ട്രംപ് ഭരണകൂടത്തിന് വീണ്ടും തിരിച്ചടി
വാഷിങ്ടണ്‍: അമേരിക്കയില്‍ ട്രംപ് ഭരണകൂടത്തിന് വീണ്ടും തിരിച്ചടി. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ അന്വേഷിക്കാന്‍ മുന്‍ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍(എഫ്.ബി.ഐ) മേധാവി റോബര്‍ട്ട് മ്യൂളറെ നിയമിച്ചു. ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി റഷ്യക്ക് ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്ന പ്രത്യേക സമിതിയുടെ മേധാവിയായാണ് ജോര്‍ജ് ഡബ്ല്യു. ബുഷ്-ഒബാമാ സര്‍ക്കാരുകളിലായി 12 വര്‍ഷം എഫ്.ബി.ഐ ഡയരക്ടറായിരുന്ന മ്യൂളറെ ഡെപ്യൂട്ടി അറ്റോണി ജനറല്‍(ഡി.എ.ജി) തിരഞ്ഞെടുത്തത്.
ഡി.എ.ജി റോഡ് റോസസ്റ്റൈന്‍ ആണ് മ്യൂളറെ നിയമിച്ച ഉത്തരവില്‍ ഒപ്പുവച്ചത്. പുറത്തുനിന്നുള്ള ഒരാള്‍ കേസ് അന്വേഷിക്കണമെന്ന പൊതുവികാരം മാനിച്ചാണ് മ്യൂളറെ അന്വേഷണ സമിതിയുടെ തലവനായി തിരഞ്ഞെടുത്തതെന്ന് റോസസ്റ്റൈന്‍ വ്യക്തമാക്കി. പുതിയ നിയമന ഉത്തരവ് പ്രസിഡന്റ് ട്രംപിനെയൊഴികെ വൈറ്റ് ഹൗസ് വൃത്തങ്ങളെയൊന്നും അറിയിച്ചിരുന്നില്ല. ചുമതല ഏറ്റെടുക്കുന്നതായും കഴിവിന്റെ പരമാവധി ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ ശ്രമിക്കുമെന്നും 72കാരനായ റോബര്‍ട്ട് മ്യൂളര്‍ പ്രതികരിച്ചു. പുതിയ ദൗത്യം ഏറ്റെടുക്കാനായി സ്വകാര്യ കമ്പനിയിലെ ജോലി അദ്ദേഹം രാജിവയ്ക്കും.
അമേരിക്കന്‍ ചരിത്രത്തില്‍ ഒരു രാഷ്ട്രീയ നേതാവ് നേരിടുന്ന ഏറ്റവും വലിയ വേട്ടയാണ് ഇതെന്ന് ട്രംപ് ട്വിറ്ററിലൂടെ പ്രതികരിച്ചു. എന്തുകൊണ്ടാണ് മുന്‍ പ്രസിഡന്റ് ബരാക് ഒബാമയെയും തന്റെ എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന ഹിലരി ക്ലിന്റനെയും അന്വേഷണത്തിനു വിധേയമാക്കാത്തതെന്നും ട്രംപ് ചോദിച്ചു.
ഒബാമയുടെയും ഹിലരിയുടെയും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നടന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക അഭിഭാഷകനെ നിര്‍ത്താത്തത് ഇരട്ടത്താപ്പാണ്-ട്രംപ് കുറ്റപ്പെടുത്തി. അതേസമയം, റോബര്‍ മ്യൂളറുടെ നിയമനത്തോട് ഭൂരിഭാഗം ഡെമോക്രാറ്റിക്-റിപബ്ലിക്കന്‍ രാഷ്ട്രീയ നേതാക്കളും അനുകൂലമായാണ് പ്രതികരിച്ചത്. ഡി.എ.ജിയുടെ നടപടിയെ ഇരുകക്ഷികളുടെയും സെനറ്റ് പ്രതിനിധികള്‍ പ്രശംസിച്ചു.
എഫ്.ബി.ഐ ഡയരക്ടര്‍ സ്ഥാനത്തുനിന്ന് ജെയിംസ് കോമിയെ ട്രംപ് പുറത്താക്കിയതിനു പിറകെ റഷ്യ-ട്രംപ് ബന്ധം അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ ഏല്‍പിക്കണമെന്ന ആവശ്യം അമേരിക്കയില്‍ ശക്തമായിരുന്നു. യു.എസ് കോണ്‍ഗ്രസും എഫ്.ബി.ഐയും സംയുക്തമായാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്. ഇതിന്റെ ചുമതലയാണ് ഇനി മ്യൂളര്‍ ഏറ്റെടുക്കുക.
ഹിലരി ക്ലിന്റന്റെ തെരഞ്ഞെടുപ്പ് കാംപയിന്‍ രേഖകളും ഡെമോക്രാറ്റിക് പാര്‍ട്ടി ഇ-മെയിലുകളും ചോര്‍ത്തിയ സംഭവത്തില്‍ റഷ്യക്ക് പങ്കെുണ്ടെന്നും തെരഞ്ഞെടുപ്പ് ഫലം ട്രംപിന് അനുകൂലമാക്കാന്‍ റഷ്യന്‍ ഇടപെടലുണ്ടായിട്ടുണ്ടെന്നും നേരത്തെ യു.എസ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."