ബംഗാളില്‍ നിന്നോടിച്ച ടാറ്റ നാനോയ്ക്ക് ഇടം കൊടുത്ത മോദിക്ക് തിരിച്ചടി; അഞ്ചു വര്‍ഷത്തിനിടെ ഉല്‍പാദനം 90 ശതമാനം ഇടിഞ്ഞു
അഹമ്മദാബാദ്: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ടാറ്റ നാനോ കാറിന്റെ ഉല്‍പാദനം 90 ശതമാനം ഇടിഞ്ഞതായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി വിധാന്‍ സഭയില്‍ അറിയിച്ചു. എം.എല്‍.എമാരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ഏറ്റവും വിലക്കുറവുള്ള കാര്‍ എന്ന വാഗ്ദാനത്തോടെയാണ് നാനോ തുടങ്ങിയത്. 2011 ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയാണ് ഗുജറാത്തിലെ സാനന്ദില്‍ ഇതിന്റെ ഫാക്ടറി ഉദ്ഘാടനം ചെയ്തത്. വര്‍ഷത്തില്‍ രണ്ടുലക്ഷം കാര്‍ നിര്‍മിക്കുമെന്ന വാദ്ഗാനത്തില്‍ 2000 കോടി രൂപ നിക്ഷേപത്തിലാണ് ഫാക്ടറി തുടങ്ങിയത്.
എന്നാല്‍ 2017-18 വര്‍ഷത്തില്‍ ആകെ നിര്‍മിച്ചത് 1920 കാറുകള്‍ മാത്രമാണെന്ന് വിജയ് രൂപാനി സഭയില്‍ പറഞ്ഞു.
പശ്ചിമബംഗാളിലാണ് ടാറ്റ ആദ്യം പദ്ധതി തുടങ്ങാനുദ്ദേശിച്ചത്. ഇതിനായി അന്നത്തെ സി.പി.എം സര്‍ക്കാര്‍ സിങ്കൂരില്‍ സ്ഥലം ഏറ്റെടുത്തു കൊടുക്കുകയും ചെയ്തു. കര്‍ഷകരുടെ ഏക്കര്‍ കണക്കിനു വരുന്ന ഭൂമി ഒഴിപ്പിച്ചതോടെ വലിയ പ്രതിഷേധം ഉണ്ടായപ്പോള്‍ മോദി ഗുജറാത്തിലേക്ക് ക്ഷണിച്ചു. സാനന്ദില്‍ 1,100 ഏക്കര്‍ സ്ഥലം ഏറ്റെടുത്തു കൊടുക്കുകയും ചെയ്തു.
ആദ്യഘട്ടത്തില്‍ 2.5 ലക്ഷം മുതല്‍ 3.5 ലക്ഷം വരെ കാര്‍ നിര്‍മിക്കാമെന്ന ലക്ഷ്യത്തോടെ 2900 കോടി രൂപയുടെ നിക്ഷേപമാണ് ഉദ്ദേശിച്ചിരുന്നത്. രണ്ടാംഘട്ടത്തില്‍ 1100 കോടി രൂപ കൂടി നിക്ഷേപിച്ച് കാര്‍ നിര്‍മാണം അഞ്ചുലക്ഷമാക്കി ഉയര്‍ത്താനും പദ്ധതിയുണ്ടായിരുന്നു.
എന്നാല്‍ 2018 മാര്‍ച്ച് 31 വരെയുള്ള ആദ്യ ഘട്ടത്തില്‍ ഇതുവരെ 3,854.43 കോടി രൂപ നിക്ഷേപിച്ചു. എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കടുത്ത ഇടിവാണ് ഉല്‍പാദനത്തിലുണ്ടായത്. 2013-14 ല്‍ 21,155 കാറുകള്‍ നിര്‍മിച്ചപ്പോള്‍ 2014-15 ല്‍ 17,489 ആയി കുറഞ്ഞു. 2015-16 വര്‍ഷത്തില്‍ 22,214 കാറുകളായി ഉയര്‍ന്നു. എന്നാല്‍ 2016-17 വര്‍ഷത്തില്‍ 8,305 എന്ന നിലയിലേക്ക് കുത്തനെ ഇടിഞ്ഞു. 2017-18 ല്‍ 1920 കാറുകള്‍ മാത്രമാണ് നിര്‍മിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."