നിതാഖാത്: സ്വദേശി അനുപാതം കുത്തനെ ഉയര്‍ത്തി
റിയാദ്: സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ നല്‍കാനായി സഊദി തൊഴില്‍ സാമൂഹിക വകുപ്പു മന്ത്രാലയം നടപ്പാക്കുന്ന നിതാഖാത് അനുപാതം ചില മേഖലകളില്‍ കുത്തനെ ഉയര്‍ത്തി. നേരത്തെ പ്രഖ്യാപിച്ച മേഖലകളിലാണ് ഇപ്പോള്‍ അനുപാതം ഉയര്‍ത്തിയത്. കൂടാതെ എന്‍ജിനീയറിങ്, വ്യവസായ മേഖലാ സ്ഥാപനങ്ങളില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കുന്നതിനായി സെപ്റ്റംബര്‍ മുതല്‍ അനുപാതം ഉയര്‍ത്തുമെന്നും തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ വെളിപ്പെടുത്തി.
ഇടത്തരം പച്ച വിഭാഗത്തില്പെടുന്നതിനുള്ള സ്വദേശി അനുപാതമാണ് ഉയര്‍ത്തിയത്. നഴ്സറി സ്കൂളുകള്‍ നടപ്പാക്കേണ്ടണ്ട സഊദിവല്‍ക്കരണം 46 ശതമാനത്തില്‍നിന്ന് 85 ശതമാനമായും നിര്‍മാണ മേഖലയിലെ ചെറുകിട സ്ഥാപനങ്ങള്‍ 16 ശതമാനമായും ജ്വല്ലറി മേഖലയിലെ ചെറുകിട സ്ഥാപനങ്ങള്‍ 28ല്‍നിന്ന് 33 ശതമാനമായും ഫാര്‍മസികള്‍ 19 ശതമാനവും ഉയര്‍ത്തണം. ബസ് കമ്പനികള്‍ പത്തില്‍നിന്ന് പതിനഞ്ചായും വ്യോമ-ഗതാഗത മേഖലയിലെ സ്ഥാപനങ്ങള്‍ 33ല്‍നിന്ന് 38 ശതമാനമായും ടെലികോം കമ്പനികള്‍ 33ല്‍നിന്ന് 45 ശതമാനമായും സഊദിവല്‍ക്കരണത്തിന്റെ തോത് വര്‍ധിപ്പിക്കണം. സര്‍ക്കാര്‍ വകുപ്പുകളില്‍നിന്ന് നടപടികള്‍ പൂര്‍ത്തിയാക്കി നല്കുന്ന തഅ്ഖീബ് ഓഫിസുകള്‍ക്ക് 50ല്‍നിന്ന് 69 ശതമാനമായും ആരോഗ്യ സേവന സ്ഥാപനങ്ങള്‍ക്ക് 19 ശതമാനത്തില്‍നിന്ന് 28 ശതമാനമായും വര്‍ധിപ്പിച്ചിട്ടുണ്ട്. പ്ലാറ്റിനം വിഭാഗത്തില്പെടുന്നതിന് മുഴുവന്‍ സ്ഥാപനങ്ങളും നൂറു ശതമാനം സഊദിവല്‍ക്കരണം നടപ്പാക്കണം.
കൂടാതെ ആഭരണ നിര്‍മാണം, ഹജ്ജ്-ഉംറ ഗതാഗതം, ഡയറി ഫാക്ടറികള്‍, അലക്കുകടകള്‍, ക്രഷെകള്‍, വികലാംഗ പരിചരണ കേന്ദ്രങ്ങള്‍, ലേഡീസ് ഉല്പന്നങ്ങള്, സ്ട്രാറ്റജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, ഹെല്‍ത്ത് കോളജുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, ലേഡീസ് ടൈലറിങ് കേന്ദ്രങ്ങള്‍, ക്ലീനിങ്-കാറ്ററിങ് കരാറുകള്‍, സര്‍വകലാശാലാ-കോളജുകള്‍, മൊബൈല്‍ ഫോണ്‍ വില്പന-അറ്റകുറ്റപ്പണി സ്ഥാപനങ്ങള്‍, കെമിക്കല്‍-ധാതു വ്യവസായം, ഭക്ഷ്യവസ്തു-പ്ലാസ്റ്റിക് നിര്‍മാണം തുടങ്ങി 15 മേഖലകളും നിതാഖാതില്‍ നേരിട്ട് ഉള്‍പ്പെടുത്തി. നേരത്തെ ഇവ മറ്റു മേഖലകള്‍ക്കു കീഴിലാണ് ഉള്‍പ്പെട്ടിരുന്നത്. പുതിയ പരിഷ്കരണം സെപ്റ്റംബര്‍ മൂന്നുമുതല്‍ നിലവില്‍വരും.
എന്‍ജിനീയറിങ് മേഖലയില്‍ 35 ശതമാനവും വ്യവസായ മേഖലയില്‍ 42 ശതമാനവുമായാണ് സഊദിവല്‍ക്കരണം ഉയര്‍ത്തുക. സ്വകാര്യ മേഖലയില്‍ സഊദി എന്‍ജിനീയര്‍മാര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിന് വിവിധ പദ്ധതികള്‍ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം നടപ്പാക്കിവരികയാണെന്നും നിലവില്‍ 1,500 സഊദി എന്‍ജിനീയര്‍മാര്‍ തൊഴില്‍രഹിതരാണെന്നും ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു. 2020ഓടെ സ്വകാര്യ മേഖലയിലെ സഊദി ജീവനക്കാരുടെ എണ്ണം 30 ലക്ഷമായി ഉയര്‍ത്തുന്നതു ലക്ഷ്യമിട്ടാണ് സഊദിവല്‍ക്കരണ അനുപാതത്തില്‍ ഭേദഗതികള്‍ വരുത്തിയത്. പുതിയ ഭേദഗതികള്‍ 65 ശതമാനം സ്വകാര്യ സ്ഥാപനങ്ങളെയും ബാധിക്കില്ലെന്നാണു നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."