ഏറ്റുമുട്ടല്‍ ചിത്രീകരിക്കാന്‍ മാധ്യമങ്ങളെ അനുവദിച്ച് രണ്ട് കുറ്റവാളികളെ യു.പി പൊലിസ് വധിച്ചു
ലഖ്നൗ: ഏറ്റുമുട്ടല്‍ ചിത്രീകരിക്കാന്‍ മാധ്യമപ്രവര്‍ത്തകരെ ക്ഷണിച്ച് അവര്‍ക്കു മുന്നില്‍ രണ്ട് കുറ്റവാളികളെ യു.പി പൊലിസ് വധിച്ചു. മുസ്തഖീം, നൗഷാദ് എന്നിവരെയാണ് വധിച്ചതെന്ന് പൊലിസ് പറഞ്ഞു. പൊലിസ് വെടിവയ്ക്കുന്ന വിഡിയോ ചിത്രീകരിക്കാന്‍ മാധ്യമപ്രവര്‍ത്തകരെ അനുവദിച്ചിരുന്നു.
ഒരു മാസത്തിനിടെയുള്ള ആറോളം കൊലപാതകങ്ങളില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നാണ് പൊലിസിന്റെ വാദം. പ്രതികളായ മറ്റ് അഞ്ച് പേരെയും കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
ഇന്നലെ രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. ബൈക്കില്‍ സഞ്ചരിച്ച ഇരുവരോടും വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഇതിനു വിസമ്മതിച്ച് ഇവര്‍ വെടിവയ്ക്കുകയായിരുന്നുവെന്ന് അലിഗ്ര പൊലിസ് തലവന്‍ അജയ് ഷാനി പറഞ്ഞു. ഒടുവില്‍ ആളൊഴിഞ്ഞ കെട്ടിടത്തില്‍ ഒളിച്ചിരുന്ന ഇവരെ വധിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് അധികാരമേറ്റത് മുതല്‍ ഏറ്റുമുട്ടലില്‍ 66 പേരെ പൊലിസ് കൊലപ്പെടുത്തിയിരുന്നു. ആയിരത്തില്‍ കൂടുതല്‍ ഏറ്റുമുട്ടലുകളാണ് നടന്നത്. നൂറ് കണക്കിന് പേരെ അറസ്റ്റ് ചെയ്തിരുന്നു, എന്നാല്‍ ക്രിമിനലുകളെ അറസ്റ്റ് ചെയ്യാതെ കൊലപ്പെടുത്തുന്നതിനെതിരേ നിരവധി മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. കൂടാതെ വ്യാജ ഏറ്റുമുട്ടലുകളാണ് നടക്കുന്നതെന്നും നിരവധി നിരപരാധികളെ കൊലപ്പെടുത്തുന്നുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."