ഭാര്യയില്‍നിന്ന് ഭര്‍ത്താവിന് ജീവനാംശം: ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: ഭാര്യ ഭര്‍ത്താവിന് ജീവനാംശം നല്‍കണമെന്ന കാസര്‍കോട് കുടുംബകോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഇത്തരം നിര്‍ദേശം ഭര്‍ത്താക്കന്മാരെ മടിയനാക്കുന്നതിനു മാത്രമേ ഉപകരിക്കൂയെന്നും കോടതി വ്യക്തമാക്കി. കാസര്‍കോട് ജില്ലയിലെ നിവ്യയുടെ ഹരജിയിലാണു ഹൈക്കോടതിയുടെ തീരുമാനം.
നിവ്യയുടെയും ശിവപ്രസാദിന്റെയും വിവാഹം 2011 ജനുവരി 31 നാണ് നടന്നത്. ഇതു കാസര്‍കോട് ജില്ലയിലെ എന്‍മകജെയില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. പിന്നീട് ചില പ്രശ്‌നങ്ങളെ തുടര്‍ന്നു വിവാഹ ബന്ധം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോട് കുടുംബക്കോടതിയില്‍ നിവ്യ കേസ് കൊടുത്തു. വിവാഹ ബന്ധം വേര്‍പെടുത്തരുതെന്ന് ചൂണ്ടിക്കാട്ടി ശിവപ്രസാദും കുടുംബക്കോടതിയെ സമീപിച്ചു. നിവ്യയുടെ ഹര്‍ജി തള്ളിയ കുടുംബ കോടതി ശിവപ്രസാദിന്റെ ഹരജി അനുവദിച്ചു. ഭര്‍ത്താവിന്റെ ക്രൂരത ആരോപിച്ച് ഹരജിക്കാരി വീണ്ടും കുടുംബക്കോടതിയിലെത്തി. എന്നാല്‍ ഇതിനെ എതിര്‍ത്ത് ശിവപ്രസാദും കോടതിയിലെത്തി. മാത്രമല്ല, ഭാര്യയില്‍ നിന്ന് ജീവനാംശവും കോടതിച്ചെലവും അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
ഒരു ചിട്ടിക്കമ്പനിയില്‍ ജോലിയുണ്ടായിരുന്ന തനിക്ക് ഭാര്യയെ ഉപദ്രവിച്ചെന്ന വാര്‍ത്തയെത്തുടര്‍ന്ന് ജോലി നഷ്ടമായെന്നും ഭാര്യ നല്‍കിയ ക്രിമിനല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യമെടുക്കുന്നതിനും വന്‍തുക ചെലവായെന്നും ഹരജിയില്‍ ശിവപ്രസാദ് ചൂണ്ടിക്കാട്ടിയിരുന്നു. ഭാര്യയ്ക്ക് മാസം അമ്പതിനായിരം ശമ്പളമായി ലഭിക്കുന്നുണ്ടെന്നും തനിക്ക് ജോലി നഷ്ടമായതിനു പുറമേ അതിരക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് മറ്റു ജോലികള്‍ ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണെന്നും ഹരജിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്നു കുടുംബകോടതി പ്രതിമാസം ആറായിരം രൂപ ഹരജിക്കാരി ശിവപ്രസാദിനു നല്‍കാന്‍ ഉത്തരവിട്ടു. ഇതിനെതിരേയാണു നിവ്യ ഹൈക്കോടതിയിലെത്തിയത്.
തനിക്കുവേണ്ടി ഹൈക്കോടതിയില്‍ സീനിയര്‍ അഭിഭാഷകനെ ഹാജരാക്കാന്‍ വന്‍ തുക ചെലവിട്ട ശിവപ്രസാദിന് ജീവിതച്ചെലവിന് പണം കണ്ടെത്താന്‍ കഴിയുന്നില്ലെന്ന വാദം വിശ്വസിക്കാനാവില്ലെന്നു കോടതി പറഞ്ഞു. ആത്മാര്‍ഥമായി ശ്രമിച്ചിട്ടും മറ്റു ജോലികളൊന്നും ലഭിക്കുന്നില്ലെന്ന് തെളിയിക്കാനും ശിവപ്രസാദിന് കഴിഞ്ഞിട്ടില്ല. കാസര്‍കോട് കുടുംബ കോടതി ഈ വസ്തുതകള്‍ പരിഗണിക്കാതെയാണ് ജീവനാംശം നല്‍കാന്‍ ഉത്തരവിട്ടത്. കോടതികള്‍ ഇത്തരം സമീപനമാണ് സ്വീകരിക്കുന്നതെങ്കില്‍ ഭര്‍ത്താക്കന്മാരുടെ മടിയാണ് പ്രോത്സാഹിപ്പിക്കപ്പെടുകയെന്നും ഹൈക്കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."