മേപ്പാടി-കള്ളാടി-ആനക്കാംപൊയില്‍ തുരങ്കപാത പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി തേടിയില്ല
കല്‍പ്പറ്റ: മേപ്പാടി-കള്ളാടി-ആനക്കാംപൊയില്‍ തുരങ്കപാതയ്ക്ക് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി തേടിയിട്ടില്ലെന്ന് വിവരാവകാശ രേഖ. പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു അപേക്ഷയും വനംവകുപ്പ് കേന്ദ്രസര്‍ക്കാരിനു നല്‍കിയിട്ടില്ല. അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.
കോഴിക്കോട് പേരാമ്പ്ര സ്വദേശി പ്രദീപ് കുമാര്‍ വനംവകുപ്പ് ആസ്ഥാനത്ത് നല്‍കിയ വിവരാവകാശ അപേക്ഷയിലാണ് ഇത്തരത്തിലുള്ള മറുപടി ലഭിച്ചത്. 650 കോടി രൂപയാണ് തുരങ്കത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവച്ചത്. സര്‍വേ പ്രവൃത്തികള്‍ കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷനെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്ര വലിയ പദ്ധതിയുടെ പ്രാഥമികമായ അനുമതി പോലും നേടാതെ ഇതിന്റെ ലോഞ്ചിംഗ് ഉള്‍പ്പെടെ നടത്തിയത് തെരഞ്ഞെടുപ്പു ലക്ഷ്യംവച്ചു മാത്രമാണെന്ന് ഉദ്ഘാടന വേളയില്‍ തന്നെ ആരോപണം ഉയര്‍ന്നിരുന്നു.
വയനാട്-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന സ്വപ്ന പദ്ധതി പരിസ്ഥിതി ദുര്‍ബല പ്രദേശത്തുകൂടിയാണെന്നും ഇത് അപ്രായോഗികമാണെന്നും ആരോപിച്ച് പരിസ്ഥിതി പ്രവര്‍ത്തകരും അന്നുതന്നെ രംഗത്തു വന്നിരുന്നു.
ഇതു ശരിവയ്ക്കുന്നതാണ് വനംവകുപ്പ് നല്‍കിയ വിവരാവകാശ മറുപടി. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സര്‍ക്കാര്‍ കാട്ടിക്കൂട്ടിയ ഒരു കണ്‍കെട്ടുകളി മാത്രമാണ് തുരങ്കപാതയുടെ ലോഞ്ചിംഗ് എന്നാണ് ഉദ്ഘാടനവേളയില്‍ തന്നെ പ്രതിപക്ഷം ആരോപിച്ചിരുന്നത്.
എന്നാല്‍ പദ്ധതിയുടെ പ്രരംഭ പ്രവര്‍ത്തനങ്ങളാണ് തുടങ്ങിയിട്ടുള്ളതെന്നും ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായി ഉടലെടുത്തതാണെന്നും സി.കെ ശശീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."