പാകിസ്താനെതിരേ നടപടിയാവശ്യപ്പെട്ട് ഇന്ത്യ
ന്യൂഡല്‍ഹി: ഭീകരര്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നത് തടയണമെന്ന് പാകിസ്താനോട് ഇന്ത്യ. ഭീകരര്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയാനായി പ്രവര്‍ത്തിക്കുന്ന ആഗോള ഏജന്‍സിയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ്(എഫ്.എ.ടി.എഫ്) നിര്‍ദേശങ്ങള്‍ സമയബന്ധിതമായി സെപ്റ്റംബറിന് മുന്‍പ് പൂര്‍ത്തിയാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
ഭീകരര്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയണമെന്നും ഇക്കാര്യത്തില്‍ കൃത്യമായ നടപടികള്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടാന്‍ തയാറാകണമെന്നും എഫ്.എ.ടി.എഫ് പാകിസ്താന് അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ നിര്‍ദേശത്തെ സ്വാഗതം ചെയ്ത ഇന്ത്യ, പാകിസ്താന്‍ ശക്തമായതും സുതാര്യമായതുമായ നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശിച്ചു. വിദേശകാര്യ വക്താവ് രവീഷ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എഫ്.എ.ടി.എഫ് നല്‍കിയ നിര്‍ദേശം പൂര്‍ത്തീകരിക്കാതിരുന്നാല്‍ അത് പരാജയമായിട്ടാണ് വിലയിരുത്തപ്പെടുക. ഇക്കാര്യം അന്താരാഷ്ട്ര സഹകരണ റിവ്യൂ ഗ്രൂപ്പ് നിരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം സെപ്റ്റംബറിനുള്ളില്‍ എഫ്.എ.ടി.എഫിന്റെ നിര്‍ദേശം പാകിസ്താന്‍ പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷയെന്ന് രവീഷ് കുമാര്‍ പറഞ്ഞു. എഫ്.എ.ടി.എഫിനോടുള്ള രാഷ്ട്രീയ പ്രതിബദ്ധത, ഭീകരവാദവുമായി ബന്ധപ്പെട്ട ആഗോള ആശങ്കകള്‍ പരിഹരിക്കുന്നതിന് വിശ്വസനീയവും പരിശോധിക്കാവുന്നതും എന്നാല്‍ മാറ്റാന്‍ കഴിയാത്തതും സുസ്ഥിരവുമായ നടപടികള്‍ കൈക്കൊള്ളുകയെന്നതാണ് പാകിസ്താന്‍ ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭീകരവാദ ധനസഹായം സംബന്ധിച്ച കര്‍മപദ്ധതി പൂര്‍ത്തിയാക്കുന്നതില്‍ പരാജയപ്പെട്ടതായി വെള്ളിയാഴ്ച എഫ്.എ.ടി.എഫ് പാകിസ്താന് മുന്നറിയിപ്പ് നല്‍കി. ഒക്ടോബറോടെ ഇസ്‌ലാമാബാദിന്റെ പ്രതിജ്ഞാബദ്ധത പാലിക്കാനോ നടപടിയെ അഭിമുഖീകരിക്കാനോ എഫ്.എ.ടി.എഫ് കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പാകിസ്താന്‍ നടപടി സ്വീകരിച്ചിട്ടില്ലെങ്കില്‍ ആ രാജ്യത്തെ കരിമ്പട്ടികയില്‍ പെടുത്തുന്നതുള്‍പ്പെടെയുള്ള നടപടിയുണ്ടായേക്കും.
ആഗോള ഭീകരതക്കെതിരേയും ഭീകരര്‍ക്ക് അനധികൃത ഫണ്ട് ലഭിക്കുന്നത് തടയുന്നതിനുമായാണ് പാരിസ് ആസ്ഥാനമായിട്ടുള്ള എഫ്.എ.ടി.എഫ് പ്രവര്‍ത്തിക്കുന്നത്. ആഗോള ഭീകരത തടയുന്നതില്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം ജൂണില്‍ പാകിസ്താനെ ഗ്രേ ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയില്‍ പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."