അനര്‍ഹരില്‍ നിന്ന് സര്‍ക്കാര്‍ ബംഗ്ലാവുകള്‍ തിരിച്ചുപിടിക്കും
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ സര്‍ക്കാര്‍ ബംഗ്ലാവുകള്‍ അനര്‍ഹരില്‍ നിന്ന് മൂന്നുദിവസത്തിനുള്ളില്‍ ഒഴിപ്പിക്കുന്ന നിയമം കേന്ദ്രമന്ത്രിസഭാ യോഗം അംഗീകരിച്ചു. കേന്ദ്രമന്ത്രിമാര്‍, എം.പിമാര്‍, സുപ്രിംകോടതി- ഹൈക്കോടതി ജഡ്ജിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ഡല്‍ഹിയില്‍ സര്‍ക്കാര്‍ നല്‍കുന്ന ബംഗ്ലാവുകളാണ് അവരുടെ പദവിയൊഴിഞ്ഞ് മൂന്നാംദിവസം തന്നെ ഒഴിപ്പിക്കാനുള്ള തീരുമാനം യോഗം കൈക്കൊണ്ടത്.
കേന്ദ്ര നഗര വികസന മന്ത്രാലയത്തിനാണ് ഡല്‍ഹിയിലെ ബംഗ്ലാവുകളുടെ ചുമതല. 60,000 വീടുകളാണ് മന്ത്രാലയത്തിനു കീഴില്‍ ഡല്‍ഹിയിലുള്ളത്. മരണം, വിരമിക്കല്‍, സ്ഥലംമാറ്റം തുടങ്ങിയ കാരണങ്ങളാല്‍ വര്‍ഷത്തില്‍ ശരാശരി 8,000 വീടുകളാണ് ഒഴിയുന്നത്. മുന്‍മന്ത്രിമാരടക്കമുള്ളവര്‍ ഡല്‍ഹിയിലെ ല്യൂട്ടന്‍സ് ഏരിയയിലെ ബംഗ്ലാവ് ഒഴിഞ്ഞു കൊടുക്കാതെ കൈവശപ്പെടുത്തി വയ്ക്കുകയും ബന്ധപ്പെട്ടവര്‍ക്ക് നല്‍കാന്‍ വീടില്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവന്നത്.
കാലാവധി അവസാനിച്ചിട്ടും ഒഴിയാത്ത 1500 വീടുകളെങ്കിലും ഡല്‍ഹിയിലുണ്ട്. രണ്ടു വര്‍ഷമായിട്ടും ഒഴിയാന്‍ കൂട്ടാക്കാതെ കോടതിയെ സമീപിച്ചതിനാല്‍ ഇതുമായി ബന്ധപ്പെട്ട് 70 കേസുകള്‍ കോടതിയുടെ പരിഗണനയിലുമാണ്.
ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി വീരഭദ്രസിങ് ആണ് അതിലൊരാള്‍. മൂന്നു വര്‍ഷം നിയമപോരാട്ടം നടത്തിയാണ് കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ ഭൂട്ടാ സിങ് വീടൊഴിഞ്ഞത്.
യു.പി.എ സര്‍ക്കാരില്‍ മന്ത്രിമാരായിരുന്ന അംബികാ സോണി, കുമാരി ഷെല്‍ജ, ആധിര്‍ രഞ്ജന്‍ ചൗധരി തുടങ്ങിയവരും ഇതുവരെ വീടൊഴിഞ്ഞിട്ടില്ല. ആദിര്‍ ചൗധരിയുടെ കേസില്‍ വീടൊഴിയാന്‍ സുപ്രിംകോടതി ആവശ്യപ്പെടുകയും ചെയ്തു.
അംബികാ സോണിയോടും ഷെല്‍ജയോടും വീടൊഴിയാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. മന്ത്രി സഭാ പുനഃസംഘടന വന്ന് ഒരു വര്‍ഷമായിട്ടും പുതിയ സഹമന്ത്രിമാരായി എത്തിയ സുഭാഷ് രാമറാവു ബാംറെ, കൃഷ്ണരാജ്, രാംദാസ് അത്താവാലെ, മഹേന്ദ്രനാഥ് പാണ്ഡെ, അജയ് താംത തുടങ്ങിയവര്‍ക്ക് വീട് ലഭിച്ചിട്ടില്ല. സ്ഥാനം ഒഴിഞ്ഞിട്ടും വീടൊഴിയാത്ത മുന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറെപ്പോലുള്ളവരും ബംഗ്ലാവ് കൈയടക്കി വച്ചിട്ടുണ്ട്.
ഇതുവരെയുണ്ടായിരുന്ന ചട്ട പ്രകാരം വീടൊഴിയാന്‍ ഒരാഴ്ച മുതല്‍ 11 ആഴ്ചവരെയാണ് സമയം. ഈ സമയത്തിനുള്ളില്‍ പുതിയ മന്ത്രിമാര്‍ അധികാരമേല്‍ക്കുമെങ്കിലും അവര്‍ക്ക് വീടു ലഭിക്കാറില്ല. 1971ലെ നിയമം ഭേദഗതി ചെയ്താണ് കഴിഞ്ഞദിവസം കേന്ദ്രമന്ത്രിസഭ പുതിയ നിയമം കൊണ്ടുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."