19 വര്‍ഷത്തിനുശേഷം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വൈദ്യുതി എത്തുന്നു
സ്വന്തം ലേഖകന്‍
തൊടുപുഴ: ഏറെ നാളത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വൈദ്യുതി എത്തുന്നു. സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ നേതൃത്വത്തില്‍ പെരിയാര്‍ കടുവാ സങ്കേതത്തിലൂടെ ഭൂമിക്കടിയില്‍ കേബിള്‍ വലിച്ചാണ് വൈദ്യുതി എത്തിക്കുന്നത്. 1.65 കോടി മുതല്‍ മുടക്കില്‍ 5.4 കിലോമീറ്ററോളം ദൂരം കേബിള്‍ സ്ഥാപിക്കുന്ന ജോലി ആരംഭിച്ചു. കോതമംഗലം ആസ്ഥാനമായ കെ.എം.എ പവര്‍ടെക് എന്ന സ്ഥാപനമാണ് കരാറെടുത്തിരിക്കുന്നത്. 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മുല്ലപ്പെരിയാറില്‍ വൈദ്യുതി എത്തുന്നത്. വനപാതയില്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴയെടുത്ത് കേബിളിടുന്ന ജോലികളാണ് പുരോഗമിക്കുന്നത്.
2001 ല്‍ വനം വകുപ്പാണ് മുല്ലപ്പെരിയാറിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. നിരവധി വന്യമൃഗങ്ങള്‍ വൈദ്യുതാഘാതമേറ്റ് ചത്തതോടെയാണ് വണ്ടിപ്പെരിയാറിന് സമീപത്തെ വള്ളക്കടവില്‍ നിന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. പിന്നീട് ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചാണ് സ്പില്‍വേ ഷട്ടറുകള്‍ അടക്കം ഉയര്‍ത്തിയിരുന്നത്. ഇത് പലപ്പോഴും തടസമായതോടെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ വിഷയത്തില്‍ മുന്‍കൈയെടുത്തത്.
കേബിള്‍ വഴി വൈദ്യുതി കണക്ഷന്‍ ആവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ കെ.എസ്.ഇ.ബി യില്‍ ഒരു കോടി രൂപ നേരത്തെ അടച്ചിരുന്നു. എന്നാല്‍, വനം വകുപ്പ് അനുമതി വൈകുകയായിരുന്നു. നിബന്ധന പ്രകാരമുള്ള തുക കെട്ടിവച്ച ശേഷമാണ് വനം വകുപ്പ് അനുമതി നല്‍കിയത്. 2021 ജനുവരിയില്‍ ജോലികള്‍ പൂര്‍ത്തിയാക്കി വൈദ്യുതി എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കെ.എസ്.ഇ.ബി തൊടുപുഴ ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ മനോജ് ഡി. പറഞ്ഞു. 65 ലക്ഷം രൂപ കൂടി തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് കെ.എസ്.ഇ.ബി ക്ക് കഴിഞ്ഞ ദിവസം കൈമാറി. ആദ്യം ഒരു കോടി രൂപ എസ്റ്റിമേറ്റ് കണക്കാക്കിയ ജോലിയാണ് ടെന്‍ണ്ടര്‍ നടപടി വൈകിയതുമൂലം 1.65 കോടിയായി ഉയര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."