'പ്രിയ മോദി സാഹബ്, ഇന്ത്യ- പാക് ചര്‍ച്ച പുനരാരംഭിക്കണം'; മോദിക്ക് ഇമ്രാന്‍ ഖാന്റെ കത്ത്
ന്യൂഡല്‍ഹി: 2015 മുതല്‍ അവതാളത്തിലായ ഇന്ത്യ- പാക് ചര്‍ച്ച പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. 'പ്രിയപ്പെട്ട മോദി സാഹബ്' എന്ന് അഭിസംബോധന ചെയ്താണ് കത്തു തുടങ്ങുന്നത്. ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ചയും അദ്ദേഹം നിര്‍ദേശിക്കുന്നുണ്ട്.
തീവ്രവാദം ചര്‍ച്ചചെയ്യാന്‍ പാകിസ്താന്‍ തയ്യാറാണെന്ന് ഇമ്രാന്‍ ഖാന്‍ കത്തില്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പില്‍ വിജയിച്ച ഉടന്‍ തന്നെ ഇന്ത്യയുമായി സൗഹൃദത്തിലാവുമെന്ന് ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുമായി 'നിര്‍മാണാത്മകമായ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടണ'മെന്ന് സത്യപ്രതിജ്ഞാ ചടങ്ങിലും പറഞ്ഞിരുന്നു.
അതേസമയം, തീവ്രവാദവും ചര്‍ച്ചയും ഒന്നിച്ചുപോവില്ലെന്ന നിലപാടിലാണ് ഇന്ത്യ. ഇമ്രാന്‍ ഖാന്റെ കത്തില്‍ മോദിയോ വിദേശകാര്യ മന്ത്രാലയമോ പ്രതികരിച്ചിട്ടില്ല. അടുത്തയാഴ്ച യു.എന്‍ ജനറല്‍ അസംബ്ലി നടക്കുന്നതിന്റെ ഭാഗമായി ഇരുരാജ്യത്തേയും വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തുമോയെന്നും വ്യക്തമല്ല.
സെപ്റ്റംബര്‍ 14നാണ് കത്തയച്ചത്. ജമ്മു കശ്മീര്‍ തര്‍ക്കടമടക്കം പരിഹരിച്ച് നമ്മള്‍ മുന്നോട്ടുപോകേണ്ടതുണ്ടെന്ന് ഇമ്രാന്‍ ഖാന്‍ കത്തില്‍ പറയുന്നു. പാകിസ്താനും ഇന്ത്യയും തമ്മില്‍ നിഷേധിക്കാനാവാത്ത ബന്ധമുണ്ട്. നമ്മള്‍ അത് ജനങ്ങളിലേക്കും പ്രത്യേകിച്ച് പുതിയ തലമുറയിലേക്കും പകര്‍ന്നുകൊടുക്കണം. പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഇരുവര്‍ക്കും ഗുണമുണ്ടാകുന്ന സാഹചര്യമുണ്ടാക്കണമെന്നും കത്തില്‍ പറയുന്നു.
ഇതിന്റെ ഭാഗമായി വിദേശകാര്യ മന്ത്രിമാരായ മഖ്ദൂം ഷാ മഹ്മൂദ് ഖുറേഷിയും സുഷമാ സ്വരാജും കൂടിക്കാഴ്ച നടത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. യു.എന്‍ ജനറല്‍ അസംബ്ലിക്കിടെ നടക്കുന്ന സാര്‍ക്ക് വിദേശകാര്യ മന്ത്രിമാരുടെ അനൗദ്യോഗിക കൂടിക്കാഴ്ചയില്‍ ഇതു നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
നിങ്ങള്‍ക്ക് പാകിസ്താന്‍ സന്ദര്‍ശിക്കാന്‍ അവസരം നല്‍കാമെന്നും തകര്‍ന്നുപോയ ചര്‍ച്ച പുനരാരംഭിക്കണമെന്നും മോദിക്ക് അയച്ച കത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."