കുട്ടികള്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്നു; കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടത് 31 കുട്ടികള്‍
കൊണ്ടോട്ടി: സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ വര്‍ഷം ഒരു പിഞ്ചുകുഞ്ഞുള്‍പ്പെടെ ഉള്‍പ്പെടെ 31 കുട്ടികളാണ് കൊല്ലപ്പെട്ടത്. ചോരക്കുഞ്ഞു മുതല്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍വരെ പീഡനത്തിനും ലൈംഗികചൂഷണത്തിനും കൊലയ്ക്കും ഇരയാകുന്നതായാണ് പൊലിസിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ഷം ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ കുട്ടികള്‍ക്കെതിരേയുള്ള ആക്രമണങ്ങളില്‍ 311 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്.
കുട്ടികള്‍ക്കെതിരേ കൂടുതല്‍ ആക്രമണങ്ങളുണ്ടായത് കോഴിക്കോട് ജില്ലയിലാണ്. 35 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എറണാകുളത്ത് 31 കേസുകളും മലപ്പുറത്ത് 27 കേസുകളും കൊല്ലത്ത് 25 കേസുകളുമുണ്ട്. ഏറ്റവും കുറവുള്ള തിരുവനന്തപുരത്ത് 13 കേസുകളും, പത്തനംതിട്ട, വയനാട് ജില്ലകളില്‍ 14 കേസുകളും കോട്ടയം, പാലക്കാട് ജില്ലകളില്‍ 15 കേസുകളുമാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. കൊല്ലം-25, ആലപ്പുഴ-20, തൃശൂര്‍ 26, കണ്ണൂര്‍-21, കാസര്‍കോട് 16 കേസുകളുമുണ്ടായി.
എന്നാല്‍ കഴിഞ്ഞ വര്‍ഷം കൂടുതല്‍ കേസുകളുണ്ടായത് തിരുവനന്തപുരത്തും മലപ്പുറത്തുമാണ്. തിരുവനന്തപുരത്ത് 256 കേസുകളും മലപ്പുറത്ത് 241 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്. 83 കേസുകളുണ്ടായ ആലപ്പുഴയാണ് ഏറ്റവും പിന്നില്‍. കുട്ടികളുടെ കൊലപാതകത്തിന് കാരണമാകുന്നത് കൂടുതലും രക്ഷിതാക്കളോ, അടുത്ത ബന്ധുക്കളോ ആണ്.
കുട്ടികള്‍ക്കെതിരേ കഴിഞ്ഞ വര്‍ഷം 2,899 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. തൊട്ടു മുന്‍പത്തെ വര്‍ഷമിത് 2,384 ആയിരുന്നു. ബലാത്സംഗ കേസുകള്‍ കഴിഞ്ഞ വര്‍ഷം 960 ആയി ഉയര്‍ന്നു.
തൊട്ടുമുന്‍പുള്ള വര്‍ഷം 720 ആയിരുന്നു. കുട്ടികളെ തട്ടികൊണ്ടുപോയ 149 സംഭവങ്ങള്‍ കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തു. 2008ല്‍ 87 കേസുകള്‍ മാത്രമാണുണ്ടായത്.
അതിനിടെ കേരളത്തില്‍ ബോധവര്‍ക്കരണത്തിലൂടെ തടയാനായത് ശൈശവ വിവാഹ ങ്ങള്‍ മാത്രമാണ്. കഴിഞ്ഞ വര്‍ഷം എട്ട് സംഭവങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. തൊട്ടുമുന്‍പുള്ള വര്‍ഷങ്ങളില്‍ 13, 16 എന്നിങ്ങനെയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ ഇടപെടലാണ് കുട്ടിക്കല്യാണം കുറക്കാനായത്. കുട്ടികളില്‍ ആത്മഹത്യാ നിരക്കും കുറഞ്ഞുവരികയാണ്. കഴിഞ്ഞ വര്‍ഷം നാലു കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."