഞ്ചായത്തിന്റെ കീഴിലുള്ള ഈ പമ്പ് ഹൗസ് താല്കാലിക അറ്റകുറ്റപണികള്‍ നടത്തി കുടിവെള്ള വിതരണം പുനരാംരംഭിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം മാസങ്ങളായി പഞ്ചായത്തധികൃതര്‍ ചെവിക്കൊള്ളുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ആയിരത്തഞ്ഞൂറിലധികം കുടുംബങ്ങള്‍ ഉപയോഗിക്കുന്ന ശുദ്ധജല വിതരണ പദ്ധതി മുടങ്ങിയിട്ട് ആറുമാസങ്ങളായിട്ടും പഞ്ചായത്തും ജല അതോറിറ്റി അധികൃതരും തുടരുന്ന കടുത്ത അനാസ്ഥക്കെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ആദിവാസികളുള്‍പ്പെടെയുള്ള ആയിരക്കണക്കിന് ഉപഭോക്താക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."